നവാസ് മേത്തർ
തലശേരി: നാദാപുരം സ്വദേശിയായ റാനിഷ് ഇഖ്ബാൽ താനി എന്ന പ്ലസ് ടൂ വിദ്യാർഥിനി സംവിധാനം ചെയ്ത “ദ ലൈറ്റ് ഓഫ് മൈ ലൈഫ്’ എന്ന ഹ്രസ്വചിത്രം നവ മാധ്യമങ്ങളിൽ വൈറലാകുന്നു.
അധ്യാപകർ കേവലം പാഠപുസ്തക വിജ്ഞാനത്തിന്റെ ഉറവിടമല്ല, മറിച്ച് വിലയേറിയ പാഠങ്ങളുടെ കിരണങ്ങളാൽ വിദ്യാർഥികളിൽ പ്രകാശിക്കുകയും ചെയ്യുന്ന ഒരു മെഴുകുതിരി പോലെയാണ് എന്ന സന്ദേശമാണ് ദ ലൈറ്റ് ഓഫ് മൈ ലൈഫ് എന്ന ഹ്രസ്വചിത്രം മുന്നോട്ട് വെക്കുന്നത്.
കുട്ടിക്കാലം മുതൽ ഞങ്ങളെ വളർത്തിയ സ്നേഹനിധികളായ അധ്യാപകർക്ക് ഞങ്ങൾ ഈ ഹ്രസ്വചിത്രം സമർപ്പിക്കുന്നു എന്ന മുഖവുരയോടയാണ് ചിത്രം ആരംഭിക്കുന്നത്.
അധ്യാപകരുടെ അത്ഭുതകരമായ കഠിനാധ്വാനത്തിനും സ്ഥിരമായ പരിചരണത്തിനും നന്ദി പറയാനും റാനിഷ് മറന്നില്ല.
കുട്ടിക്കാലത്ത് അമ്മയെ നഷ്ടപ്പെട്ട് മദ്യപാനിയായ അച്ഛനൊപ്പം വളരുന്ന ചെറുപ്പവും വികൃതിയുമായ ഷാൻ എന്ന ആൺകുട്ടിയെ തന്റെ ജീവിതം മികച്ചതാക്കി മാറ്റിയ മിസ് സനയ എന്ന അധ്യാപികയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് ചിത്രം.
ഫാത്തിമ ദാനിയ, അലിസയാൻ, ലുവായ് അയ്ഹാം എന്നിവരാണ് അഭിനേതാക്കൾ. അധ്യാപക ദിനത്തോട് അനുബന്ധിച്ച് ഒരു ഷോർട് ഫിലിം ചെയ്യണം എന്ന ആഗ്രഹം റാനിഷ് ഇഖ്ബാൽ ക്ലാസ് ടീച്ചറോട് പറയുകയും തുടർന്ന് സ്കൂൾ അധികൃതർ അനുമതി നൽകുകയുമായിരുന്നു.
സ്കൂളിലെ എല്ലാ ക്ലാസിലെയും അഭിനയിക്കാൻ താത്പര്യമുള്ള കുട്ടികളെ വിളിച്ചു ഓഡിയേഷൻ നടത്തി മികച്ച കുട്ടികളെ തെരഞ്ഞെടുക്കുകയായിരുന്നു.
സംവിധാനത്തിനു പുറമെ കഥ,തിരക്കഥ, ഡയലോഗ്, എഡിറ്റിംഗ്, കാമറ,മേക്കപ്പ്, പശ്ചാത്തല സംഗീതം എന്നിവ എല്ലാം നിർവഹിച്ചതും റാനിഷ് ഇഖ്ബാലാണ്.
ഐ ഫോൺ ഉപയോഗിച്ചായിരുന്നു മുഴുവൻ കാര്യങ്ങളും ചെയ്തത്. മുൻ പരിചയം ഒന്നും ഇല്ലാതെ മികച്ച ഹ്രസ്വചിത്രം തയാറാക്കിയ റാനിഷ് ഇഖ്ബാലിനെ തേടി അഭിനന്ദന പ്രവാഹങ്ങളാണ് എന്തുന്നത്.
കോഴിക്കോട് ഹൈലൈറ്റ് ദ വൈറ്റ് സ്കൂൾ ഇന്റർ നാഷണൽ സാരഥി സുലൈമാനും മകൻ അജിൽ സുലൈമാനും ചേർന്ന് റാനിഷ് ഇഖ്ബാലിനെ ആദരിച്ചു.
സിനിമ നടൻ നിവിൻ പോളിയും റാനിഷ് ഇഖ്ബാലിന് ഉപഹാരം നൽകി ആദരിച്ചു. വ്യാപാര പ്ര മുഖനും സാമൂഹ്യ പ്രവർത്തകനുമായ നാദാപുരം സ്വദേശി ഇഖ്ബാൽ താനിയുടെയും റാഷിനയുടെയും മകനാണ് റാനിഷ് ഇഖ്ബാൽ . സഹോദരങ്ങൾ: റിസിൻ ഇഖ്ബാൽ, റോവ നഫീസ.