കൊച്ചി: സംസ്ഥാനത്ത് റംസാന്-വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി. തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കാത്തതിനെതിരേ കണ്‍സ്യൂമര്‍ ഫെഡ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
ചന്തകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപ കണ്‍സ്യൂമര്‍ ഫെഡിന് ഇപ്പോള്‍ കൈമാറുന്നത് വിലക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുസമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നതുപോലെതന്നെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നതും കണക്കിലെടുത്താണ് അനുമതി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.
ഉത്സവച്ചന്തകള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കരുത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശനമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. റംസാന്-വിഷു ചന്തകള്‍ തുടങ്ങാന്‍ ഫ്രെബുവരി 16നുതന്നെ തീരുമാനമെടുത്തതാണെന്നും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടാകരുതെന്ന പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
250 റംസാന്-വിഷു ചന്തകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്. സബ്സിഡി അനുവദിക്കാന്‍ സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിക്കുകയും ചെയ്തു. ഈമാസം എട്ടു മുതല്‍ 14 വരെ പ്രത്യേക ചന്തകള്‍ നടത്താനായി 14.74 കോടി രൂപ മുടക്കി 13 തരം സാധനങ്ങളും വാങ്ങി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയപ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടിയാണെന്നു വിലയിരുത്തി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. റംസാന്-വിഷു ആഘോഷസമയത്തു സബ്സിഡിയോടെ പ്രത്യേക ചന്ത നടത്തുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് സ്വേച്ഛാപരമാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.