കാഞ്ഞങ്ങാട്: പുല്ലൂര്‍ ഉദയനഗറിലെ ഷുക്കൂറിന്റെ ഭാര്യ റംസീന (25) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍.
ഭര്‍ത്താവ് ഷുക്കൂര്‍, പിതാവ് അബ്ദുല്‍ റഹ്മാന് എന്നിവരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി. വിനോദിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തെളിവുകള്‍ ശേഖരിച്ചത്.
കഴിഞ്ഞ സെപറ്റംബര്‍ 16 ന് വൈകീട്ട് 5.30 മണിയോടെയാണ് കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സ്വദേശിനിയായ റംസീനയെ ഭര്‍തൃവീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസികള്‍ പറഞ്ഞാണ് മരണവിവരം തങ്ങള്‍ സംഭവം അറിയുന്നതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണെന്ന് ചൂണ്ടിക്കാട്ടി റംസീനയുടെ മാതാവ് റസിയ ആദ്യം അമ്പലത്തറ പോലീസിലും പിന്നീട് ഡിവൈഎസ്പിക്കും പരാതി നല്‍കുകയായിരുന്നു.
സ്ത്രീധന പീഡനത്തിന് പുറമെ ശാരീരിക പീഡനവും യുവതിക്ക് നേരെ ഉണ്ടായി എന്നാണ് ആരോപണം. മരണത്തിന് മുമ്പ് യുവതി ഫോണില്‍ വിളിച്ച് ഈ കാര്യങ്ങള്‍ പറഞ്ഞിരുന്നതായും കുടുംബം പറയുന്നു.