രണ്‍ബീർ കപൂറിനോടുള്ള സ്നേഹം പൊതുവേദിയിൽ ഉറക്കെ പറഞ്ഞ് ആലിയ ഭട്ട്. റാസിയിലെ അഭിനയത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് ആലിയ ആയിരങ്ങളെ സാക്ഷിയാക്കി ഐ ലവ് യൂ രണ്‍ബീർ എന്ന് ഉറക്കെ പറഞ്ഞത്.
“മേഘ്ന ഗുൽസാർ, എന്നെ സംബന്ധിച്ചടുത്തോളം റാസി നിങ്ങളാണ്. നിങ്ങളുടെ വിയർപ്പും രക്തവുമാണ് ഈ സിനിമ. നിങ്ങളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ. വിക്കി കൗശാൽ നീയില്ലായിരുന്നുവെങ്കിൽ ഈ ചിത്രം പൂർണമാകില്ലായിരുന്നു. നന്ദി, എന്റെ വഴികാട്ടിയായ കരണിന്. എന്റെ പിതാവും ഫാഷൻ പോലീസുമായതിന്. ഈ രാത്രി സ്നേഹത്തിന്റേതാണ്. എന്റെ പ്രിയപ്പെട്ടവൻ അവിടെയുണ്ട്. രണ്‍ബീർ നിന്നെ ഞാൻ സ്നേഹിക്കുന്നു’. ആലിയ പറഞ്ഞു.
ദീർഘ നാളുകളായി പ്രണയത്തിലാണ് ഇരുവരും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര റിലീസിനൊരുങ്ങുകയാണ്. അമിതാഭ് ബച്ചൻ, നാഗാർജുന, ഡിമ്പിൾ കപാഡിയ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.