കുന്നംകുളം: ആലത്തൂർ മണ്ഡലത്തിൽ ആരോഗ്യമേഖലയുടെ സമഗ്ര വളർച്ചക്കാണ് മുൻതൂക്കം നൽകുന്നതെന്ന് രമ്യ ഹരിദാസ് എംപി. കുന്നംകുളത്ത് പത്രപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് സാഹചര്യത്തിൽ രണ്ടര കോടി മാത്രമാണ് എംപി ഫണ്ടായി കേന്ദ്രസർക്കാർ അനുവദിക്കുന്നത്. ഇത് മണ്ഡലത്തിലെ അത്യാവശ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുകയാണ്.
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഒരു ഓക്സിജൻ ഐസിയു നിർമാണം പൂർത്തീകരിച്ചു. വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് എംപി ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് റോഡ് നിർമാണങ്ങൾ നടക്കുന്നത്.
പദ്ധതി വിനിയോഗിക്കുന്നതിൽ ഈ വർഷം ആരോഗ്യമേഖലയ്ക്ക് തന്നെയാണ് മുൻതൂക്കം കൊടുക്കുന്നതെന്നും എംപി പറഞ്ഞു.
മണ്ഡലത്തിൽ എംപിയുടെ ഫണ്ട് ചെലവഴിച്ചില്ലെന്ന മന്ത്രി എ.സി. മൊയ്തീന്റെ വാദം ശരിയല്ല. ഇത് രാഷ്ട്രീയ വിമർശനം മാത്രമായി കാണുകയാണ്.
കുന്നംകുളം മണ്ഡലത്തിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതികൾ വികസന പദ്ധതികളൊരുക്കാൻ ഇതുവരെ തന്നെ സമീപിച്ചില്ലെന്നും രമ്യ ഹരിദാസ് ആരോപിച്ചു. വികസനകാര്യത്തിൽ രാഷ്ട്രീയം കലർത്താതെ സഹായിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് എംപി പറഞ്ഞു.
കാട്ടകാന്പാൽ പഞ്ചായത്തിലെ പഴഞ്ഞി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതിയതായി ഒരു ഡയാലിസിസ് യൂണിറ്റ് നിർമിക്കാൻ എംപി ഫണ്ട് അനുവദിച്ചെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഇതിന് തടസം ഉന്നയിക്കുകയാണ്.
കുന്നംകുളം നഗരസഭയുടെ പല പരിപാടികളിൽ നിന്നും മനപൂർവം ഒഴിവാക്കുന്ന നിലപാടാണ് കുന്നംകുളം നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സ്വീകരിക്കുന്നതെന്നും എംപി ആരോപിച്ചു.
ജില്ലാ കോണ്ഗ്രസ് സെക്രട്ടറിമാരായ കെ.സി. ബാബു, സി.ഐ. ഇട്ടിമാത്തു, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ. ജയശങ്കർ, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ബിജു സി. ബേബി എന്നിവർ എംപിക്കൊപ്പമുണ്ടായിരുന്നു.