രാജപുരം: റാണിപുരത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സ്വകാര്യ സംരംഭകരുടെ നേതൃത്വത്തിൽ വനാതിർത്തിയോട് ചേർന്ന് ഒരുക്കിയ വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനും വെള്ളത്തിൽ ഇറങ്ങാനും കഴിയുന്ന വിധത്തിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്.
35 അടി ഉയരത്തിൽ നിന്നും വീഴുന്ന വെള്ളച്ചാട്ടത്തിൽ അപകടമില്ലാതെ കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നിലവിൽ റാണിപുരത്ത് വിനോദങ്ങൾക്കായി മറ്റു സൗകര്യങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സഞ്ചാരികൾ വനത്തിലൂടെ മാന്യ മലയിലേക്ക് സഞ്ചാരം നടത്തി പ്രകൃതിസൗന്ദര്യം കണ്ട് ആസ്വദിച്ച് തിരിച്ചു പോകുമായിരുന്നു.
ഇതിലൂടെയുള്ള വനയാത്ര വയോധികർക്കും കുട്ടികൾക്കും ദുഷ്കരമായിരുന്നു അതിനാൽ ഇവർക്ക് മലകയറാൻ കഴിയാറില്ല. ഇതിന് പരിഹാരമെന്നോണം ആണ് പഞ്ചായത്തിന്റെ സഹകരണത്തോടെ വനാതിർത്തിയിൽ തന്നെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഒരുക്കിയത് എന്ന് സംരംഭകർ പറയുന്നു. ഇതോടൊപ്പം പൂന്തോട്ടം, ചിൽഡ്രൻസ് പാർക്ക് എന്നിവയുടെ നിർമാണവും ആലോചനയിലാണ്.