കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ നോവലായ രണ്ടാമൂഴത്തിന്റെ തിരക്കഥയിൽ സംവിധായകൻ ശ്രീകുമാർ മേനോൻ സിനിമയൊരുക്കുന്നതു കോടതി തടഞ്ഞു. എം.ടിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോഴിക്കോട് മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. ഹർജിയിൽ ശ്രീകുമാരൻ മേനോൻ അടക്കമുള്ളവർക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിർദേശിച്ചു. കേസ് ഈ മാസം 25-ന് വീണ്ടും പരിഗണിക്കും.
തിരക്കഥ നൽകി നാലുവർഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രണ്ടാമൂഴം സിനിമയിൽനിന്ന് എം.ടി വാസുദേവൻ നായർ പിൻവാങ്ങിയത്. സിനിമയ്ക്കായി തയാറാക്കിയ തിരക്കഥ തിരികെ ലഭിക്കണമെന്നും തിരക്കഥ കൈമാറുന്പോൾ മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുമെന്നും എം.ടി ഹർജിയിൽ വ്യക്തമാക്കി. താൻ വർഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂർത്തിയാക്കിയത്. എന്നാൽ ഈ ആത്മാർഥത ചിത്രത്തിന്റെ അണിയറക്കാർ കാണിച്ചില്ലെന്ന് എം.ടി പറയുന്നു.
വി.എ. ശ്രീകുമാർ മേനോൻ ആണ് നിർദിഷ്ട സിനിമയുടെ സംവിധായകൻ. നിർമാതാവ് ബി.ആർ ഷെട്ടിയും. 2019 ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിൽ നിർമാതാവ് അറിയിച്ചിരുന്നത്. ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച് 1000 കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. എം.ടിയുടെ വിഖ്യാതമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. മോഹൻലാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.