നെടുംകുന്നം: പൊട്ടി വീണ ലൈൻകന്പിയിൽനിന്നു ഷോക്കേൽക്കാതെ കുടുംബത്തിലെ നാലു പേരെ വളർത്തു നായ രക്ഷിച്ചു. നെടുംകുന്നം തൊട്ടിക്കൽ ചെരിവുവീട്ടിൽ മേരിക്കുട്ടി, മകൾ പ്രിയ, കൊച്ചുമക്കളായ ഹൃദ്യ, വേദ എന്നിവരെയാണ് ഇവരുടെ റാണി എന്ന വളർത്തുനായ രക്ഷിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ ശക്തമായ മഴയിലും കാറ്റിലും തേക്കുമരത്തിന്റ ശിഖരം വീണു വൈദ്യുതി ലൈൻ പൊട്ടി റോഡിൽ വീണു കിടക്കുകയായിരുന്നു. തൊട്ടിക്കലിൽ കട നടത്തുന്ന ഇവർ കട അടച്ചശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇവർക്കു മുൻപിൽ നടന്നിരുന്ന നായ പെട്ടെന്നു ഷോക്കേറ്റു തെറിച്ചു വീണു. എങ്കിലും വീട്ടുകാർക്ക് എന്താണ് സംഭവിച്ചതെന്നു മനസിലായില്ല.
തുടർന്ന് നായ കുരയ്ക്കാൻ തുടങ്ങി. വീട്ടുകാർ മുന്നിലേക്കു പോകാൻ നായ സമ്മതിച്ചില്ല. കുര ശക്തമായതോടെ വീട്ടുകാർ മുന്നിലേക്കു ടോർച്ച് തെളിച്ചു നോക്കിയപ്പോഴാണ് വൈദ്യുതി കന്പി പൊട്ടിക്കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം കറുകച്ചാൽ കെഎസ്ഇബി ഓഫീസിൽ അറിയിച്ചു.
അധികൃതരെത്തി വൈദ്യുതിബന്ധം വിഛേദിച്ചു. ഷോക്കേറ്റ റാണിയുടെ കാലിനു പരിക്കുണ്ട്. രണ്ടുമാസം മുൻപ് വീട്ടിലെത്തിയ തെരുവുനായ ജീവൻ രക്ഷിച്ച സന്തോഷത്തിലാണ് ഇവർ.