ദുബായി: പ്രമുഖ മാധ്യമപ്രവര്‍ത്തക റാണാ അയൂബ്ബിന് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ച മലയാളി ജീവനക്കാരനെ യു.എ.ഇ കമ്പനി പുറത്താക്കി.ഗള്‍ഫിലെ പ്രമുഖ സ്ഥാപനമായ ആല്‍ഫാ പെയിന്റ് കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഹരിപ്പാട് സ്വദേശി ബിന്‍സിലാല്‍ ബാലചന്ദ്രന്‍ എന്ന യുവാവിനാണ് പണി പോയത്. ഇയാളുടെ സന്ദേശങ്ങളില്‍ ചിലത് ഏപ്രില്‍ ആറിന് റാണ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന റാണ അയൂബ് മുമ്പ് തെഹല്‍ക്കയിലാണു ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ സ്വതന്ത്ര കോളമിസ്റ്റാണ്. ബിന്‍സിലാല്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ റാണ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യമാണ് ബിന്‍സിലാല്‍ റാണയോടു പറഞ്ഞത്. കൊടിച്ചപ്പട്ടീ കാലകത്തിവെയ്ക്കൂ എന്നുവരെ ഇയാള്‍ പറയുന്നുണ്ട്.
മാലിന്യത്തിന്റെ സാമ്പിള്‍ എന്ന അടിക്കുറിപ്പോടെ റാണ ഷെയര്‍ ചെയ്ത ട്വീറ്റിന്റ കോപ്പി സഹിതം പിറ്റേന്ന് കമ്പനി മാനേജ്‌മെന്റ്ിനു മുമ്പില്‍ പരാതിയായി എത്തുകയായിരുന്നു.തുടര്‍ന്ന് സ്ഥാപനം ഇക്കാര്യം പരിശോധിക്കുകയും ബിന്‍സിലാലിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. കുറ്റം സമ്മതിച്ച ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിക്കവെ റാണക്കെതിരായ സന്ദേശങ്ങള്‍ക്കു പുറമെ ഇസ്ലാമിനെ അവഹേളിക്കുന്ന നിരവധി പോസ്റ്റുകളുമുണ്ടായിരുന്നു. പരാതി ലഭിച്ച് പരിശോധിച്ച് ശരിയെന്നു കണ്ട സാഹചര്യത്തില്‍ 24 മണിക്കൂറിനകം ഇയാള്‍ക്ക് പുറത്താക്കല്‍ നോട്ടീസ് നല്‍കിയെന്നും വിസ റദ്ദാക്കിയതായും കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം അറിയിച്ചു. ഇയാള്‍ക്ക് യു.എ.ഇ നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളും നാട്ടിലേക്കുള്ള ടിക്കറ്റും കമ്പനി നല്‍കും.
സ്ത്രീകള്‍ക്ക് യു.എ.ഇയില്‍ മികച്ച സുരക്ഷയാണുള്ളതെന്നു കേട്ടിട്ടുള്ളത് ഇപ്പോള്‍ സത്യമാണെന്നു ബോധ്യപ്പെട്ടതായി റാണ അഭിപ്രായപ്പെട്ടു. അടിയന്തിര നടപടി സ്വീകരിച്ച കമ്പനിയ്ക്കും യുഎഇ സര്‍ക്കാരിനും അഭിനന്ദനമറിയിക്കുകയും ചെയ്തു. ബിന്‍സിലാലിനെതിരേ ഇന്ത്യയില്‍ കേസ് കൊടുക്കുമെന്നും റാണാ അയൂബ് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ പല പരിപാടികളിലും റാണ പങ്കെടുത്തിട്ടുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് റാണ എഴുതിയ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം വന്‍ വിവാദമുയര്‍ത്തിരുന്നു.