വടകര: ചേറോട് ചേന്ദമംഗലം റാണി സ്ഥാപനങ്ങളിലെ മാലിന്യ പ്രശ്നം ഉയർത്തിപ്പിടിച്ച് വീണ്ടും സമരം. സമരസമിതി നേതൃത്വത്തിൽ നാട്ടുകാർ വടകര താലൂക്ക് ഓഫീസ് മാർച്ച് നടത്തി. കക്കൂസ് മാലിന്യം കുടിവെള്ള ഉറവിടമായ പൊതുജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനെതിരായ സമരത്തെ തുടർന്നു ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ തഹസിൽദാറും ബന്ധപ്പെട്ട അധികാരികളും മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ചാണ് റാണി മലിനീകരണ വിരുദ്ധ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് ബഹുജനങ്ങൾ മാർച്ച് നടത്തിയത്. സമരം ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജില അന്പലത്തിൽ ഉദ്ഘാടനം ചെയ്തു.
സംരക്ഷണ സമിതി ചെയർമാൻ കെ.ഇ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സമരത്തെ അഭിവാദ്യം ചെയ്തു പി.പി.ചന്ദ്രശേഖരൻ, ഇ പി ദാമോദരൻ, കെ.കെ.സദാശിവൻ, എ കെ വിജയൻ, ജിഷ പനങ്ങാട്ട്, പി.കെ.റീജ, എൻ.കെ.മോഹനൻ, രാജീവൻ ആശാരി മീത്തൽ, പി.സത്യനാഥൻ, പി.പി.രാജൻ, സി.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു. ചോറോട്-നടക്കുതാഴ കനാൽ സംരക്ഷണ സമിതി കണ്‍വീനർ ടി.എൻ.രാജൻ സ്വാഗതവും പി.കെ ദിനേശൻ നന്ദിയും പറഞ്ഞു. സമരം വരും ദിവസങ്ങളിൽ ശക്തമാക്കുവാൻ തീരുമാനിച്ചു.
സമരത്തിനു പിന്നിൽ റാണി സ്കൂളിനെ തകർക്കാനുള്ള ശ്രമമെന്ന്
വടകര: നല്ല രീതിയിൽ പ്രവർത്തിക്കുന്ന റാണി പബ്ലിക് സ്കൂളിനെ നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നതായി സ്കൂൾ അധികൃതർ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് തൽപര കക്ഷികൾ എല്ലാ വർഷവും സ്കൂൾ തുറക്കുന്ന സമയത്ത് മാലിന്യ പ്രശ്നം ഉയർത്തിക്കൊണ്ടുവരുന്നതെന്ന് പ്രിൻസിപ്പൾ ഗീതാലക്ഷ്മി കുറ്റപ്പെടുത്തി.
സ്കൂളിൽ നിന്ന് യാതൊരു മാലിന്യവും പുറത്തുപോകുന്നില്ല. കളക്ടർ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും ഇവിടെ ചെയ്തതാണ്. വിശദമായ പ്രൊജക്ട് റിപ്പോർട്ട് കളക്ടറുടെ പരിഗണനയിലാണ്. റാണി പബ്ലിക് സ്കൂളിൽ നിന്നു മാലിന്യം പുറന്തള്ളുന്നില്ലെന്നും ദിവസം എണ്‍പതിനായിരം ലിറ്റർ മലിനജലം സംസ്കരിക്കാനുള്ള പ്ലാന്റ് നിലവിലുണ്ടെന്നും സ്കൂൾ എക്സിക്യൂട്ടീവ് അംഗം വി.ആർ.സ്വരൂപ് പറഞ്ഞു.
പുറത്തൊഴുകുന്നുവെന്നു പറയുന്ന മലിനജലം യഥാർഥത്തിൽ റാണി സ്കൂളിൽ നിന്നുള്ളതല്ലെന്നും സ്വരൂപ് വ്യക്തമാക്കി.