കൊച്ചി: മലയാള സിനിമയിലെ തമ്പുരാക്കന്മാരായ മോഹന്ലാലിനെയും മമ്മൂട്ടിയെയും ഞെട്ടിക്കാന് ‘റാണാ ദഗുബതി’. ഒടിയനും രണ്ടാമൂഴവും കുഞ്ഞാലി മരക്കാറുമുള്പ്പെടെയുള്ള ബ്രഹ്മാണ്ഡചിത്രങ്ങളുടെ നിരയില് ഒന്നു കൂടി വരികയാണ്. കേരള ചരിത്രത്തിലെ മറക്കാനാവാത്ത നായകന് മാര്ത്താണ്ഡ വര്മയുടെ ജീവിതമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
അനിഴം തിരുനാള് മാര്ത്താണ്ഡവര്മ-ദി കിങ് ഓഫ് ട്രാവന്കൂര് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിലെ മികച്ച് ക്രൈം ത്രില്ലറുകള് മലയാളികള്ക്ക് സമ്മാനിച്ച കെ.മധുവാണ്. ഒരു വൈദേശിക ശക്തിക്കെതിരെ വിജയിക്കുന്ന ആദ്യ ഏഷ്യക്കാരനായ രാജാവായ മാര്ത്താണ്ഡ വര്മയെ അവതരിപ്പിക്കുന്നത് ബാഹുബലിയിലെ ബല്ലാലദേവനായി വെള്ളിത്തിരയെ വിറപ്പിച്ച റാണ ദഗുബതിയാണ്.
രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ചു ഭാഷകളില് ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലാണ് ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ അനിഴം തിരുനാള് മാര്ത്താണ്ഡവര്മയെ റാണ അവതരിപ്പിക്കുന്നത്. തന്റെ ആദ്യമലയാള ചിത്രത്തിന്റെ വിവരം ട്വിറ്ററിലൂടെ റാണ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് ജോലികള് പുരോഗമിക്കുകയാണെന്നും റോബിന് തിരുമല തിരക്കഥ ഒരുക്കി സെവന് ആര്ട്സ് മോഹന് നിര്മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.മധുവാണെന്നും റാണയുടെ ട്വീറ്റിലുണ്ട്.
ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയില് പ്രശസ്തി ആര്ജിച്ച ഭരണാധികാരിയായിട്ടാണ് ശ്രീ പത്മനാഭദാസ ശ്രീ അനിഴം തിരുനാള് വീരബാല മാര്ത്താണ്ഡവര്മ്മന് എന്ന മാര്ത്താണ്ഡവര്മ്മ അറിയപ്പെടുന്നത്. കുളച്ചല് യുദ്ധത്തില് ഡച്ചുകാരെ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്. കേരള ചരിത്രത്തില് ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തെയും തിരുവിതാംകൂറിന്റെ ആധുനിക യുഗത്തിന്റെ പിറവിയേയുമാണ് അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത് എന്ന് ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു.
കേരളത്തിന്റെ തെക്കും മധ്യത്തിലുമായി ഉള്ള ഭാഗങ്ങളെ ചേര്ത്ത് ഒരു രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനിക ശക്തിയില് അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും മാര്ത്താണ്ഡവര്മ്മയാണ്. ചിന്നിച്ചിതറിക്കിടന്നിരുന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ച് തിരുവതാംകൂര് രാജ്യം പടുത്തുയര്ത്തിയ അദ്ദേഹം യുദ്ധതന്ത്രജ്ഞത കൊണ്ടും ജന്മിത്വം അവസാനിപ്പിച്ച ഭരണാധികാരി എന്ന നിലയിലും പ്രസിദ്ധനാണ്. കുളച്ചല് യുദ്ധം ഇദ്ദേഹത്തിന്റെ യുദ്ധ തന്ത്രജ്ഞതയ്ക്കുള്ള മകുടോദാഹരണമാണ്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്നാണ് അണിയറ പ്രവര്ത്തകര് ചിത്രത്തെക്കുറിച്ച് അവകാശപ്പെടുന്നത്. ലോകപ്രശസ്ത സാങ്കേതിക പ്രവര്ത്തകരുടെ ഒരു വന് നിര തന്നെ അണിനിരക്കുന്നുണ്ട്. കുളച്ചല് യുദ്ധം പുനഃസൃഷ്ടിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര് ഹെയ്നാണ്. ഓസ്ക്കര് ജേതാവ് റസൂല് പൂക്കുട്ടിയാണ് ശബ്ദവിന്യാസം. ക്യാമറ ആര്. മാധി. സംഗീതം കീരവാണി, കലാസംവിധാനം മനു ജഗത്ത്, ഗാനങ്ങള്:കെ.ജയകുമാര്, ഷിബു ചക്രവര്ത്തി, പ്രഭാ വര്മ. അടുത്ത വര്ഷം ഓഗസ്റ്റില് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില് ഇറ്റലിയിലെ സിനി സിത്ത സ്റ്റുഡിയോയും മക്നാനനാരിയം പ്രൊഡക്ഷന് കമ്പനിയും പങ്കാളികളാവുന്നുണ്ട്. ബാഹുബലിയിലെ വില്ലന് പരിവേഷത്തില് നിന്നും ചരിത്രനായകനിലേക്കുള്ള റാണയുടെ പ്രയാണത്തെ ആവേശത്തോടെയാണ് ആരാധകര് കാത്തിരിക്കുന്നത്.