ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് ഒരാള്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല! ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അമ്മയില്‍ തിരിച്ചെടുക്കും; നടി രമ്യ നമ്പീശന്‍ പറയുന്നു

മലയാള സിനിമാ മേഖല ഗുരുതരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോയപ്പോഴും സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയും സ്വന്തം കൂട്ടത്തിലുള്ളവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പ്രയത്‌നിക്കുകയും ചെയ്ത വ്യക്തിയാണ് നടി രമ്യാ നമ്പീശന്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ പലവഴിത്തിരുവുകളും ഉണ്ടാക്കുന്നതില്‍ രമ്യ വഹിച്ച പങ്ക് ചെറുതല്ല. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡബ്ലുസിസി എന്ന സംഘടന രൂപീകരിക്കുന്നതിലും മുമ്പില്‍ നിന്നത് രമ്യ തന്നെയാണ്. എന്നാല്‍ സഹപ്രവര്‍ത്തകയുടെ അവകാശങ്ങള്‍ക്കുവേണ്ടി നിന്ന രമ്യ സഹപ്രവര്‍ത്തകനെ കേസില്‍ കുടുക്കുന്നതില്‍ ഉത്സാഹം കാണിച്ചു എന്നും രമ്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് രമ്യ ഉള്‍പ്പെടുന്ന നടീനടന്മാരുടെ ആസൂത്രിത നീക്കമായിരുന്നു എന്നും വിവാദമുയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന രമ്യ, അതിനെക്കുറിച്ച് നല്‍കുന്ന വിശദീകരണമിങ്ങനെയാണ്…

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് രമ്യ നമ്പീശന്‍ പറയുന്നത്. പൃഥ്വിരാജിനുവേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രമ്യയുടെ മറുപടി. ‘അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. പൃഥ്വി, ഞാന്‍ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളില്‍ നിന്നും തീരുമാനമെടുത്ത ശേഷമാണ് അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അത് പുറത്തറിയിച്ചത്. ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പുപറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണം.-രമ്യ പറഞ്ഞു.

‘അമ്മ’യില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. വാക്കാല്‍ അങ്ങനെയൊരു അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. അമ്മയില്‍ സ്ത്രീപങ്കാളിത്തം നല്ല രീതിയില്‍ വരണമെന്നതാണ് ഇതിന്റെ ലക്ഷ്യം. അവര്‍ ഇത് ചര്‍ച്ച ചെയ്യുമെന്ന് എന്നോട് അറിയിച്ചിട്ടുണ്ട്. വനിതാസംഘടനയുടെ ഭാഗമായതിനാല്‍ മലയാളസിനിമയില്‍ അരികുചേര്‍ക്കപ്പെട്ട് പോയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. മലയാളസിനിമാമേഖലയില്‍ നിന്ന് ആരുടെ ഭാഗത്തുനിന്നും നേരിട്ടൊരു ഭീഷണി സ്വരം ഉണ്ടായിട്ടില്ല. രമ്യ പറഞ്ഞു. വുമന്‍ ഇന്‍ കളക്ടീവ് എന്ന ആശയം നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ഒരു സുഹൃത്തിന് തന്നെ ഇങ്ങനെയൊരു ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അതിന്റെ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ വേഗപ്പെടുത്തി. സിനിമയിലെ സ്ത്രീകള്‍ക്ക് പേടികൂടാതെ പ്രവര്‍ത്തിക്കാനാകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇത് ഞങ്ങളുടെ ഇടമല്ല, സുരക്ഷിതമല്ല എന്ന തോന്നല്‍ തുടച്ചുനീക്കി സ്ത്രീകള്‍ക്ക് സിനിമാമേഖലയില്‍ ജോലി സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രമ്യ പറയുന്നു.

 

Related posts