സഞ്ചാരികളുടെ പറുദീസയാവുകയാണ് റാണിപുരം. കർണാടകയിലെ പ്രശസ്തമായ മടിക്കേരി, തലക്കാവേരി വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു സമീപം ജൈവവൈവിധ്യങ്ങളുടെ കലവറയാണിവിടം. ബ്രഹ്മഗിരിയുടെ കൈവഴിയായും അറിയപ്പെടുന്നു. പ്രകൃതി രമണീയമായ റാണിപുരം സഞ്ചാരികളെ മാടി വിളിക്കുകയാണ്. അത്യാധുനിക രീതിയിൽ നിർമിച്ച കോട്ടേജുകൾ, ഫാമിലി റൂമുകൾ, റസ്റ്റോറന്റ്, ടോയ്ലറ്റുകൾ, പവലിയൻ, കോണ്ഫറൻസ് ഹാൾ എന്നിവകൊണ്ടെല്ലാം ഇവിടം സന്പന്നമാണ്.
ഉത്തര കേരളത്തിന്റെ ഉൗട്ടി എന്നറിയപ്പെടുന്ന റാണിപുരത്ത് ഏതു കൊടുംവേനലിലും തണുത്ത കാലാവസ്ഥയാണ്. മാടത്തുമല എന്ന പേരിലറിയപ്പെടുന്ന ഉൗട്ടിയുടെ പ്രകൃതി സൗന്ദര്യത്തോടു കിടപിടിക്കുന്ന പ്രദേശം പനത്തടി പഞ്ചായത്തിലാണു സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട് മാവുങ്കാലിൽ നിന്നും പാണത്തൂർ തലക്കാവേരി റൂട്ടിൽ പനത്തടിയിൽ നിന്ന് ഒൻപതു കിലോമീറ്റർ പുതുക്കി നിർമിച്ച റോഡിലൂടെ റാണിപുരത്തെത്താം.
റാണിപുരത്തു നിന്ന് കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുടക്, കുശാൽ നഗർ, മൈസൂർ എന്നിവിടങ്ങളിലേക്കു എളുപ്പത്തിലെത്താം. കേരള അതിർത്തിയായ പാണത്തൂരിൽ നിന്നും തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 80 കിലോമീറ്ററും എരുമാട്ദർഗ്ഗയിലേക്ക് 60 കിലോമീറ്ററുമാണ് ദൂരം. കർണാടക,കേരള അതിർത്തിയിലുളള. നിരവധി വലുതും ചെറുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ റാണിപുരത്തിന്റെ ചുറ്റിലുമുണ്ടെന്നതു പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നു. റാണിപുരം അടിവാരത്തിൽ നിന്ന് ഒന്നരകിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചാൽ മേൽതട്ടിലെ വിശാലമായ പുൽമേടയിലെത്താം. അടുത്തിടെ നിർമാണം പൂർത്തിയായ പാണത്തൂർ കുണ്ടുപ്പള്ളി റോഡിലൂടെ കർണാടകയിൽ നിന്നുൾപ്പെടെ എത്തുന്ന സഞ്ചാരികൾക്കു മുൻ വഴിയേക്കാൾ പകുതിയിലധികം കിലോമീറ്റർ ലാഭത്തിൽ റാണിപുരത്തെത്താം.
മനംകവരുന്ന കാഴ്ച്ചകൾ
പ്രകൃതിദത്ത ഗുഹ, നീരുറവ, പാറക്കെട്ട് എന്നിവയെല്ലാം ഇവിടെയെത്തുന് സഞ്ചാരികളുടെ മനം കവരും. ഇടയ്ക്കിടെ പഞ്ഞിക്കെട്ടുപോലെ പറന്നെത്തുന്ന കോടമഞ്ഞും കുളിരും പ്രകൃതി സൗന്ദര്യത്തിന്റെ ആഴം വർധിപ്പിക്കുന്നു. അപൂർവ സസ്യ ജൈവ സന്പത്തുക്കളുടെ കലവറയായ ഇവിടുത്തെ വനത്തിൽ കാട്ടാനകൾ, പുളളിപ്പുലി, കാട്ടുപോത്ത്, കേഴമാൻ, മലയണ്ണാൻ എന്നിവയെല്ലാം സ്വഛമായി വിഹരിക്കുന്നു.
സഞ്ചാരികൾക്കായി ട്രെക്കിംഗും
റാണിപുരത്തെത്തുന്ന ഓരോ സഞ്ചാരിയും ഒരു ട്രെക്കിംഗ് ആഗ്രഹിക്കാതിരിക്കില്ലെന്നു ഉറപ്പാണ്. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെയാണു ഇവിടെ ട്രക്കിംഗ്. താഴെ നിന്നും രണ്ടര കിലോമീറ്റർ ദൂരത്തിലാണു ട്രക്കിംഗ് നടത്തുന്നത്. അതിരാവിലെ മുതൽ നടത്തുന്ന ട്രെക്കിംഗിനാണ് തിരക്കേറുന്നത്. ഇവിടുത്തെ കാലാവസ്ഥ വളരെ തണുത്തതും ആസ്വാദ്യകരവുമാണ്.
വില്ലനായി പ്ലാസ്റ്റിക് കുപ്പികൾ
സഞ്ചാരികൾ വനത്തിലുപേക്ഷിക്കുന്ന ശീതളപാനീയ കുപ്പികളും ഭക്ഷണാവശിഷ്ടം പൊതിഞ്ഞ പ്ലാസ്റ്റിക് പേപ്പറുകളും മിഠായി പൊതികളും വന്യ മൃഗങ്ങളുടെ അന്തകരാവുകയാണ്. ഒരുവർഷം മുന്പു വനാതിർത്തിയിൽ ചരിഞ്ഞ ആനയുടെ വയറ്റിൽ നിന്നു ലഭിച്ച പ്ലാസ്റ്റിക് മാലിന്യം ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. ഭക്ഷണാവശിഷ്ടങ്ങൾ വേർതിരിച്ചു തിന്നുന്ന കുരങ്ങ·ാർ മാത്രമാണു ഇവയുടെ ഭീഷണിയിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെടുന്നത്.
പ്രതീക്ഷ പകർന്നു വനംവകുപ്പ്
വനത്തിനുള്ളിലും പുൽമേടുകളിലും പ്ലാസ്റ്റിക് മാലിന്യം വർധിച്ചതോടെ ഉദ്യോഗസ്ഥ നിയന്ത്രണവും വന്നു. ഇതിന്റെ ഭാഗമായി രണ്ടു വഴികളിലൂടെ പുൽമേടു കയറിയിരുന്ന സഞ്ചാരികളെ ഇപ്പോൾ ഒരു വഴിയിലൂടെയാക്കി. പ്രവേശന കവാടത്തിൽ ഓഫീസും സ്ഥാപിച്ചു. മേൽനോട്ടത്തിനു ഗാർഡുമാരുമുണ്ട്. വനത്തിനുള്ളിൽ പ്ലാസ്റ്റിക് കൊണ്ടുപോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയെന്നു മാത്രമല്ല സഞ്ചാരികൾക്കു ലേബൽ പതിച്ചു ഫീസും ഏർപ്പെടുത്തി. ഇതോടെ ഒരു വർഷത്തിലേറെയായി തുടങ്ങിയ പദ്ധതി ഫലം കാണുകയും ചെയ്തു. വനമേഖലയും പുൽമേടും ഇതോടെ പ്ലാസ്റ്റിക് രഹിതമാവുകയും ചെയ്യും.