കൊച്ചി: പ്രശസ്ത നോവൽ “രണ്ടാമൂഴം’ സിനിമയാക്കാനുള്ള കരാർ, സംവിധായകനായ വി.എ. ശ്രീകുമാർ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി എഴുത്തുകാരനായ എം.ടി. വാസുദേവൻ നായർ കോഴിക്കോട് ഫസ്റ്റ് അഡീഷണൽ മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ നടപടികൾ തുടരാമെന്നു ഹൈക്കോടതി.
എം.ടി നൽകിയ കേസിൽ മധ്യസ്ഥ ചർച്ച വേണമെന്ന ശ്രീകുമാറിന്റെ ആവശ്യം മുൻസിഫ് കോടതിയും കോഴിക്കോട് ജില്ലാ കോടതിയും തള്ളിയിരുന്നു. ഇതിനെതിരേ ശ്രീകുമാർ നൽകിയ ഹർജി തള്ളിയാണ് സിംഗിൾ ബെഞ്ചിന്റെ തീരുമാനം. പരാതിയുമായി ബന്ധപ്പെട്ട ജില്ലാ കോടതിയുടെ നിരീക്ഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.ടിയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
രണ്ടാമൂഴം സിനിമയാക്കാൻ എം.ടിയും ശ്രീകുമാറും 2014 ലാണ് കരാർ ഒപ്പുവച്ചത്. സിനിമ മൂന്നു വർഷത്തിനുള്ളിൽ ചെയ്യാമെന്നായിരുന്നു കരാർ. കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം കൂടി നൽകിയിട്ടും സിനിമ യാഥാർഥ്യമായില്ല. തുടർന്നാണ് കരാർ ലംഘനമാരോപിച്ചു ശ്രീകുമാറിനെതിരേ എം.ടി മുൻസിഫ് കോടതിയെ സമീപിച്ചത്.