നെടുങ്കണ്ടം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് തൊടുപുഴയിൽനിന്നു രാമക്കൽമേട് സന്ദർശിക്കാനെത്തിയ ഏഴംഗ സംഘത്തിന് നെടുങ്കണ്ടം പോലീസ് എട്ടിന്റെ പണി കൊടുത്തു.
മൂന്നു ബൈക്കുകളിലായി എത്തിയ ഇവരുടെ ബൈക്ക് പിടിച്ചെടുത്ത പോലീസ് രാമക്കൽമേട്ടിൽനിന്നു നെടുങ്കണ്ടത്തേക്ക് ഇവരെ നടത്തിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം.
രാമക്കൽമേട്ടിൽ ഇവരെ പിടികൂടിയപ്പോൾ തെറ്റായ മേൽവിലാസമാണ് ഇവർ നൽകിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ആറുപേർ തൊടുപുഴ സ്വദേശികളാണെന്നും ഒരാൾ ചേന്പളം സ്വദേശിയാണെന്നും കണ്ടെത്തി.
ചേന്പളം ഇല്ലിപ്പാലം സ്വദേശി അനീഷ്, തൊടുപുഴ സ്വദേശികളായ ബിപിൻ, ടോം, അരുണ്, ജിതിൻ, അഫ്സൽ, അമൽ എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ചയാണ് തൊടുപുഴയിൽനിന്നുള്ള സംഘം ഇല്ലിപ്പാലത്തെ അനീഷിന്റെ വീട്ടിലെത്തിയത്. തുടർന്ന് ഇന്നലെ ബൈക്കിൽ രാമക്കൽമേട് കാണാൻ എത്തുകയായിരുന്നു.
ഇതിനിടെയാണ് പട്രോളിംഗ് നടത്തുകയായിരുന്ന നെടുങ്കണ്ടം എസ്ഐ റസാഖിന്റെ മുന്നിൽ ബൈക്കിലെത്തിയ സംഘം പെടുന്നത്. പോലീസ് ചോദ്യംചെയ്തപ്പോൾ കുരിശുമല കയറാനാണ് എത്തിയതെന്നാണ് ആദ്യം പറഞ്ഞത്.
തുടർന്നുനടത്തിയ ചോദ്യം ചെയ്യലിൽ രാമക്കൽമേട് സന്ദർശിക്കാനാണ് എത്തിയതെന്ന് പോലീസ് മനസിലാക്കി. ഇതിനിടെ ശരിയായ പേര് നൽകിയ ഇവർ വിലാസം തെറ്റിച്ചാണ് നൽകിയത്.
ചക്കുപള്ളം, എഴുകുംവയൽ, ഉടുന്പൻചോല സ്വദേശികളെന്നാണ് പോലീസിനോട് ഇവർ പറഞ്ഞത്. ഇവർ എത്തിയ മൂന്നു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
തുടർന്ന് രാമക്കൽമേട്ടിൽനിന്നും 13 കിലോമീറ്റർ നടന്ന് നെടുങ്കണ്ടത്ത് എത്തുവാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ഇവർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് കേസെടുത്തു.
ആരോഗ്യ വകുപ്പും പോലീസും ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഇവരുടെ യാത്രാവിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.