കൊല്ലം: ഉറപ്പിച്ച വിവാഹത്തിൽനിന്ന് യുവാവ് പിൻമാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് കൊട്ടിയം സിഐ പറഞ്ഞു.
കൊട്ടിയത്ത് വാടകവീട്ടിൽ താമസിച്ചുവരുന്ന വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി ആത്മഹത്യചെയ്ത കേസിലാണ് പള്ളിമുക്ക് ഹാരീസ് മൻസിലിൽ ഹാരീസിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യംചെയ്യുന്നത്.
ഇന്നലെ ഹാരീസിന്റെ സഹോദരനെയും സീരിയൽ നടിയായ സഹോദര ഭാര്യയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വരുംദിവസങ്ങളിൽ ഫോൺ കോളുകളും മറ്റും പരിശോധിക്കും.ഇതിനായി സൈബൽ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി ഹാരീസിന്റെ വീട്ടുകാർക്കും കേസിൽ പങ്കുള്ളതായി ആരോപിച്ചിരുന്നു.
സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്ത് അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഹാരീസ് റംസിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
വിവാഹം ഉറപ്പിച്ചശേഷം യുവാവ് പിൻമാറിയതാണ് ബന്ധുക്കളെയും യുവതിയെയും മാനസികമായി തളർത്തിയത്. തന്നെ ഉപേക്ഷിക്കരുതെന്ന് പലതവണ ഹാരീസിനോടും മാതാവിനോടും റംസി പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് പോലീസ് ശേഖരിച്ചിട്ടുണ്ട്.
വിവാഹ നിശ്ചയം 2019 ജൂലൈയിലാണ് നടന്നത്. ഇതിനുശേഷം പല പ്രാവശ്യം യുവാവ് യുവതിയെ വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകുക പതിവായിരുന്നു. ഇതിനിടയിൽ പലതവണ യുവാവ് റംസിയുടെ വീട്ടുകാരിൽനിന്ന് ബിസിനസ് ആവശ്യത്തിനായി പണവും സ്വർണാഭരണങ്ങളും വാങ്ങിയിരുന്നു.
യുവാവിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടിയാണ് പലപ്പോഴും യുവതിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്നും വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടയിൽ ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രവും നടത്തി.
വിവാഹനിശ്ചയത്തിനുശേഷം പണവും സ്വർണവും വീട്ടുകാർ ഹാരീസിന് ബിസിനസ് തുടങ്ങാനായി നൽകിയെന്ന പരാതിയിലും അന്വേഷണം നടന്നുവരികയാണ്. റിമാൻഡിലായ ഹാരീസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.