ജോണ്സണ് വേങ്ങത്തടം
തൊടുപുഴ: സിസ്റ്റർ റാണി മരിയ ഇന്നു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുന്പോൾ, ബേബി ജോണ് കലയന്താനി രചന നിർവഹിച്ചു സംഗീതം പകർന്ന ഗാനവും ശ്രദ്ധ നേടുന്നു. പുല്ലുവഴിക്കെന്താനന്ദം മഹിമയെഴും ദിനമതുപുളകം എന്നു തുടങ്ങുന്ന ഗാനം യു ട്യൂബിൽ അപ്ലോഡ് ചെയ്ത ആദ്യ ദിനം തന്നെ 67,000 പേർ കേട്ടു. മൂവായിരം പേർ ഷെയർ ചെയ്തു. വിശുദ്ധർ എന്ന ആൽബത്തിനായാണ് ഗാനം ചിട്ടപ്പെടുത്തിയത്.
വിൽസൻ പിറവമാണ് ആലാപനം. ആൽബം ഡയറക്ടർ ലിസി ഫെർണാണ്ട സും കാമറയും എഡിറ്റിംഗും ഉണ്ണി രാമപുരവുമാണ് നിർവഹിച്ചിരിക്കുന്നത്. റിക്കാർഡിംഗിനു ജിന്റോ ജോണ് നേതൃത്വം നൽകി. കൊച്ചി ഗീതം സ്റ്റുഡിയോയിലാണ് ആൽബം ഒരുക്കിയത്. ഗാനം ഹിന്ദി ഉൾപ്പെടെയുള്ള മറ്റു ഭാഷകളിലും ഒരുക്കാൻ ഫാ. ജെസ്റ്റി ചൊവ്വാല്ലുരിന്റെയും പ്രദീപ് ദീപക്കിന്റെയും നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഉത്തരേന്ത്യയിലെ 12 രൂപതയുടെ റിജണൽ കമ്യൂണിക്കേറ്റിവ് സെന്ററായ നവസാധന കമ്യൂണിക്കേഷനാണ് മുൻകൈയെടുക്കുന്നത്. ഇസ്രായേലിൻ നാഥനാകും.., ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ, ഒന്നു വിളിച്ചാൽ ഓടി എന്റെ അരികിലെത്തും, പരിശുദ്ധപരമാം ദിവ്യകാരുണ്യമേ തുടങ്ങിയ ഗാനങ്ങളിലൂടെ ക്രിസ്തീയ ഗാനരചന രംഗത്തു ശ്രദ്ധേയനായ ബേബി ജോണ് കലയന്താനി ഇതിനകം 3,700 ഗാനങ്ങൾ ചിട്ടപ്പെടുത്തിക്കഴിഞ്ഞു.
റാണി മരിയ ഗാനം ഉൾപ്പെട്ട ആൽബത്തിൽ 13 ഗാനങ്ങളാണുള്ളത്. ഫാ.ആന്റണി ഉരുളിയാനിക്കൽ സിഎംഐ, ലിസി ഫെർണാണ്ടസ് തുടങ്ങിയവർ സംഗീതം പകർന്നിട്ടുണ്ട്. കെസ്റ്റർ, വിൽസൻ പിറവം, ഷാൻ ഫെർണാണ്ടസ്, എലിസബത്ത് രാജു, അന്ന ബേബി തുടങ്ങിയവരാണ് ഗായകർ.