വൈക്കം: വീടിനു സമീപത്തു ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ വേസ്റ്റ് കത്തിച്ചതിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട വീട്ടമ്മയെ അയൽവാസി തലയ്ക്കടിച്ചു പരിക്കേൽപിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ വെച്ചൂർ നഗരിനയിൽ പടിഞ്ഞാറെ അന്പാട്ടുചിറയിൽ ജോണ്‍സന്റെ ഭാര്യ റാണി (44) വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം.
കഴിഞ്ഞ ഞായറാഴ്ച സമീപവാസിയുടെ വീടിന്റെ വാസ്തുബലിയോടനുബന്ധിച്ചു നടന്ന സൽക്കാരത്തിന്റെ ഭക്ഷണാവശിഷ്ടങ്ങൾ റാണിയുടെ വീടിന്റെ സമീപത്തെ പുരയിടത്തിൽ നിക്ഷേപിച്ചു.
ഭക്ഷണാവശിഷ്ടങ്ങൾ കടിച്ചുപറിച്ചു തെരുവുനായ്ക്കൾ കടിപിടികൂടി. നായ്ക്കളുടെ നിലയ്ക്കാതെയുള്ള കുര അസുഖബാധിതനായ റാണിയുടെ ഭർത്താവ് ജോണിയെ അസ്വസ്ഥനാക്കി.
ഉറക്കം നഷ്ടപ്പെട്ടാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ട സ്ഥിതിയിലാണ് ജോണ്സണ്. അംബികാമാർക്കറ്റിലെ പബ്ലിക് ലൈബ്രറിയുടെ ലൈബ്രറേറിയനായും വെച്ചൂരിലെ ഹെൽത്ത് വോളണ്ടിയറായും പ്രവർത്തിച്ചിരുന്ന റാണി ഇപ്പോൾ വാഹന വിൽപനശാലയിൽ ജീവനക്കാരിയാണ്.
സമീപത്തെ വീടുകളിൽ കാൻസർ- ആസ്ത്മ ബാധിതരുള്ളതിനാൽ വേസ്റ്റ് നീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് റാണി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
വിവരമറിഞ്ഞെത്തിയ ആശാ പ്രവർത്തകയും മാലിന്യം നിക്ഷേപിച്ച ആളെക്കണ്ടു മാലിന്യം കത്തിക്കരുതെന്നു പറഞ്ഞിരുന്നു.
ഇതു വകവയ്ക്കാതെ അയൽവാസി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂന്പാരത്തിനു തീയിട്ടതിനെ റാണി എതിർത്തതിനെത്തുടർന്നു പ്രകോപിതനായ അയൽവാസി അസഭ്യം പറയുകയും വീട്ടുമുറ്റത്തുകിടന്ന തടിക്കഷണമെടുത്ത് റാണിയെ ആക്രമിക്കുകയുമായിരുന്നുവെന്ന് റാണി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ഭാര്യയെ അടിക്കുന്നതു കണ്ട് ഓടിയെത്തിയ ജോണ്സണ് ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും റാണിയുടെ തലയ്ക്ക് അടിയേറ്റു. ജോണ്‍സന്റ കൈയ്ക്കും വയറിലും ക്ഷതമേറ്റു.
തലയ്ക്കു പരിക്കേറ്റ് ചോരവാർന്ന റാണിയെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാണിയുടെ തലയ്ക്ക് നാല് തുന്നലിട്ടു.
സംഭവത്തിൽ റാണിയുടെ മൊഴി തിങ്കളാഴ്ച രാവിലെ 11.30 ന് പോലീസ് എടുത്തു. പിന്നീട് റാണിയുടെ ഫോണിൽ കേസടുത്തതായി അറിയിപ്പു വന്നതല്ലാതെ മറ്റു നടപടികളുണ്ടായില്ലെന്ന് റാണി ആരോപിച്ചു.
സംഭവത്തിൽ നഗരിന ആരോമൽ ഭവനിൽ ഭാസി (48) യുടെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.