കോട്ടയം: ആശങ്കയേതും വേണ്ട, മലയാളി ഏറ്റവും കൂടുതല്‍ കൊണ്ടാടിയ നോവലിന്റെ, എംടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രഭാഷ്യം വരും. അതും ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമായിത്തന്നെ. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവുമായി നിര്‍മാതാവ് ബി.ആര്. ഷെട്ടിയും സംവിധായകന് വി.എ. ശ്രീകുമാറും രംഗത്തെത്തി.
അടുത്ത വര്‍ഷം ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നലെ ഇരുവരും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഷെട്ടിതന്നെയാണ് രണ്ടാമൂത്തിന്റെ ഷൂട്ടിംഗിനെ സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ സംവിധായകന് ശ്രീകുമാറും രണ്ടാമൂഴത്തിന്റെ പുരോഗതി വെളിപ്പെടുത്തി.
‘അതെ, ആ വലിയ വാര്‍ത്ത ഇതാ, ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രം രണ്ടാമൂഴത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജൂലൈയില്‍ ആരംഭിക്കും’. -ബി.ആര്. ഷെട്ടി ട്വിറ്ററില്‍ കുറിച്ചു.‘ഇത്രയും നാളും ഒരു സ്വപ്നത്തിന്റെ പിന്നാലെയായിരുന്നു. ഇനി അത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു. വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ്് ബി.ആര്. ഷെട്ടിയുമായി നടത്തി. ഇത്തരത്തിലൊരു സിനിമയുമായി മുന്നോട്ടുപോകാനുള്ള എല്ലാ പിന്തുണയും അദ്ദേഹം നല്കി.
ഈ സിനിമയില്‍ വിശ്വസിച്ച് 1000 കോടി രൂപ മുതല്‍മുടക്കാനായി വന്ന അദ്ദേത്തിനു പ്രത്യേക നന്ദി. എന്നെ വിശ്വസിച്ച് തിരക്കഥയേല്പ്പിച്ച എംടി സാറിനും ഈ സിനിമയുടെ നെടുന്തൂണാകുന്ന മോഹന്‍ലാലിനും നന്ദി’ -ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതിയ രണ്ടാമൂഴം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്.മലയാളികളുടെ പ്രിയതാരം മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്.
മറ്റുള്ള കഥാപാത്രങ്ങളെ തീരുമാനിക്കുന്നതിനായി ഒരു അന്താരാഷ്്ട്ര കാസ്റ്റിംഗ് ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. അവര്‍ ഇതിനോടകം ഓരോ കഥാപാത്രവും ആരൊക്കെ ചെയ്യുമെന്നു തീരുമാനിച്ചു കഴിഞ്ഞു. ഓരോ കഥാപാത്രത്തെയും പഠിച്ച് അവര്‍ക്ക് അനുയോജ്യരായവരെ കണ്ടെത്തുകയെന്നതായിരുന്നു അവരുടെ ജോലി. രണ്ടാമൂഴത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗ് വരും മാസങ്ങളിലുണ്ടാകുമെന്നാണ് സംവിധായകന് വ്യക്തമാക്കുന്നത്. അപ്പോള്‍ മാത്രമേ, ആരൊക്കെ സിനിമയില്‍ അഭിനയിക്കുമെന്ന കാര്യം വ്യക്തമാകൂ.
ഒടിയന് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് രണ്ടാമൂഴത്തിന്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനു സംഗീതമൊരുക്കാന്‍ എ.ആര്. റഹ്്മാനെത്തുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ലോകോത്തര ആക്്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കറാകും സിനിമയിലെ യുദ്ധവും ആക്ഷനും ഡിസൈന്‍ ചെയ്യുക. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ സിനിമ നിര്‍മിക്കും.
2016ലാണ് രണ്ടാമൂഴം ആയിരംകോടി ബജറ്റില്‍ പുറത്തിറങ്ങുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് പല ഘട്ടങ്ങളിലും സിനിമ നടക്കുമോ എന്ന ആശങ്ക പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍, ആശങ്കയുടെ കാര്‍മേഘങ്ങള്‍ മാറിക്കൊണ്ടാണ് ഇപ്പോള്‍ ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.സിനിമയുടെ ലൊക്കേഷനുകളടക്കം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു.
ബോളിവുഡ്, ഹോളിവുഡ്, തെന്നിന്ത്യന്‍ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടും. കേരളത്തില്‍ രണ്ടാമൂഴമായും മറ്റു സ്ഥലങ്ങളില്‍ മഹാഭാരത എന്ന പേരിലുമായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്.