റാഞ്ചി: മോഷ്ടാവെന്നാരോപിച്ച് ആൾക്കൂട്ടം പോസ്റ്റിൽ കെട്ടിയിട്ടു ക്രൂരമർദനത്തിനിരയാക്കിയ മുസ്ലിം യുവാവ് മരിച്ചു. തബ്രീസ് അൻസാരി എന്ന ഇരുപത്തിനാലുകാരനാണ് ആശുപത്രിയിൽ മരിച്ചത്. ജാർഖണ്ഡിലെ ഖർസ്വാൻ സ്വദേശിയാണ് തബ്രീസ്.
ഈ മാസം പതിനെട്ടിനാണ് ഖർസ്വാനിൽ വച്ച് തബ്രീസ് ആക്രമണത്തിന് ഇരയാകുന്നത്. മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇതിനുശേഷം പോലീസിനു കൈമാറി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കപ്പെട്ട തബ്രീസ് ശനിയാഴ്ച മരിച്ചു. ഈ സമയം ജുഡീഷൽ കസ്റ്റഡിയിലായിരുന്നു തബ്രീസ്.
ധക്തിദിഹ് ഗ്രാമത്തിൽ മോട്ടോർസൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണു തബ്രീസിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചതെന്നാണു റിപ്പോർട്ട്. പൂനയിൽ ജോലി ചെയ്തിരുന്ന തബ്രീസ് കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാനാണു ഗ്രാമത്തിലെത്തിയത്.
തബ്രീസിനെ ആൾക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിനെ ആൾക്കൂട്ടം നിർബന്ധിച്ച് ജയ് ശ്രീറാം, ജയ് ഹനുമാൻ എന്നിങ്ങനെ വിളിപ്പിക്കുന്നതും മരത്തിന്റെ വടി ഉപയോഗിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റു രണ്ടു യുവാക്കൾക്കൊപ്പം മോഷണം നടത്തവെയാണ് തബ്രീസിനെ നാട്ടുകാർ പിടികൂടിയതെന്നും മറ്റു രണ്ടുപേർ ഓടിപ്പോയപ്പോൾ നാട്ടുകാർ യുവാവിനെ മർദിക്കുകയായിരുന്നെന്നും എസ്പി ചന്ദൻ കുമാർ സിൻഹ പറഞ്ഞു.