വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ്ക്കും അന്യമായിക്കൊണ്ടിരിക്കുമ്പോഴും തളിപ്പറമ്പ് പട്ടുവം കാവുങ്കലിലെ വയലുകളില്‍ നിന്നും ഗൃഹാതുരത്വമുണര്‍ത്തി നാട്ടിപ്പാട്ടുകളുയരുന്നു. കോരിച്ചൊരിയുന്ന മഴയിലും ഞാറ്റി നടുന്നതിനിടയില്‍ നാടന്‍പാട്ട് കലാകാരനായ റംഷി പട്ടുവവും മാതാവ് എം.പി. ഫാത്തിമയും നാട്ടിപ്പാട്ട് പാടുമ്പോള്‍ അത് കാര്‍ഷിക സമൃദ്ധി ലക്ഷ്യമാക്കിയിരുന്ന നാടിന്റെ ഗതകാല സ്മരണകളുടെ അലയൊലികളായി മാറുകയാണ്.
പാടത്തെത്തിയാല്‍ തിരിച്ചുപോകുന്നതുവരെ ജീവിതപ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിക്കാനോ ചിന്തിക്കാനോ നേരം ലഭിക്കാതെ ഒരുമയുടെ സന്തോഷത്തില്‍ കഴിയാനിടയാക്കിയിരുന്നതും ഇത്തരം വയലേലകളുടെ പാട്ടുകളാണ്.
കാലം മാറിയപ്പോള്‍ കൃഷിയിറക്കാന്‍ അതിഥി തൊഴിലാളികളെത്തി. ഇതോടെ നാട്ടിപ്പാട്ടുകള്‍ കേള്‍ക്കാന്‍പോലും ഭാഗ്യമില്ലാത്തവരായി മാറി പുതുതലമുറ. ഇവിടെയാണ് ഈ അമ്മയും മകനും വ്യത്യസ്തമാകുന്നത്. ഈ വയലിലെ വിയര്‍പ്പിലും ഇവിടെ നിന്നുയര്‍ന്ന നാട്ടിപ്പാട്ടിലും നിന്നാണ് റംഷി പട്ടുവമെന്ന നാടന്പാട്ടുകാരന്റെ ജീവിതയാത്ര ആരംഭിക്കുന്നത്.
നാടന്‍ പാട്ടുകാരനിലേക്കുള്ള വളര്‍ച്ച
കാവുങ്കലിലെ ടി.അസൈനാറിന്റയും എം.പി.ഫാത്തിമയുടെയും മകനായ റംഷി വിദ്യാഭ്യാസത്തോടൊപ്പം തന്നെ രക്ഷിതാക്കളുടെ കൂടെ കൃഷിപ്പണിയും ചെയ്യുമായിരുന്നു. വയലിലെ കൃഷിപ്പണിക്കിടയില്‍ ഉമ്മയും കൂട്ടുകാരും പാടുന്ന വടക്കന്‍പാട്ടുകളും നാട്ടിപ്പാട്ടുകളും കേട്ടാണ് റംഷിക്ക് നാടന്‍ പാട്ടിനോട് കമ്പം തോന്നിയത്.
റംഷിയുടെ ആദ്യഗുരുവും മാതാവുതന്നെ. പിന്നീട് കൃഷിപ്പണി കഴിഞ്ഞാല്‍ നാടന്‍ പാട്ടുസമിതികളിലൂടെ പാട്ടുകള്‍ പഠിക്കാനും വേദികളില്‍ പാടാനും തുടങ്ങി. പുരാതന ആചാരങ്ങളും അനുഷ്ഠാനങ്ങളും ആസ്പദമാക്കിയുള്ള നാടന്‍ പാട്ടുകളുടെ ഉപാസകനായി ഒരു മുസ്ലിം കുടുംബത്തില്‍നിന്നുള്ള വളര്‍ച്ചക്കിടയില്‍ പ്രതിസന്ധികളും പ്രതിബന്ധങ്ങളും വേണ്ടുവോളമുണ്ടായി. ഇതിനെയൊക്കെ തരണം ചെയ്യാന്‍ കഴിഞ്ഞത് മാപ്പിളപാട്ടുകള്ക്കൊപ്പം നാടന്‍പാട്ടുകളും വഴങ്ങുമായിരുന്ന മാതാവിന്റെ പിന്തുണ കൊണ്ടായിരുന്നു.
നാടന്‍പാട്ട് രംഗത്തെ പരിശീലകനായും ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇയാള്‍ റംഷി പട്ടുവം എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയത്. കേരളോത്സവം, വിദ്യാരംഗം കലാ സാഹിത്യോത്സവം, സ്കൂള്‍ കലോത്സവം, യൂണിവേഴ്സിറ്റി കലോത്സവങ്ങള്‍, ഇന്റര്‍പോളി കലോത്സവം, ആരോഗ്യ സര്‍വകലാശാലാ കലോത്സവം തുടങ്ങിയ മത്സരങ്ങളിലൊക്കെയും നാടന്‍പാട്ട് ജീവവായു ആക്കി മാറ്റിയ ഈ യുവാവിന്റെ ശിഷ്യര്‍ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിലും ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ വേദിയിലെത്തിയ കല്യാശേരി ആംസ്റ്റക്ക് കോളജ് ടീമിനായിരുന്നു നാടന്‍പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം.
നാടന്‍പാട്ട് പ്രണയത്തിന് അംഗീകാരമായി പുരസ്കാരങ്ങള്‍
പലയിടങ്ങളിലേയും നാടന്‍പാട്ട് കലാകാരന്മാരെ കണ്ടെത്തി ആയിരത്തില്‍പരം തനത് പാട്ടുകള്‍ ശേഖരിക്കുകയും പുതുതലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന മണ്ണിന്റെ മണമുള്ള ഈ കലാകാരന് 2014ല്‍ കേരള നാടന്‍ കലാ അക്കാദമി യുവപ്രതിഭ പുരസ്കാരവും 2018ല്‍ കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ്, 2023ല്‍ പാട്ടുകൂട്ടം മണിമുഴക്കം അവാര്‍ഡ്, നാടന്‍ കലാരംഗത്തെ സമഗ്ര സംഭാവനക്ക് 2024 ലെ കലാഭവന്‍ മണി ഫൗണ്ടേഷന് മണിരത്ന പുരസ്കാരം എന്നിവയും കരസ്ഥമാക്കി.
പ്രളയാനന്തരം വിദ്യാര്‍ഥികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പും യൂണിസെഫും ചേര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗമായിരുന്നു റംഷി. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് നാട്ടുപാട്ടരങ്ങ് വേദികളില്‍ മിന്നിത്തിളങ്ങിയ ഈ യുവപ്രതിഭ ആഫ്രിക്കയിലും സൗദി അറേബ്യ, അജ്മാന്, അബുദാബി, മസ്കറ്റ്, ദുബൈ, ഷാര്‍ജ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നാടന്പാട്ടരങ്ങുകളും ശില്പശാലകളും നടത്തിയിട്ടുണ്ട്.
നിരവധി സംസ്ഥാന മേളകള്ക്കുള്പ്പെടെ വിധികര്‍ത്താവായി നിയോഗിക്കപ്പെട്ട റംഷി പട്ടുവം അനശ്വര നടന് പാട്ടുകലാകാരനും സിനിമാതാരവുമായ കലാഭവന്‍ മണിയോടൊപ്പം ടിവി പരിപാടിയായ മണിമേളത്തില് ചുവട് വെച്ച് പാടിയിട്ടുണ്ട്.
മലബാറിലെ പ്രമുഖ നാടന്‍പാട്ട് ഗ്രൂപ്പായ മയ്യില്‍ അഥീന നാടക- നാട്ടറിവ് വീടിന്റെ അഥീന ഫോക്ക് മെഗാഷോ, നാട്ടുമൊഴി നാടന്‍പാട്ട് മേള, പാട്ടുറവ നാടന്‍ പാട്ടരങ്ങ് തുടങ്ങിയവയിലെ പ്രധാന പാട്ടുകാരനും പാട്ടു പരിശീലകനുമായ റംഷി പാപ്പിനിശേരി നരയന്കുളത്ത് പാട്ടുപുരയിലാണ് താമസം. മഴപെയ്യാന്‍ തുടങ്ങുന്നതുമുതല്‍ എത്ര തിരക്കുള്ള പരിപാടികളുണ്ടായാലും അതെല്ലാം മാറ്റിവെച്ച്് കാവുങ്കലിലെ സ്വന്തം വയലിലും പാട്ടത്തിനെടുത്ത വയലിലും ഉമ്മയോടൊപ്പം റംഷിയുമെത്തും. ഭാര്യ: പി.കെ.റഷീദ. മക്കള്‍: റഷ ഫാത്തിമ, റസല്‍ അസി, ഷസാന.
പീറ്റർ ഏഴിമല