കൊല്ലം: യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതിയുടെ മാതാവ് ഉൾപ്പടെയുള്ളവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും. ബന്ധുവായ സീരിയൽ നടി ഉൾപ്പടെയുളള പലരേയും ചോദ്യം ചെയ്തിരുന്നു.
ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. പ്രതി കൊല്ലൂർവിള പള്ളിമുക്ക് കിട്ടന്ററഴികത്തുവീട്ടിൽ ഹാരീസ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ 14ന് നൽകുമെന്ന് കൊട്ടിയം സിഐ പറഞ്ഞു.
കൊട്ടിയത്ത് വാടകയ്ത്ത് താമസിച്ചുവരികയായിരുന്ന റംസിയെ കഴിഞ്ഞദിവസമാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന യുവതിയുടെയും യുവാവിന്റെയും വിവാഹ നിശ്ചയം 2019 ജൂലൈയിലാണ് നടന്നത്.
ഇതിനുശേഷം പല പ്രാവശ്യം ഹാരീസ് യുവതിയെ വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകുക പതിവായിരുന്നു. യുവാവ് വീട്ടുകാരിൽനിന്ന് ബിസിനസ് ആവശ്യത്തിനായി പണവും സ്വർണാഭരണങ്ങളും വാങ്ങിയതായും പരാതിയിൽ പറഞ്ഞിരുന്നു.
ഇതിനിടയിൽ യുവാവ് വിവാഹത്തിൽനിന്ന് പിൻമാറുകയായിരുന്നു. ഇതിനെതുടർന്ന് അസ്വസ്ഥയായ യുവതി ആത്മഹത്യചെയ്തയാണ് കേസ്.
യുവതി ആത്മഹത്യചെയ്യുന്നതിന് മുന്പ് ഹാരീസിനേയും മാതാവിനെയും വിളിച്ച് തന്നെ ഉപേക്ഷിക്കരുതെന്ന് അപേക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച ഫോൺ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു.