തലയ്ക്കു പരിക്കേറ്റതറിയാതെ രണ്‍വീർ സിംഗ്. സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ പദ്മാവതിയുടെ ക്ലൈമാക്സ് രംഗങ്ങളിൽ തകർത്തഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്‍വീർ സിംഗ്. ഇടയ്ക്ക് ഭിത്തിയിലിടിച്ച് അദ്ദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റു. സഹപ്രവർത്തകർ വിശ്രമിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതൊന്നും വകവയ്ക്കാതെ രണ്‍വീർ അലാവുദിൻ ഖിൽജിയുടെ റോളിലുള്ള തന്റെ അഭിനയം തുടർന്നു.
തലയിൽനിന്ന് രക്തം ഒഴുകി നിലത്തുവീഴുന്നതുവരെ രണ്‍വീർ അഭിനയം തുടർന്നത്രേ. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുറിവുകൾ തുന്നിക്കെട്ടി വീണ്ടും ഷൂട്ടിംഗ് സ്ഥലത്ത് തിരിച്ചെത്തി അഭിനയം തുടർന്നു. ഈ യുവനടന് അഭിനയത്തോടുള്ള ആത്മാർഥത കണ്ട് പദ്മാവതിയുടെ സെറ്റാകെ അത്ഭുതത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ദീപിക പദുക്കോണാണ് പദ്മാവതിയിലെ നായിക. നേരത്തെ മുംബൈയിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തുന്നതിലുള്ള സൗകര്യം പരിഗണിച്ച് ദീപിക തന്റെ കാമുകൻകൂടിയായ രണ്‍വീർ സിംഗിന്റെ മുംബൈയിലുള്ള അപ്പാർട്ട്മെന്റിലേക്ക് താമസം മാറ്റിയിരുന്നു.