റാണിപുരം: റാണിപുരം മലമുകളിലെ പുല്‍മേട് വനംവകുപ്പ് അധികൃതര്‍ തന്നെ തീയിട്ടു നശിപ്പിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധസമരങ്ങള്‍ നടക്കുകയും ഇതിനിടെ കാലംതെറ്റി പെയ്ത മഴയിലും മഞ്ഞിലും പുല്ലുകള്‍ വീണ്ടും തളിര്ത്തുവരികയും ചെയ്തതിനു പിന്നാലെ അന്ന് നടത്തിയത് തീര്‍ത്തും ബുദ്ധിപരവും ശാസ്ത്രീയവുമായ നടപടിയായിരുന്നുവെന്ന വിശദീകരണവുമായി വനംവകുപ്പ് രംഗത്തെത്തി.
പഴയ പുല്ത്തലപ്പുകള് തീയിട്ടു നശിപ്പിച്ചതിനെ തുടര്‍ന്ന് പുതുതായി വളര്‍ന്നുവന്ന പുല്ലുകള്‍ മൂന്നുമാസം വരെ നിലനില്‍ക്കുന്നതിലൂടെ വേനല്‍ക്കാലം മുഴുവനും പച്ചപ്പിന്റെ മനോഹാരിത നിലനിര്‍ത്താനാകുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ഇതിനെ ന്യായീകരിക്കുന്നതിനായി കര്‍ണാടക വനത്തോട് ചേര്‍ന്ന ഭാഗത്ത് ഇപ്പോള്‍ ഉണങ്ങിക്കിടക്കുന്ന പുല്‍മേടും തൊട്ടടുത്ത് കേരളത്തിന്റെ ഭാഗത്ത് നിറഞ്ഞുനില്ക്കുന്ന പച്ചപ്പും കാണിക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
ഉണങ്ങിയ പുല്ലുകളില്‍ സിലിക്കയുടെ അംശം കൂടുതലുള്ളതിനാല്‍ മാനും മുയലും മുതല്‍ ആന വരെയുള്ള സസ്യഭുക്കുകള്‍ അത് ഭക്ഷിച്ചാല്‍ അവയുടെ പല്ലുകള്‍ അകാലത്തില്‍ കൊഴിഞ്ഞുപോകാനും പിന്നീട് അധികം തീറ്റയെടുക്കാനാകാതെ അവ അകാലത്തില്‍ മരണപ്പെടാന്‍ ഇടയാക്കുമെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.
ഇത്തവണ റാണിപുരത്തു മാത്രം എല്ലാ സീസണിലും പച്ചപ്പുല്ലുതന്നെ കിട്ടുമെന്നതിനാല്‍ ഇവിടുത്തെ മൃഗങ്ങള്‍ക്ക് ആ റിസ്കും ഒഴിവാകും. പഴയ പുല്ലുകള്‍ കത്തിയമര്‍ന്നതിന്റെ ചാരം വളമാക്കി പുതിയ പുല്ലുകള്‍ കൂടുതല്‍ സമൃദ്ധിയോടെ തളിര്‍ക്കുന്നതും കാണുന്നുണ്ട്.
കാട്ടുതീ തടയുന്നതിനും വര്‍ഷം മുഴുവനും പച്ചപ്പ് നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള കണ്ട്രോള്ഡ് ബേണിംഗ് എന്ന രീതിയാണ് റാണിപുരത്ത് നടപ്പാക്കിയതെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു.
20 ഹെക്ടറോളം വരുന്ന പുല്‍മേട് ഘട്ടംഘട്ടമായാണ് കത്തിച്ചത്. റാണിപുരം മലമുകളില്‍ കാട്ടുതീയുണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടാണ്.
പനത്തടി സെക്ഷനില്‍ ജീവനക്കാരുടെ കുറവുമുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് തികച്ചും ബുദ്ധിപരമായ രീതിയില്‍ വനംവകുപ്പ് തന്നെ ഘട്ടംഘട്ടമായി പുല്ലുകളെല്ലാം കത്തിച്ചുകളഞ്ഞതെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.
എന്നാല്‍ പുല്‍മേടുകള്‍ കത്തിച്ചുകളഞ്ഞതിനെതിരെ തുടക്കത്തില്‍ വിനോദസഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഭാഗത്തുനിന്നും പിന്നീട് വിവിധ രാഷ്ട്രീയ ബഹുജന സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധവും സമരപരിപാടികളും അരങ്ങേറിയപ്പോള്‍ തന്നെ ഈ കാര്യങ്ങള്‍ വിശദീകരിച്ച് എല്ലാവരേയും ബോധ്യപ്പെടുത്താതിരുന്നത് എന്തുകൊണ്ടായിരുന്നുവെന്ന ചോദ്യം ബാക്കിനില്ക്കുന്നു.
ഒരു മാസത്തിലേറെ കഴിഞ്ഞപ്പോള്‍ ഭാഗ്യത്തിന് പുല്ലെല്ലാം വീണ്ടും തളിര്ത്തുവന്നതുകൊണ്ട് വനംവകുപ്പിലെ ഏതോ ബുദ്ധികേന്ദ്രങ്ങളുടെ തലയിലുദിച്ചതാകാം പുതിയ വിശദീകരണമെന്നാണ് പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.