വൈപ്പിൻ: എടവനക്കാട്ടെ രമ്യവധക്കേസിൽ പ്രതിയായ ഭർത്താവ് അറക്കപ്പറന്പിൽ സജീവന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട രമ്യയുടെ ഫോണിന്റെ ഒരു ഭാഗം ചെമ്മീൻ കെട്ടിൽ കണ്ടെത്തി.
ഇന്നലെ നടത്തിയ പരിശോധനയിൽ എടവനക്കാട് ചാത്തങ്ങാട് പടിഞ്ഞാറ് ഭാഗത്തുള്ള ചെമ്മീൻ കെട്ടിൽനിന്നാണ് ഫോണിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.
ഇതിന്റെ കുറച്ചു ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്. ഇതു ശാസ്ത്രീയ പരിശോധനയിലൂടെ ആദ്യം മൊബൈൽ ഫോണിന്റെ അവശിഷ്ടമാണോയെന്നും ഇത് രമ്യ ഉപയോഗിച്ചിരുന്നതാണോയെന്നും അറിയണം.
കൊലക്ക്ശേഷം മൊബൈൽ വീട്ടുവളപ്പിലെ ചവറിലിട്ട് കത്തിച്ചുകളുഞ്ഞുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരുന്നത്.
വീട്ടുവളപ്പിലെ ചവർ കത്തിച്ച ചാരങ്ങൾ പരിശോധിച്ചിട്ടും യാതൊന്നും ലഭിക്കാതെ വന്നപ്പോൾ പ്രതിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു.
ഈ സമയത്താണ് ചാരവും അവശിഷ്ടങ്ങളും കൂടി കൃത്യം നടന്ന ഇടത്തിൽനിന്നും രണ്ട് കിലോമീറ്റളോളം അകലെയുള്ള ചെമ്മീൻ കെട്ടിൽ നിക്ഷേപിച്ചുവെന്ന് പ്രതി വ്യക്തമാക്കിയത്.
സിംകാർഡ് കണ്ടെത്താൻ ശ്രമം
പ്രതി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിൽ രമ്യ ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡ് ഇയാൾ ഏതോ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്.
സിംകാർഡ് കത്തിച്ചുകളഞ്ഞെന്നാണ് പ്രതി ഇതുവരെ പറഞ്ഞിട്ടുള്ളത്. 24 വരെയാണ് കോടതി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽനിന്നും പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയിട്ടുള്ളത്.
വീട്ടിലെ വളർത്തു നായയെ കൊന്ന് കുഴിച്ചിട്ട സ്ഥലം കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതും കേസിനു ബലമുണ്ടാക്കാൻ കഴിയുന്ന ഒരു തെളിവാണെന്നാണ് പോലീസ് കരുതുന്നത്.
ഇതിനായി ഇന്നു രാവിലെ നായയെ കുഴിച്ചിട്ടു എന്ന് പറയുന്ന ചാത്താങ്ങാട് കടപ്പുറത്തേക്ക് പ്രതിയേയും കൊണ്ട് പോലീസ് പോയിട്ടുണ്ട്.
കൂടാതെ മൃതദേഹം കണ്ടെത്തിയ കുഴിയിൽ നിന്നും രമ്യയുടെ സ്വർണ്ണ മൂക്കൂത്തിയും പോലീസിനു കണ്ടെടുക്കേണ്ടതുണ്ട്.
ഇതിനായി കഴിഞ്ഞ ദിവസം ശ്രമം നടത്തിയെങ്കിലും വിഫലമായെങ്കിലും ശ്രമം ഇനിയും തുടരുമെന്നാണ് സൂചന.
തെളിവു നശിപ്പിക്കാൻ യൂ ട്യൂബ് പഠനം
കൊലപാതകത്തിനുശേഷം സമർഥമായി തെളിവു നശിപ്പിച്ചത് യൂട്യൂബിന്റെ സഹാത്തോടെ. യൂട്യൂബിൽ തെരഞ്ഞശേഷം അതിൽ പറയുന്നപോലെയാണ് പിന്നീടുള്ള കാര്യങ്ങൾ നീക്കിയതെന്ന് പ്രതി പോലീസിനെ അറിയിച്ചതായി സൂചനയുണ്ട്.
കൊല നടന്നതിനുശേഷം കുഴിയെടുത്തതും ആളെ കുഴിയിൽ കിടത്തിയതും മൃതദേഹം വേഗം അഴുക്കാനായി കുഴിച്ചിടുന്നതിനു മുന്പായി ഒരു അടിവസ്ത്രമൊഴിച്ച് ബാക്കിയുള്ളതെല്ലാം ഊരിമാറ്റിയതുമെല്ലാം യൂ ട്യൂബ് നോക്കി പഠിച്ചതാണത്രേ.
തുടർന്ന് കുഴിക്ക് മേലെ എം സാന്റ് നിരത്തിയതും രണ്ട് ദിവസത്തിനുശേഷം മധ്യഭാഗം ഉയർന്നപ്പോൾ ക്ലേ കൊണ്ടു വന്ന് ഈ ഭാഗം ഉറപ്പിച്ചതും തെളിവുകൾ ആയി മാറിയേക്കാവുന്ന വസ്ത്രങ്ങൾ, മൊബൈൽ ഫോണ്, എന്നിവയും കത്തിച്ചുകളഞ്ഞതും യൂ ട്യൂബ് നോക്കി പഠിച്ചശേഷമാണെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.