മുക്കം :ചുവപ്പുകോട്ടയായ ആലത്തൂര്‍ മണ്ഡലത്തില്‍ ത്രിവര്‍ണ പതാക പറത്താന്‍ കുന്ദമംഗലത്തിന്റെ സ്വന്തം രമ്യ ഹരിദാസ്.പൊതുപ്രവര്‍ത്തനത്തിലെ ചുറുചുറുക്കും സൗമ്യമായ ഇടപെടലുകളും ആകര്‍ഷണീയ പെരുമാറ്റവുംവഴി കുറഞ്ഞ സമയംകൊണ്ട് രാഷ്ട്രീയത്തിലെ പടവുകള്‍ ചവിട്ടിക്കയറിയിരിക്കുകയാണ് 33കാരിയായ രമ്യ ഹരിദാസ്.
അടുത്തറിയുന്നവര്‍ക്ക് ആലത്തൂരിലെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമല്ല. മനസു തൊട്ടറിയുന്ന, നാടന്‍പാട്ടുകളും ഗാനങ്ങളും ചേര്‍ത്തുള്ള ഭാഷണശൈലി കുടുംബസദസുകളുടെ പ്രിയംനേടി. കെഎസ് യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക്. വഴിത്തിരിവായത് പുതിയ യുവനേതാക്കളെ കണ്ടെത്താന്‍ 2011ല്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച ടാലന്റ് ഹണ്ടിലെ മികച്ച പ്രകടനമാണ്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂവാട്ടുപറമ്പ് ഡിവിഷനില്‍ കന്നിഅങ്കത്തിന് അവസരമൊരുങ്ങിയതും ഉന്നത വിജയത്തിലൂടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയതും ഇതിന്റെ തുടര്‍ച്ചയാണ്. കൂലിപ്പണിക്കാരനായ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ചെമ്മലത്തൂര് പാലാട്ടുമീത്തല്‍ ഹരിദാസിന്റെ മകളായ രമ്യയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചത് രണ്ടുതവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായ മാതാവ് മാവൂര്‍ തീര്‍ഥക്കുന്ന് രാധ ഹരിദാസാണ്.
2007ല്‍ കോഴിക്കോട് ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകക്കുള്ള നെഹ്റു യുവകേന്ദ്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.2012ല്‍ ജപ്പാനില്‍ നടന്ന യുവജന സമ്മേളനത്തില്‍ പത്തംഗ ഇന്ത്യന്‍ സംഘത്തിലെ ദക്ഷിണേന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു.
ഗുജറാത്തിലെ ഗാന്ധിപീസ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് എട്ടുവര്‍ഷം നിലമ്പൂര്‍ നഗരസഭ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. നല്ലൊരു ഗായിക കൂടിയായ രരമ്യ സ്കൂള്‍ കലോത്സവങ്ങളില്‍ സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ഗാന്ധിയന്‍ സംഘടനയായ ഏകതപരിഷത്, സര്‍വോദയ മണ്ഡലം, മിത്ര മണ്ഡലം, കാന്‍ഫെഡ്, കേരള ഗ്രാമനിര്മാണ സമിതി, സവാര്‍ഡ് തുടങ്ങിയ സംഘടനകളിലും മുഖ്യപ്രവര്‍ത്തകയായി.
ഗാന്ധിയന്‍ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരങ്ങളില്‍ അണിചേര്‍ന്നു. അഹാഡ്സിന്റെ ആഭിമൂഖ്യത്തില്‍ അട്ടപ്പാടിയില്‍ സമ്പൂര്‍ണ ഊര് വികസന പദ്ധതിയിലും പ്രവര്‍ത്തിച്ചു. ആഴ്ചകള്‍ക്കുമുമ്പാണ് യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോഓഡിനേറ്റര്‍മാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടത്. വെറും ഒറ്റ ദിവസത്തെ പ്രചരണം കൊണ്ട് തന്നെ ആലത്തൂരിലെ ജനമനസില്‍ ഇടം നേടാനും രമ്യ ഹരിദാസിനായി. അവിവാഹിതയാണ്. രജില്‍ സഹോദരനാണ്.