റംസാൻ ഇസ്ലാമിൽ വ്രതാനുഷ്ഠാനത്തിന്റെ മാസമാണ്. റംസാൻ മാനസികമായും ശാരീരികമായും മനുഷ്യനെ പാകപ്പെടുത്തിയെടുക്കാനുള്ള മാർഗമാണ്. റംസാൻ വ്രതത്തിൽ വളരെ ക്രമീകരിച്ചിട്ടുള്ള ആഹാരരീതിയാണ് അനുഷ്ഠിക്കേണ്ടത്. നോന്പുമുറിച്ചശേഷം ധാരാളം പച്ചക്കറികൾ, ഇലവർഗങ്ങൾ, നാരുള്ള ആഹാരങ്ങൾ, ധാരാളം വെള്ളം എന്നിവ കഴിക്കണം.
റംസാൻ വ്രതം അനുഷ്ഠിക്കാൻ എങ്ങനെ തയാറെടുക്കാം?
റംസാൻ വ്രതം അനുഷ്ഠിക്കാൻ പോകുന്ന രോഗിക്ക് ഡോക്ടർ മറ്റ് അപകട പ്രശ്നങ്ങൾ ഇല്ലെങ്കിൽ പ്രോത്സാഹനം നൽകണം. പ്രമേഹമുള്ള രോഗികൾ വ്രതം എടുക്കാൻ സാധിക്കുന്നതിനെക്കുറിച്ച് വ്രതം തുടങ്ങുന്നതിന് ഒരാഴ്ച മുന്പുതന്നെ ഡോക്ടറുമായി വിശദമായി സംസാരിക്കുകയും രക്തപരിശോധനകൾ നടത്തി അതിന്റെ റിപ്പോർട്ട് അനുസരിച്ച് മരുന്നുകളിലും ഇൻസുലിനിലും വരുത്തേണ്ട മാറ്റങ്ങൾ ഡോക്ടറുമായി വിശദമായി സംസാരിക്കണം. എന്നാൽ, വ്രതം ചെയ്യാൻ പാടില്ലാത്ത വ്യക്തിയെ അതിന്റെ ഭവിഷത്തുകൾ പറഞ്ഞു മനസിലാക്കിക്കണം.
ആർക്ക് വ്രതം അനുഷ്ഠിക്കാൻ പാടില്ല ?
ആരോഗ്യമില്ലാത്തവർ, മാസമുറ സമയത്ത് സ്ത്രീകൾ, പ്രസവസമയത്തും മുലപ്പാൽ കൊടുക്കുന്ന സമയത്തുള്ള സ്ത്രീകൾ, പ്രായപൂർത്തിയാവാത്തവർ, ആരോഗ്യകുറവുള്ള കുട്ടികൾ, പ്രായാധ്യകം മൂലം ആരോഗ്യമില്ലാത്തവർ.
പ്രമേഹ രോഗികൾ ജീവിതരീതിയിൽ വരുത്തേണ്ട വ്യത്യാസം
പ്രമേഹ രോഗികൾ നോന്പു മുറിച്ചശേഷം നല്ല പോഷക ഗുണമുള്ള ആഹാരം കഴിക്കണം. വ്രതം തുടങ്ങുന്നതിനു മുന്പ് അധികം എണ്ണയില്ലാത്ത കലോറി കുറഞ്ഞ ആഹാരം കഴിക്കാം. നോന്പു മുറിക്കുന്ന സമയത്തും അതു കഴിഞ്ഞും ആഹാരം രണ്ടു മൂന്ന് തവണയായി കഴിക്കണം. നാരില്ലാത്ത കാർബോ ഹൈഡ്രേറ്റ് ആഹാരങ്ങൾ ഒഴിവാക്കണം.
വ്യായാമ സമയങ്ങളിൽ മാറ്റം വരുത്തണം. തീവ്രമായ വ്യായാമ മുറകൾ പാടില്ല. ഇഫ്ത്താർ ആഹാരത്തിന് മുന്പ് വ്യായാമം പാടില്ല. നോന്പുതുറ സമയത്തും അത്താഴ സമയത്തും ധാരാളം വെള്ളം കുടിക്കണം. രണ്ട് സമയത്തും ധാരാളം പച്ചക്കറികൾ ജല വർഗങ്ങൾ, നാരുള്ള ആഹാരം എന്നിവ കഴിക്കണം.
ഏതെല്ലാം രോഗികൾ റംസാൻ വ്രതം അനുഷ്ഠിക്കരുത്?
ടൈപ്പ്-1 ഇൻസുലിൻ ആശ്രിത പ്രമേഹ രോഗികൾ, സ്ഥായിയായ വൃക്ക സ്തംഭനം സംഭവിച്ച രോഗികൾ, വൃക്കയുടെ പ്രവർത്തനം മന്ദീഭവിച്ച് അവസാനഘട്ടം എത്തിയവരും വൃക്കമാറ്റിവച്ച രോഗികളും വൃക്കയിൽ കല്ലിന്റെ അസുഖമുള്ളവർ, പ്രമേഹം പെട്ടെന്ന് കുറഞ്ഞുപോകുന്ന അവസ്ഥ-ഹൈപ്പോ ഗ്ലൈഡീമിയ ഉണ്ടാകുന്ന രോഗികൾ, വളരെ ഉയർന്ന രക്തസമ്മർദമുള്ളവർ, അതീവ ഗുരുതര ഹൃദയസ്തംഭനവും ശ്വാസകോശ രോഗവുമുള്ളവർ, ആമാശയത്തിൽ അൾസർ ഉള്ളവർ, രക്തം ഛർദിക്കുന്ന അസുഖം ഉള്ളവർ, അപസ്മാരത്തിന്റെ അസുഖമുള്ളവർ.
പ്രമേഹ രോഗികൾ കഴിക്കുന്ന മരുന്നുകളിൽ വരുത്തേണ്ട
വ്യത്യാസം സംബന്ധിച്ച സംശയങ്ങൾ ചികിത്സിക്കുന്ന ഡോക്ടറുമായി കൺസൾട്ട് ചെയ്ത് പരിഹരിക്കണം.
ടൈപ്പ്-1 പ്രമേഹ രോഗിയും റംസാാൻ വ്രതവും
ടൈപ്പ്-1 പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ആശ്രിത പ്രമേഹമായതിനാൽ ഇവർ ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുക്കേണ്ടതാണ്. ഇവർക്ക് യഥാസമയം ആഹാരം കഴിക്കുകയും ഇൻസുലിൻ എടുക്കേണ്ടതുമാണ്. അതല്ലാത്ത പക്ഷം പഞ്ചസാര വളരെ കുറഞ്ഞുപോകാം.
അതുപോലെ പ്രമേഹം പെട്ടെന്ന് അനിയന്ത്രിതമായി പെട്ടെന്ന് അണുബാധയുണ്ടാക്കി മരണത്തിനു തന്നെ കാരണമാകും. അതിനാൽ വ്രതം അനുഷ്ഠിക്കുന്നതിൽ നിന്നും ഇവരെ നിരുത്സാഹപ്പെടുത്തുന്നതാണ് നല്ലത്.
വ്രതം എടുക്കുകയാണെങ്കിൽ ഇവരുടെ പഞ്ചസാരയുടെ അളവ് 80-ൽ താഴെപ്പോകുകയോ 400-ൽ കൂടുതലാവുകയോ ചെയ്താൽ വ്രതം നിർത്തുകതന്നെ ചെയ്യണം.
റംസാൻ വ്രതത്തിലുള്ള ആഹാരനിയന്ത്രണം
റംസാൻ മാസത്തിൽ നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ ശരീരത്തിൽ ജലാംശം ഇല്ലാതാവുകയും അത് രോഗിയെ അപകടാവസ്ഥയിലാക്കുകയും ചെയ്യും.
ഡോ: ജി. ഹരീഷ്കുമാർ
സീനിയർ ഫിസിഷ്യൻ
IHM ഹോസ്പിറ്റൽ
ഭരണങ്ങാനം &
SN ഹോസ്പിറ്റൽ, കടപ്ര, നിരണം