ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രശസ്തനായ റാണാ ദഗുപതി ഇപ്പോള്‍ സംസാര വിഷയമാകുന്നത് തന്റെ പുത്തന്‍ ബൈക്കിലൂടെയാണ്. സിനിമകളുടെ പ്രമോഷനായി വാഹനങ്ങള്‍ വാങ്ങുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആണല്ലോ ആ ട്രെന്‍ഡിനു പിന്നാലെ തന്നെയാണ് റാണയും. ട്രെന്‍ഡിനൊപ്പം കുറച്ച് ചരിത്രവുമുണ്ട്.
തന്റെ ഏറ്റവും പുതിയ ദ്വിഭാഷാ ചിത്രമായ ഗാസിയുടെ പ്രമോഷന്റെ ഭാഗമായാണ് റാണ പുത്തന്‍ ബൈക്ക് രംഗത്തിറക്കിയത്. ബജാജിന്റെ വി ദി ഇന്‍വിസിബിള്‍ ആണ് റാണ സ്വന്തമാക്കിയ ബൈക്ക്.
ഇതില്‍ എവിടെയാണ് ചരിത്രമെന്നല്ലെ ഇന്ത്യയുടെ ഐഎന്‍എസ് വിക്രാന്തില്‍ ഉപയോഗിച്ചിരിക്കുന്ന മെറ്റലുകൊണ്ടാണ് ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. ചിത്രവും ബൈക്കുമായി ഏറെ ബന്ധമുള്ളതുകൊണ്ടാണ് ഈ ബൈക്ക് തന്നെ വാങ്ങിയതെന്നാണ് റാണ പറയുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി കടലിനടിയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഗാസി. 1971ല്‍ ഇന്ത്യയുടെ അന്തര്‍വാഹിനി എസ്21ഉം പാക്കിസ്ഥാന്റെ ഗാസിയും തമ്മിലുണ്ടായ യുദ്ധമാണ് സിനിമയുടെ വിഷയം. സങ്കല്പ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം 17ന് തിയറ്ററുകളിലെത്തും. തപ്സി, കെ .കെ. മേനോന് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.