എ.എഫ്.ഷാഹിന
ജീവിതം എപ്പോഴും ഒരു പരക്കം പാച്ചിലാണ്. അതിനിടയിലെത്തുന്ന ആഘോഷങ്ങളും ഉൽസവങ്ങളും ഈ പരക്കം പാച്ചിലിന്റെ കിതപ്പിന് ശമനമുണ്ടാക്കും. റംസാൻ നോന്പ് കഴിഞ്ഞെത്തുന്ന ചെറിയ പെരുന്നാൾ, പരിശുദ്ധ ഹജ്ജിന് ശേഷമുളള വലിയ പെരുന്നാൾ തുടങ്ങിയവ ആഘോഷങ്ങൾക്കപ്പുറം വിശ്വാസങ്ങൾക്ക് കളങ്കമില്ലാതെ ആഘോഷിക്കാനും ഉൾക്കൊളളാനുമാണ് ഇക്കാലമത്രയും ശ്രമിച്ചിട്ടുളളത്.
പെരുന്നാളിന് രാവിലെ കുളിച്ചൊരുങ്ങി പളളിയിൽ പോവും. കുട്ടികളോടൊത്ത് ഭക്ഷണം കഴിച്ച് കൂട്ടുകാരോടൊത്ത് സൗഹൃദം പുതുക്കി കുടംബങ്ങളുമായി ബന്ധം വിളക്കിച്ചേർത്തുളള ആഘോഷത്തിനാണ് എനിക്ക് എന്നും ഇഷ്ടം. പരിധി വിട്ട ആഘോഷത്തിന് ഞാനെതിരാണ്. എണ്ണതേച്ചുളള കുളി, പുത്തൻമണക്കുന്ന പെരുന്നാൾ കുപ്പായം, പെരുന്നാൾ പളളി, പെരുന്നാൾ ചോറ് ഇതൊക്കെയാണ് കുട്ടിക്കാലത്തെ പെരുന്നാൾ കാഴ്ച. വറുതിയുടെ കാലമായിരുന്നു കുട്ടിക്കാലം. നന്നായി വിശപ്പ് മാറി ചോറ് തിന്നുന്നത് തന്നെ പലപ്പോഴും പെരുന്നാളിനാണ്.
ചെറിയ പെരുന്നാളിന് വാങ്ങിയ പുത്തൻ കുപ്പായം തന്നെയാണ് വലിയ പെരുന്നാൾക്കും ഉണ്ടാവുക. ചെറിയ പെരുന്നാൾ കഴിഞ്ഞാൽ പെരുന്നാൾ കോടി കുപ്പായം മടക്കി പെട്ടിയിൽ വെക്കും. പിന്നീട് ബലിപ്പെരുന്നാൾക്കും ഇത് വീണ്ടു പെരുന്നാൾ കോടിയായി ധരിച്ചാണ് പുറത്തിറങ്ങുക. ഇന്ന് മണിക്കൂറിന് കുപ്പായം മാറ്റുന്ന പുതുതലമുറക്ക് ഇതൊക്കെ പറഞ്ഞാൽ അതിശയമായിരിക്കും.
അമേരിക്കയിൽ മമ്മൂട്ടിയോടൊപ്പമുളള പെരുന്നാൾ ജീവിതത്തിൽ മറക്കാനാവില്ല. മമ്മൂട്ടിയോടൊപ്പം ഒരു പ്രോഗ്രാമിന് അമേരിക്കയിലെത്തിയതായിരുന്നു. കൊച്ചിൻ ഹനീഫ, കൊച്ചിൻ ഇബ്രാഹീം തുടങ്ങിയവരടക്കം നിരവധി പേരുണ്ട്. ദീർഘ ദൂര യാത്ര കഴിഞ്ഞെത്തിയതിനാൽ ഞങ്ങളെല്ലാം നല്ല ഉറക്കത്തിലായിരുന്നു. പെരുന്നാൾ ദിനത്തിലെ തലേന്ന് രാത്രിയാണ് ഞങ്ങളവിടെ എത്തുന്നത്. അമേരിക്കയിൽ ഈദ് ഗാഹ്, പളളി തുടങ്ങിയവയൊക്കെ തിരയാനുളള സമയവുമല്ല. എന്നാൽ പുലർച്ചെ മമ്മൂട്ടി ഞങ്ങളെ വിളിച്ചുണർത്തി എഴുന്നേൽപ്പിച്ചു. പെരുന്നാൾ നിസ്കാരത്തിന് ഞങ്ങളെ കൊണ്ടുപോയി.
അമേരിക്കയിൽ ഈദ് ഗാഹും പളളിയും എവിടെയുണ്ടെന്ന് അദ്ദേഹം ഇതിനകം മനസിലാക്കിയിരുന്നു. വിശ്വാസ കർമങ്ങളിൽ ഒരു മുടക്കവും വരുത്താത്തയാളാണ് അദ്ദേഹം. പെരുന്നാളിന് സിനിമകളിൽ നിന്ന് അവധിയെടുത്ത് വീട്ടിലെത്താനാണ് ശ്രമിക്കാറ്. വീട്ടിലെത്തിയാൽ കോഴിക്കോട്ടെ സൗഹൃദങ്ങളിൽ ആരെങ്കിലുമൊക്കെ പെരുന്നാളിന് വീട്ടിലുണ്ടാകും.
കൂടെയുള്ളവർ വിട്ടുപോകുന്പോഴുള്ള വേദന വലുതാണ്. നോന്പ്കാലത്ത് പലപ്പോഴും മറഞ്ഞു പോയ പലരും മനസ്സിലേക്ക് കടന്നു വരും. ഒരു നോന്പ് കാലത്താണ് അനശ്വര കലാകാരനായ ജോണ് എബ്രഹാം വിട്ടു പിരിഞ്ഞത്. ജോണും കൂട്ടുകാരും ഒരു ലോഡ്ജ് മുറിയിൽ ഇരുന്നുകൊണ്ടു എന്നോട് വിളിച്ചു പറഞ്ഞു നോന്പിന്റെ പലഹാരങ്ങൾ വീട്ടിൽ നിന്ന് കൊണ്ട് വരാൻ.
ഞാൻ ഭാര്യയുണ്ടാക്കിയ പലഹാരങ്ങൾ പ്രത്യേകമായി പൊതിഞ്ഞ് വൈകീട്ട് ജോണും കൂട്ടുകാരുമിരിക്കുന്ന ലോഡ്ജിലേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് ഒരു ആൾക്കൂട്ടത്തെ കണ്ടത്. അന്വേഷിച്ചപ്പോഴാണ് ജോണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽ തെന്നി വീണ് മരിച്ചതായി അറിയുന്നത്.
അത് വല്ലാത്തൊരു വേദനയായിരുന്നു. ഞാൻ കൊണ്ടു പോയ പലഹാരങ്ങൾ തിരിച്ചു പോരുന്പോൾ കല്ലായി പുഴയിലേക്ക് എറിയുകയായിരുന്നു. സിനിമയിൽ എന്നും ന·കൾ പറഞ്ഞു തന്ന ബഹദൂർക്കയും എന്നെ സിനിമക്ക് പരിചയപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീറും, പരിചക്കാരായ കുഞ്ഞാണ്ടിയും, പപ്പുവേട്ടനും അങ്ങനെ ഒരുപാട് പേർ ഇന്നില്ല. അവരുടെയൊക്കെ ഓർമകളിലൂടെയാണ് ഓരോ നോന്പും പെരുന്നാളും കടന്നുപോകുന്നത്.