കൊല്ലം: വിവാഹത്തിൽനിന്നും പ്രതിശ്രുതവരൻ പിൻമാറിയതിനെ തുടർന്നു കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണു നടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
നടിയും കേസിൽ ആരോപണ വിധേയരായവരും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണു ലക്ഷ്മി പ്രമോദ്.
റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു ലക്ഷ്മി. ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമാകുമെന്നും നടിയെ കേസിൽ പ്രതി ചേർക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണു നടി ഒളിവിൽ പോയത്.