കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഇടഞ്ഞു നിൽക്കുന്ന ജോസ് – ജോസഫ് വിഭാഗങ്ങൾ യുഡിഎഫിനു തലവേദന. ഇരുവിഭാഗവുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറായില്ലെന്നുംവരുംദിവസങ്ങളിൽ വീണ്ടും ചർച്ച നടത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വ്യക്തമാക്കി.
അകലക്കുന്നം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ്-എം ജോസഫ് വിഭാഗത്തിലെ വിപിൻ തോമസ് ആനിക്കൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കും. ഇതേ വാർഡിൽ കേരള കോണ്ഗ്രസ്-എം ജോസ് വിഭാഗത്തിലെ ജോർജ് മൈലാടിക്ക് ചിഹ്നമായി ഫുട്ബോൾ അനുവദിച്ചു. ഇരു സ്ഥാനാർഥികളും രണ്ടില ചിഹ്നം ആവശ്യപ്പെട്ടതോടെ വരണാധികാരി കാഞ്ഞിരപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.വി. അനിത ഇലക്ഷൻ കമ്മീഷന്റെ നിർദേശത്തിലാണ് ജോസഫ് വിഭാഗത്തിന് രണ്ടില നൽകിയത്.
ആറാം വാർഡ് (പൂവത്തിളപ്പ്) അംഗം കേരള കോണ്ഗ്രസ്-എമ്മിലെ ബേബി പന്തലാനി നിര്യാതനായ ഒഴിവിലാണ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. കോണ്ഗ്രസ്-ഐയുടേത് ഉൾപ്പെടെ ആറു പേർ ഇന്നലെ പത്രിക പിൻവലിച്ചു. കേരള കോണ്ഗ്രസ്-എം ജോസ്, ജോസഫ് സ്ഥാനാർഥികൾക്കു പുറമെ എൽഡിഎഫ് പിൻതുണയുള്ള സ്വതന്ത്രസ്ഥാനാർഥി ആന്റോച്ചൻ മൂങ്ങാമാക്കൽ ആപ്പിൾ ചിഹ്നത്തിലും ബിജെപിയിലെ രഞ്ജിത് താമരയിലും മത്സരിക്കുന്നുണ്ട്.
ആകെ 830 വോട്ടുകളാണ് പൂവത്തിളപ്പ് വാർഡിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബേബി പന്തലാനി 350ൽപരം വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. പൂവത്തിളപ്പ് പഞ്ചായത്ത് ഹാളിൽ രണ്ടു ബൂത്തുകളിലാണ് വോട്ടിംഗ്.
18ന് വോട്ടെണ്ണൽ നടക്കും. കേരള കോണ്ഗ്രസ്-എം ഇരുവിഭാഗവും രംഗത്തുവന്നതോടെ കോണ്ഗ്രസ് നേതൃത്വം ഒത്തുതീർപ്പു ചർച്ചകൾ നടത്തിവരികയാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, ചങ്ങനാശേരി നഗരസഭ, ഏറ്റുമാനൂർ നഗരസഭ, കരൂർ ഗ്രാമപഞ്ചായത്ത് തുടങ്ങി നിരവധിയിടങ്ങളിൽ പദവിമാറ്റ കരാർ ഘടകകക്ഷികൾ പാലിക്കുന്നില്ലെങ്കിൽ അകലക്കുന്നത്തെ തർക്കം സങ്കീർണമാകുമെന്നാണ് കോണ്ഗ്രസ്-ഐ നിലപാട്.