തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശയാത്രയ്ക്കുപോയ ടൂറിസം സെക്രട്ടറി റാണി ജോർജിനെ മടക്കിവിളിച്ചു. അനുവാദം വാങ്ങാതെ പോയതിനാലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലുമാണ് നടപടി.
പാരീസിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് റാണി ജോർജ് പോയത്. 45 ദിവസം മുന്പ് റാണി ജോർജിന് സർക്കാർ വിദേശയാത്രയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നത്. ഇതോടെ സർക്കാരിന്റെ അനുമതിക്ക് സാധുത നഷ്ടമായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാൽ ഐഎഎസ് ഉദ്യോഗസ്ഥർ അടിയന്തര സാഹചര്യത്തിൽ മാത്രമേ യാത്ര നടത്താവൂ എന്നു ചട്ടമുണ്ട്. ഈ സാഹചര്യത്തിൽ വിദേശ യാത്ര നടത്താൻ റാണി ജോർജ് ചീഫ് സെക്രട്ടറിയുടെ അനുമതി തേടേണ്ടിയിരുന്നു. പക്ഷേ, ഇതുണ്ടായില്ല.
ഇതേതുടർന്നാണ് റാണി ജോർജിനെ മടക്കിവിളിക്കാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പിന് ചീഫ് സെക്രട്ടറി നിർദേശം നൽകി. മടങ്ങിവരാനുള്ള നിർദേശം റാണി ജോർജിനു കൈമാറാൻ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോടു പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടു.