പത്മാവത് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് നടി ദീപിക പദുക്കോണിനെതിരേ ഭീഷണി ഉയർന്നപ്പോൾ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് നടൻ രൺവീർ സിംഗ്.ഭീഷണിക്കെതിരേ ഉടൻ താൻ പ്രതികരിക്കാൻ തുനിഞ്ഞെങ്കിലും അത് പ്രശ്നം ആളിക്കത്തിക്കുകയേയുള്ളൂ എന്ന് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി ഉപദേശിച്ചതിനെത്തുടർന്ന് താൻ സ്വയം നിയന്ത്രിക്കുകയായിരുന്നെന്നും രൺവീർ പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രൺവീർ സിംഗ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
തനിക്ക് പ്രതികരിക്കാൻ സാധിക്കാത്തതിനാൽ തന്റെ ദേഷ്യം മുഴുവൻ അഭിനയത്തിലേക്ക് വഴി തിരിച്ചുവിട്ടെന്നും രൺവീർ പറയുന്നു. ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയെ അവതരിപ്പിച്ചത് രൺവീർ സിംഗാണ്. ചിത്രം പുറത്തിറങ്ങിയാൽ തങ്ങൾ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രജപുത്ര കർണിസേന എന്ന സംഘടനയിൽപ്പെട്ടവർ ആദ്യം ഭീഷണി മുഴക്കിയത്. പിന്നീട് നടി ദീപികയുടെല മൂക്കു ചെത്തുമെന്നും തല വെട്ടുമെന്നും ഭീഷണി ഉയർന്നു.
ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയും റാണി പത്മിനിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ഉണ്ടെന്ന വാർത്ത പരന്നതിനെത്തുടർന്നാണ് വിവാദവും ഭീഷണിയും ഉണ്ടായത്. ലോകമെന്പാടുമുള്ള പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചതായും രൺവീർ സിംഗ് അഭിപ്രായപ്പെട്ടു.