കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനെതിരേയുള്ള കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ടു പോകുമെന്നും കോഴിക്കോട് അഡിഷണൽ മുൻസിഫ് കോടതി അറിയിച്ചു. കേസ് അടുത്ത മാസം ഏഴാം തിയതി വീണ്ടും പരിഗണിക്കും.
സിനിമയുമായി ബന്ധപ്പെട്ട കേസിൽ മധ്യസ്ഥ ചർച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തിരക്കഥ തിരിച്ചുനൽകണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നൽകിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചർച്ചയുടെ സാഹചര്യം നിലനിൽക്കുന്നല്ലെന്നുമാണ് എം.ടിയുടെ നിലപാട്.
സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും കേസ് വേഗം തീരണമെന്ന് ആഗ്രഹമുണ്ടെന്നും അതുകൊണ്ട് ചർച്ചയ്ക്കായി മധ്യസ്ഥനെ വയ്ക്കണമെന്നുമായിരുന്നു സംവിധായകൻ ശ്രീകുമാർ മേനോൻ കോടതിയോട് അവശ്യപ്പെട്ടത്.
മൂന്നുവർഷംകൊണ്ട് സിനിമ നിർമിക്കാമെന്നു കരാറുണ്ടാക്കി നാലുവർഷമായിട്ടും ഒന്നും നടക്കാത്തതിനാലാണ് തിരക്കഥ തിരികെയാവശ്യപ്പെട്ട് എം.ടി. കോടതിയെ സമീപിച്ചത്. ശ്രീകുമാർ മേനോനും എർത്ത് ആൻഡ് എയർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് എതിർ കക്ഷികൾ. ഒക്ടോബർ പത്തിനാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. തിരക്കഥ ഉപയോഗിക്കുന്നതിൽനിന്ന് എതിർകക്ഷികളെ കോടതി താൽകാലികമായി വിലക്കുകയും ചെയ്തിരുന്നു.
പ്രവാസി വ്യവസായി ബി.ആർ. ഷെട്ടി നിർമിക്കുന്ന രണ്ടാമൂഴത്തിൽ മോഹൻലാലിനെയാണു നായകനായി നിശ്ചയിച്ചത്. കരാർ വ്യവസ്ഥയനുസരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും എം.ടി തിരക്കഥ തയാറാക്കിയിരുന്നു.