സ്വന്തം ലേഖകൻ
തൃശൂർ: സിപിഎം അപവാദ പ്രചാരണത്തിനു ശ്രമിച്ചെങ്കിലും ആലത്തൂർ മണ്ഡലത്തിലെ എല്ലാ വോട്ടർമാരും തന്നെ പിന്തുണയ്ക്കുമെന്ന് ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മണ്ഡലത്തിലെ വികസനത്തിനു സിറ്റിംഗ് എംപിയും എൽഡിഎഫ് സ്ഥാനാർഥിയുമായ പി.കെ. ബിജു ഒന്നും ചെയ്തില്ലെന്നു രമ്യ ഹരിദാസും എൻഡിഎ സ്ഥാനാർഥി ടി.വി. ബാബുവും ആരോപിച്ചു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച “രാഷ്ട്രീയം പറയാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
എൽഡിഎഫ് കണ്വീനർ എ.വിജയരാഘവൻ മോശമായ പരാമർശം നടത്തിയതു വേദനിപ്പിച്ചെന്നു രമ്യ പറഞ്ഞു. പോലീസ് ഉചിതമായ അന്വേഷണം നടത്തുമെന്നു പ്രതീക്ഷിക്കുന്നതായും ചോദ്യത്തിനു മറുപടി നൽകി. മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ മണ്ഡലത്തിൽ തുടങ്ങിവച്ച വികസന പദ്ധതികളുടെ തുടർച്ചയായ പ്രവർത്തനങ്ങളാണു തന്റെ ഭാവനയിലുള്ളതെന്നു രമ്യ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ പരിചയസന്പന്നത ആലത്തൂർ മണ്ഡലത്തിൽ കാഴ്ചവയ്ക്കും. പട്ടികജാതി – പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ വികസനത്തിനു പദ്ധതിയുണ്ടാക്കും. തൊഴിൽ ലഭിക്കാനുള്ള അഭിമുഖങ്ങളിൽ മികവു നേടാനുള്ള പരിശീലനം നൽകാൻ വൈബ്രന്റ് കേന്ദ്രങ്ങൾ ആരംഭിക്കും. മണ്ഡലത്തിലെ തൊഴിലന്വേഷകർക്ക് ഇതു പ്രയാജനം ചെയ്യും.
കാർഷികോൽപന്നങ്ങൾക്കു ന്യായവില ലഭ്യമാക്കാൻ സംഭരണ വിപണന കേന്ദ്രങ്ങൾ തുടങ്ങും. മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഉണ്ടാക്കണം. കുടിവെള്ളത്തിനും ജലസേചനത്തിനും വെള്ളം എത്തിക്കാൻ കർഷകർ, പ്രത്യേകിച്ച് സ്ത്രീകൾ കഷ്ടപ്പെടുകയാണ്. ഇതു പരിഹരിക്കാനുള്ള പദ്ധതികൾ ആവശ്യമാണ്: രമ്യ പറഞ്ഞു.
തമിഴ്നാടിനു വിട്ടുകൊടുത്തുകൊണ്ടിരിക്കുന്ന പറന്പിക്കുളം ആളിയാർ പദ്ധതിയിലെ വെള്ളം കേരളത്തിനു ലഭ്യമാക്കാൻ കരാർ പുതുക്കുന്നതിനു നടപടിയെടുക്കുമെന്ന് എൻഡിഎ സ്ഥാനാർഥി ടി.വി. ബാബു പറഞ്ഞു. തരിശു കിടക്കുന്ന ഭൂമിയിൽ സ്വാശ്രയ സംഘങ്ങളെക്കൊണ്ട് ജൈവകൃഷി നടത്തുന്ന പദ്ധതി നടപ്പാക്കും. കാട്ടാന, പുലി ശല്യമുള്ള കാർഷിക മേഖലയിൽ പരിഹാരമുണ്ടാക്കണം.
രണ്ടു തവണ ചാഴൂർ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അനുഭവ സന്പത്ത് മണ്ഡലത്തിനുവേണ്ടി പ്രയോജനപ്പെടുത്തുമെന്നും ബാബു പറഞ്ഞു.