വി.യു. അജീഷ്
തൃശൂർ: ചെറുപ്പം മുതലേ കണ്ടുവളർന്നതു കാക്കിയാണെങ്കിലും ഡോണ തന്റെ ചിത്രകല്പനകളിൽ നിറം കൊടുത്തതു വർണക്കൂട്ടുകൾക്ക്.
തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ലാൽകുമാറിന്റെയും ദീപ ലാൽകുമാറിന്റെയും മകളായ ഡോണ ലാൽകുമാറാണ് മ്യൂറൽ പെയിന്റിംഗ്, ഡൂഡിൽ ആർട്ട് എന്നിവയിലൂടെ ശ്രദ്ധ നേടുന്ന കലാകാരി.
പൂന്പാറ്റയും ആനയും, ദൈവമുഖങ്ങളും കഥകളിയുമെല്ലാം ഈ കലാകാരിയുടെ ചിത്രശേഖരത്തിലുണ്ട്. ഇന്റർനെറ്റിന്റെ സഹായത്തോടെ ചിത്രങ്ങൾ കണ്ടെത്തുകയും അവയിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയുമാണ് ഡോണ ചെയ്യുന്നത്.
കൊടകര സഹൃദയ കോളജിൽ ബിടെക് വിദ്യാർഥിയായ ഡോണ മൂന്നുവയസിൽ ചിത്രരചന പഠിക്കാൻ പോയിട്ടുണ്ടെങ്കിലും പ്ലസ്ടു കാലത്താണ് ചിത്രകലയിലേക്കു കൂടുതൽ അടുത്തതെന്നു പറയുന്നു.
ചിത്രരചനയ്ക്കു പുറമേ സുഹൃത്തുകളെ ഫാഷൻ ഡിസൈനിംഗിലും ഗ്രാഫിക് ഡിസൈനിംഗിലും സഹായിക്കാനും ഡോണ സമയം കണ്ടെത്തുന്നു.
എംബിബിഎസ് പഠനത്തിനു എൻട്രൻസ് എഴുതി വിജയിച്ച ഡോണയ്ക്കു ബംഗളൂരുവിലാണ് സീറ്റു ലഭിച്ചതെന്നും അതിനാൽ അത് ഒഴിവാക്കിയെന്നും അച്ഛൻ ലാൽകുമാർ പറഞ്ഞു.
ട്രാൻസ്ഫർ ലഭിച്ചതിനെത്തുടർന്ന് ഇന്നലെ മുതൽ എറണാകുളത്താണ് ലാൽകുമാറും കുടുംബവും. പഠനത്തോടൊപ്പം ചിത്രരചനയുമായി മുന്നോട്ടുപോകാനാണ് ഡോണയുടെ തീരുമാനം.
അലിസ്റ്റർ, ആൽഡ്രിൻ എന്നിവരാണ് സഹോദരങ്ങൾ. അലിസ്റ്ററിനു ചിത്രരചനയിൽ താല്പര്യമുണ്ട്.