
ഗുരുവായൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രോത്സവത്തിന്റെ ആഘോഷങ്ങൾ വേണ്ടെന്നു വച്ചതോടെ അവസാന ദിന കലാപരിപാടികളാണ് ഇന്നലെ അരങ്ങേറിയത്.
ക്ഷേത്രദർശനത്തിനെത്തിയ രമ്യ ഹരിദാസ് എംപി തിരുവാതിക്കളിയിൽ ചുവടുവച്ചു കലാകാരികൾക്കൊപ്പം കൂടിയത് തിരുവാതിരക്കളി സംഘങ്ങൾക്ക് ആവേശമായി.
തിരുവാതിരക്കളിക്ക് സ്ത്രീകൾക്കു മാത്രം വേദിയുണ്ടെന്നറിഞ്ഞാണ് രമ്യ ഹരിദാസ് വടക്കേനടയിലെ കുറൂരമ്മ വേദിയിലെത്തിയത്. എൻഎസ്എസ് വനിതാവിഭാഗത്തിന്റെ തിരുവാതിരക്കളിയായിരുന്നു അപ്പോൾ അവിടെ നടന്നുകൊണ്ടിരുന്നത്.
ഇതോടെ രമ്യ കളിക്കാർക്കൊപ്പംകൂടി തിരുവാതിരച്ചുവട് വച്ചു. തുടർന്നു കളിക്കാരെ അനുമോദിച്ചതിനുശേഷമാണ് മടങ്ങിയത്. ഭരണസമിതി അംഗവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ കെ. അജിത്ത് രമ്യ ഹരിദാസ് എംപിയെ സ്വീകരിച്ചു.
നടൻ വിനീതിന്റെ ജ്ഞാനപ്പാന നൃത്താവിഷാകാരത്തിനും ആസ്വാദകരേറെയായിരുന്നു. വിനീതിന്റെ ഗുരു പത്മ സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യത്തിനു സ്റ്റേജ് ഒരുക്കിയും വിനീതായിരുന്നു. തിങ്കളാഴ്ചയായിരുന്നു പത്മസുബ്രഹ്മണ്യത്തിന്റെ ഭരതനാട്യം.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെയോടെ കലാപരിപാടികൾക്കും തായന്പകയ്ക്കും സമാപനമായി. നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന പുസ്തകോത്സവവും കലാപരിപാടികളും നിർത്തിവച്ചു.
നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന പുഷ്പോത്സവവും നിശാഗന്ധി സർഗോ ത്സവവും കുടുംബശ്രീയുടെ ഭക്ഷ്യമേളയും നിർത്തിവച്ചു.