ബ്രോക്കിനെ വിശേഷിപ്പിച്ച വാക്കുകള്‍ കടമെടുത്ത് ഇന്‍സ്റ്റഗ്രാം പോസ്റ്റ്; രണ്‍വീര്‍ സിംഗിന് പോള്‍ ഹെയ്മാന്‍റെ വക്കീല്‍ നോട്ടീസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓരോ ചിത്രത്തിനും അടിക്കുറിപ്പും രണ്‍വീര്‍ നല്‍കിയിരുന്നു. ഇതില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം നിന്ന് എടുത്ത സെല്‍ഫിയ്ക്ക് രണ്‍വീര്‍ കൊടുത്ത അടിക്കുറിപ്പ് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. പ്രശസ്ത ഡബ്ല്യുഡബ്ല്യൂഇ താരം ബ്രോക്ക് ലെസ്‌നറെ വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ വക്കീല്‍ പോള്‍ ഹെയ്മാന്‍ പറഞ്ഞ ഈ വാക്കുകളില്‍ അല്‍പ്പം മാറ്റം വരുത്തിയായിരുന്നു രണ്‍വീറിന്റെ അടിക്കുറിപ്പ്. ഇത് തങ്ങളെ കളിയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പോള്‍ ഹെയ്മാന്‍ രണ്‍വീറിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

‘കഴിക്കൂ.. ഉറങ്ങൂ.. കീഴടക്കൂ.. ഇതെല്ലാം ആവര്‍ത്തിക്കൂ..’ എന്നാണ് ബ്രോക്ക് ലെസ്‌നറെ വിശേഷിപ്പിച്ച് പോള്‍ ഹെയ്മാന്‍ പറഞ്ഞത്. ഈ വാക്കുകളില്‍ അല്പം മാറ്റം വരുത്തി, ‘കഴിക്കൂ.. ഉറങ്ങൂ.. അധികാരം സ്ഥാപിക്കൂ.. ഇതെല്ലാം ആവര്‍ത്തിക്കൂ..ഇത് ഹാര്‍ദിക്.. ഹാര്‍ദിക് പാണ്ഡ്യ മൈ ബോയ്..’ എന്നാണ് രണ്‍വീര്‍ അടിക്കുറിപ്പെഴുതിയത്. ഇതാണ് പോള്‍ ഹെയ്മാനെ ചൊടിപ്പിച്ചത്.

തന്നെ കളിയാക്കുകയാണോ എന്നും രണ്‍വീറിനെ താന്‍ കോടതി കയറ്റുമെന്നും ഹെയ്മാന്‍ താരത്തെ ടാഗ് ചെയ്ത് ട്വിറ്ററില്‍ കുറിച്ചു.. കഴിക്കൂ.. ഉറങ്ങൂ.. കീഴടക്കൂ.. ഇതെല്ലാം ആവര്‍ത്തിക്കൂ.. എന്നതാണ് ശരിയായ വാക്കുകളെന്നും ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. ബ്രോക്ക് ലെസ്‌നറുടെ വാക്യമായി പ്രസിദ്ധിയാര്‍ജിച്ച ആ വാക്കുകള്‍ക്ക് പകര്‍പ്പാവകാശം ആവശ്യപ്പെട്ടു കൊണ്ടാണ് വക്കീല്‍ നോട്ടീസ്.

Related posts