ജിയോ ബേബി സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ പ്രശംസിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി.
സിനിമ കണ്ടതിനുശേഷം നടന് പൃഥ്വി രാജിനാണ് റാണി സന്ദേശം അയച്ചത്. പൃഥ്വി ഇത് സംവിധായകന് ജിയോയ്ക്ക് അയയ്ക്കുകയും, അദ്ദേഹം അത് ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കുകയുമായിരുന്നു.
പൃഥ്വി ജിയോയ്ക്ക് അയച്ചിരിക്കുന്ന വാട്സാപ്പ് സന്ദേശം ഇങ്ങനെയാണ്…. ഹായ് ജിയോ, ഇത് പൃഥ്വിരാജാണ്.
റാണി മുഖര്‍ജി നിങ്ങളുടെ സിനിമ കണ്ടിരുന്നു, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ കുറിച്ച് അവരുടെ ചിന്തകള്‍ അവര്‍ അറിയിച്ചിട്ടുണ്ട്.
അവരുടെ സന്ദേശം ഞാന്‍ നിങ്ങള്‍ക്കായ് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുകയാണ്. ഞാനിനിയും സിനിമ കണ്ടിട്ടില്ല, പക്ഷേ ഈ വലിയ വിജയത്തിന് ആശംസകള്‍.
റാണി മുഖര്‍ജി പൃഥ്വിരാജിനയച്ച സന്ദേശം ഇങ്ങനെയാണ്… പൃഥ്വി ഇത് റാണിയാണ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ കണ്ടിരുന്നു അതൊരു അസാമാന്യമായ സൃഷ്ടിയാണ്.
എനിക്ക് ആ ചിത്രം ഇഷ്ടമായെന്ന് സംവിധായകനെ അറിയിക്കണം. ഈ സമീപകാലത്ത് ഇറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്- റാണി മുഖര്‍ജി കുറിച്ചു.
പൃഥ്വിയും റാണിയും ഒന്നിച്ച് ‘ഐയ്യ’ എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്.
ജനുവരി 15 ന് പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സ്ത്രീ പക്ഷത്ത് നിന്ന് കഥ പറഞ്ഞ് ഒരുപോലെ പ്രേക്ഷകരുടെയും, നിരൂപകരുടെയും കൈയടിനേടുകയും ചെയ്തു.