കൊച്ചി: സൈക്കിളിൽ കാറ്റ് നിറയ്ക്കുന്നതിനിടെ പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ നാടന്പാട്ട് കലാകാരന് അറസ്റ്റിൽ.
നെടുമ്പാശേരി നായത്തോട് സ്വദേശി രതീഷ് (40) ആണ് അറസ്റ്റിലായത്. കാഞ്ഞൂർ നാട്ടുപൊലിമ നാടൻ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരനാണ് രതീഷ്.
ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമ്പാശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കാലടി പഞ്ചായത്തിലാണ് സംഭവം.
സൈക്കിൾ റിപ്പയറിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു രതീഷ്. പഞ്ചർ ഒട്ടിച്ച ശേഷം പെൺകുട്ടികളെകൊണ്ട് സൈക്കിളിൽ കാറ്റടിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഇയാളുടെ രീതി.
പെൺകുട്ടികൾ കാറ്റ് നിറയ്ക്കുമ്പോൾ താഴെ മൊബൈൽ ഫോൺ വച്ചായിരുന്നു ചിത്രീകരണം.
എന്നാൽ ഇയാളുടെ വിക്രിയ ശ്രദ്ധയിൽപ്പെട്ട ഒരു പെൺകുട്ടി കാട്ടിയ ധീരതയാണ് പിടിവീഴാൻ കാരണമായത്.
സൈക്കിൾ റിപ്പയറിംഗിനുവന്ന പെൺകുട്ടികളിൽ ഒരാളെക്കൊണ്ട് ഇയാൾ കാറ്റ് നിറപ്പിച്ചു. എന്നാൽ ടയറിന്റെ കാറ്റ് ഊരിവിട്ട ശേഷം വീണ്ടും മറ്റൊരു പെൺകുട്ടിയോട് നിറയ്ക്കാൻ ആവശ്യപ്പെട്ടു.
ഇത് ആവർത്തിച്ചപ്പോൾ പെൺകുട്ടികളിലൊരാൾക്ക് സംശയം തോന്നി. ഇയാളുടെ മൊബൈൽ ഫോൺ താഴെവച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി ഇതെടുക്കാൻ ശ്രമിച്ചു.
പെൺകുട്ടിയുടെ കാലിൽ പിടിച്ചു വീഴ്ത്തി ഇയാൾ ഫോണിൽ പിടിത്തമിട്ടു. മൽപിടുത്തം നടത്തിയാണു പെൺകുട്ടി ഇയാളുടെ പക്കൽ നിന്നു ഫോൺ സ്വന്തമാക്കിയത്.
ഫോൺ കൈക്കലാക്കിയതോടെ രതീഷിനെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതിൽ ചാടിക്കടന്ന് ഓടി. പിതാവിന്റെ അടുത്തെത്തി ഫോൺ പിതാവിനെ ഏൽപ്പിച്ചു.
വിവരങ്ങൾ ചോദിച്ചറിഞ്ഞ പിതാവ് പോലീസിൽ പരാതിനൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ ക്യാമറയിൽ പകർത്താൻ ശ്രമിച്ചതു കണ്ടെത്തി.
ഇതിനു പുറമേ പലപ്പോഴായി പകർത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചിത്രങ്ങളും വിദ്യാർഥിനികളുടേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.