“രക്ഷാധികാരി ബൈജു ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമ കണ്ടില്ലെങ്കിൽ മോശമാണ്, എല്ലാവരും പോയി കാണണമെന്ന് എല്ലാവരോടും പറയുന്ന തരത്തിലുള്ള ഹിറ്റായി മാറിയിരിക്കുന്നു. ഒരു മലയാളി കണ്ടിരിക്കേണ്ട ഒരു മലയാളചിത്രം. കുട്ടികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം. കുട്ടികളെയും കുടുംബത്തെയും ഇഷ്ടപ്പെടുത്തുന്ന ഘടകങ്ങൾ ഈ സിനിമയിലുണ്ട്. മലയാളി ഹൃദയങ്ങളെ മുന്നിൽക്കണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. എല്ലാവരെയും രസിപ്പിക്കുന്ന സിനിമയാണിത്. അത്തരം ഫീഡ്ബാക്കുകൾ ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നും ഒരുപാടു കിട്ടിക്കഴിഞ്ഞു. ഈ സിനിമ വളരെ ആഴത്തിലാണു സ്വീകരിക്കപ്പെടുന്നത്. നരൻ എന്ന സിനിമ കഴിഞ്ഞപ്പോഴാണ് എനിക്ക് ഇതിനുമുന്പ് ഇത്രയും വികാരനിർഭരമായ പ്രതികരണങ്ങൾ കിട്ടിയത്….” ബിജു മേനോൻ ടൈറ്റിൽ റോളിലെത്തിയ മാസ് എന്റർടെയ്നർ രക്ഷാധികാരി ബൈജു ഒപ്പിന്റെ രചനയും സംവിധാനവും നിർവഹിച്ച രഞ്ജൻപ്രമോദ് സംസാരിക്കുന്നു…
പ്രേക്ഷകരുടെയും സിനിമാലോകത്തിന്റെയും പ്രതികരണം….
ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മലയാളികൾ. ഈ സിനിമ കണ്ടിറങ്ങിയ ആരും ഈ സിനിമയെക്കുറിച്ച് ഒരു മോശം അഭിപ്രായം പറഞ്ഞിട്ടില്ല. എല്ലാവരും വളരെ സ്നേഹത്തോടെ വിളിച്ചു നല്ലൊരു സിനിമ കണ്ടു, താങ്ക്സ് എന്നാണു പറയുന്നത്. അല്ലാതെ നന്നായി എന്നോ എക്സലന്റ് എന്നോ അല്ല. അതിൽ എനിക്കു വളരെ സന്തോഷമുണ്ട്.സിനിമ കണ്ടു മടങ്ങിയശേഷം ഈ സിനിമയിൽ നിന്നു പുറത്തുകടക്കാനായിട്ടില്ലെന്നാണു പലരും പറയുന്നത്. പ്രത്യേകിച്ചും കേരളത്തിനു പുറത്തുള്ളവർക്കു മലയാളിയുടെ നൊസ്റ്റാൾജിയ നല്ല രീതിയിൽ ഫീൽ ചെയ്യും.
കേരളത്തിനകത്തുള്ള ആളുകളെക്കാൾ പുറത്തുള്ളവരെ അതു വല്ലാതെ പിടിച്ചുലയ്ക്കും. കാരണം അവർ നേരിട്ടു നഷ്ടപ്പെടുത്തുന്ന ഒരു ജീവിതമാണു ചിത്രം പങ്കുവയ്ക്കുന്നത്. ചിലർ വിളിച്ചു നന്ദി പറഞ്ഞശേഷം കരയുന്നു. ഈ സിനിമ അത്രമേൽ വികാരമായി അവരിൽ പടർന്നിരിക്കുകയാണ്. ഇനി പറയാനൊന്നുമില്ല..അത്രയേറെയാണ്… എന്നാണ് ഏബ്രിഡ് ഷൈൻ എന്നെ വിളിച്ചുപറഞ്ഞത്. തന്നെ ഇത്രയേറെ സ്വാധീനിച്ച സിനിമകളിലൊന്നാണ് എന്ന രീതിയിൽ വലിയ വാക്കുകളിലാണ് ഏബ്രിഡ് ഷൈൻ അഭിനന്ദിച്ചത്. മലയാളസിനിമയിലെ ഒട്ടുമിക്ക ന്യൂജനറേഷൻ സംവിധായകരും വളരെ വലിയ അഭിനന്ദനങ്ങളുമായി ഫേസ്ബുക്കിലും മറ്റും ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഈ സിനിമ വൈറലായി എന്നുപറയുന്നത്.
ഈ സിനിമ ചെയ്യാനുള്ള പ്രചോദനം…
ആധുനികകാലത്തിന്റെ ഒരാവശ്യമാണിത്. നാളെ കുട്ടികൾ കളിക്കാതെ പോകുന്ന ഒരു കാലത്തെക്കുറിച്ചുള്ള വിഹ്വലതകളാണ് എന്നെ ഈ സിനിമയിലേക്ക് എത്തിച്ചത്. കുട്ടികൾ കൂടുതലായി പഠിത്തത്തിലേക്കും മറ്റും മാത്രം ശ്രദ്ധിച്ച് അവർ കളിക്കാതെ പോകുന്ന ഒരു കാലം അല്ലെങ്കിൽ അവർക്കു കളിയുടെ പ്രാധാന്യം നഷ്ടപ്പെട്ടുപോകുന്ന ഒരു കാലം എന്ന ചിന്തയിൽ നിന്നാണ് ഈ സിനിമയുടെ തുടക്കം. മൂന്നുനാലു മാസങ്ങൾ കൊണ്ട് എഴുതിയ ഒരു തിരക്കഥയാണിത്.
ബിജുമേനോനെ കാസ്റ്റ് ചെയ്തതിനു പിന്നിൽ…
ഇതു ബിജുമേനോനു വേണ്ടിയുണ്ടായ ഒരു കഥാപാത്രമാണ്. കഥയുണ്ടായ സമയത്തുതന്നെ അതിനൊപ്പം ബിജുമേനോന്റെ രൂപം ഉണ്ടായിരുന്നു. ബിജുമേനോനാണ് ബൈജു എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും ഇല്ലായിരുന്നു. ബിജുമേനോൻ ഇതു ചെയ്യില്ല എന്നു പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെയൊരു സിനിമ ഉണ്ടാവില്ലായിരുന്നു. ബിജുമേനോൻ പെർഫോം ചെയ്യുന്നതുപോലെയാണ് ഞാൻ സീനുകൾ മനസിൽ കണ്ടത്. ബിജുമേനോനുമായി നീണ്ടകാലത്തെ അടുത്ത സൃഹൃദമുണ്ട്. കുറേ യാത്രകളും മറ്റുമായി സിനിമയിൽ നിന്നു ഞാൻ കുറച്ചുകാലം മാറിനടന്നിരുന്നു. ബിജുമേനോനുമായി വീണ്ടും ബന്ധംപുലർത്തിയത് ഈ സിനിമ ചെയ്യുന്നതിനുവേണ്ടിയാണ്.
സിനിമയിലുടനീളം നൊസ്റ്റാൾജിയ അടുക്കിവച്ചിരിക്കുകയാണല്ലോ…
നൊസ്റ്റാൾജിയ അല്ല അത്. നമുക്കതു നഷ്ടപ്പെട്ടു പോയി എന്ന് ഉള്ളിൽ നിന്ന് ഒരു തോന്നലുണ്ടായതുകൊണ്ടോണ് അതു നൊസ്റ്റാൾജിയ ആയി നമുക്കു ഫീൽ ചെയ്യുന്നത്. ഒരു പുഷ്പം മാത്രം ഞാൻ സൂക്ഷിച്ചുവയ്ക്കാം ഞാൻ ഒടുവിൽ നീയെത്തുന്പോൾ ചൂടിക്കുവാൻ എന്നു പറയുന്നതുപോലെ ഒടുവിൽ നാം ലോകം മുഴുവനും കറങ്ങി വരുന്പോഴേക്കും നമ്മുടെ നാട്ടിൽ ഒരു ഗ്രാമമെങ്കിലും നമ്മുടെ പഴയ ആ നല്ല ഓർമകളിൽ ഉണ്ടായിരുന്നതുപോലെ ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ മുകളിലാണ് അതു ചെയ്തിരിക്കുന്നത്. നമുക്കുള്ള നന്മയൊന്നും നമ്മൾ നഷ്ടപ്പെടുത്തരുത്. ലോകത്തിലുള്ള മറ്റു പലരുടെയും ജീവിതത്തെ അപേക്ഷിച്ചു നമുക്കു വളരെ സുഖമായ അവസ്ഥയിലാണു നമ്മുടെ ജീവിതം. അതു നമ്മൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമിപ്പിക്കുന്ന ഒരു സിനിമയാണിത്.
ഈ സിനിമ ചെയ്തിരിക്കുന്നത് മലയാളിക്കു മുഖം നോക്കാനുള്ള ഒരു കണ്ണാടിയായിട്ടാണ്. ഇതിലുള്ള കഥാപാത്രങ്ങളെല്ലാം എല്ലാവർക്കും പരിചിതരായ കഥാപാത്രങ്ങളായിരിക്കും. അതിൽ നമുക്കു നമ്മളെത്തന്നെ കാണാം. അല്ലെങ്കിൽ നമ്മുടെ സുഹൃത്തുക്കളെ, അല്ലെങ്കിൽ അടുത്തുള്ള ആളുകളെ ഒക്കെ കാണാം. ഈ സിനിമ അതിന്റെ ക്ലൈമാക്സ് കഴിഞ്ഞു തിയറ്റർ വിട്ടു പുറത്തിറങ്ങുന്പോൾ അവസാനിക്കുന്നില്ല. ഈ സിനിമ അവസാനിക്കുന്നത് തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ നമ്മുടെ മനസിനുള്ളിൽ ഓടിമറയുന്ന നമ്മുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകളോടുകൂടിയാണ്. അതായത് സ്ക്രീൻ വിട്ടു വീട്ടിലെത്തുന്നതുവരെ ഈ സിനിമ ഓടണമെന്നാണു ഞാൻ വിചാരിച്ചത്. അങ്ങനെയുള്ള ഓർമകളിലേക്ക്, നമ്മൾ നമ്മുടെ സ്വന്തം ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുന്ന രീതിയിലായിരിക്കണം ഈ സിനിമ എന്നാണു ഞാൻ വിചാരിച്ചത്. അതാണ് ആഗ്രഹിച്ചിരുന്നത്. എന്റെ ആ ആഗ്രഹം നടന്നിരിക്കുകയാണ്.
പലരും പറയുന്നതുപോലെ ഇതിൽ നൊസ്റ്റാൾജിയ മാത്രമാണു ക്ലിക്ക് ആയിരിക്കുന്നതെങ്കിൽ കുട്ടികൾക്ക് ഇഷ്ടപ്പെടില്ലല്ലോ. കാരണം, കുട്ടികൾക്ക് അതൊരു നൊസ്റ്റാൾജിയ അല്ലല്ലോ. കുട്ടികൾക്കിഷ്ടപ്പെട്ട മറ്റൊരു സിനിമ ഇതിലുണ്ട്. പ്രായമായവർക്ക് ഇഷ്ടപ്പെട്ട വെറൊരു സിനിമ ഇതിലുണ്ട്. ചെറുപ്പക്കാർക്ക് ഇഷ്ടപ്പെട്ട വെറൊരു സിനിമയും ഇതിനകത്തുണ്ട്. അതായത് ഇതൊരു മാസ് എന്റർടെയ്നർ ഫോർമാറ്റിലുള്ള സിനിമയാണ്. അതായത് ഒരു സാധാരണ കൊമേഴ്സ്യൽ മാസ് സിനിമയിലുള്ള ഘടകങ്ങളെല്ലാം ഇതിൽ മറ്റൊരുരീതിയിലുണ്ട്. മാസ് എന്റർടെയ്നർ എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് എല്ലാ പ്രായക്കാർക്കും എല്ലാത്തരം ആളുകൾക്കും ആസ്വദിക്കാനുള്ള വിഷയം ഇതിലുണ്ട് എന്നതാണ്. ബുദ്ധിജീവികളായവരെയും തൃപ്തിപ്പെടുത്തുന്ന വിഷയങ്ങൾ ഇതിനകത്തുണ്ട്.
ഇതു വളരെ ഗൗരവമുള്ള ഒരു സിനിമയാണ്. എന്നാൽ വ്യത്യസ്തമായ ഒരു സിനിമയുമാണ്. അങ്ങനെയൊരു സിനിമ ഉണ്ടാക്കി എന്ന് അഹങ്കാരത്തോടെ പറയുന്നതല്ല. അങ്ങനെയൊരു സിനിമ ഭാഗ്യവശാൽ എനിക്കു വന്നുകിട്ടി. ആ സിനിമ എല്ലാ ടീമിന്റെയും നല്ല സഹകരണം കൊണ്ട്…പ്രത്യേകിച്ച് എന്റെ സിനിമാട്ടോഗ്രഫർ പ്രശാന്ത് രവീന്ദ്രൻ, പ്രമോദ് തോമസ്, സ്മിജിത്ത് കുമാർ പി.ബി എന്നിവരുൾപ്പെട്ട എന്റെ സൗണ്ട് ടീം, എന്റെ എഡിറ്റർ സംജിത്ത് മുഹമ്മദ്, ബിജിപാലിന്റെ മ്യൂസിക് ഡയറക്ഷൻ, ഹരിനാരായണന്റെ വരികൾ…അങ്ങനെ എല്ലാ സാങ്കേതിക ഘടകങ്ങളും എല്ലാവരുടെയും അഭിനയവും ഒന്നിനൊന്നു മികച്ചുനിൽക്കുന്നതുകൊണ്ടാണ് ഇതൊരു മികച്ച സിനിമയായി മാറിയത്.
എനിക്ക് ഇത്തവണ ഭാഗ്യവശാൽ അത്തരത്തിൽ ഒരു നല്ല ടീം വന്നുചേർന്നു. അവരുടെ ആത്മാർഥമായ സഹകരണമുള്ളതുകൊണ്ടും ഈ സിനിമ ഏറ്റവും മികവുറ്റതാക്കണമെന്ന് എല്ലാവരും ഒരുപോലെ ശ്രമിച്ചതുകൊണ്ടുമാണ് ഇങ്ങനെ ഒരു സിനിമയുണ്ടായത്.
ബിജുമേനോന് ഒപ്പമുള്ള അനുഭവങ്ങൾ…
ബിജുമേനോന്റെ അകമഴിഞ്ഞ സഹകരണത്തിലാണ് ഈ സിനിമ ഇങ്ങനെ ചെയ്യാൻ സാധിച്ചത്. ഷൂട്ടിംഗ് ലൊക്കേഷനിൽ പൊടിയും മറ്റു കാര്യങ്ങളുമായി പലരും പല ദിവസങ്ങളിലും ലീവെടുക്കുകയും അങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബിജുമേനോൻ കാരണം ഒരു ഒരു സെക്കൻഡു പോലും ഒരു പ്രശ്നവും ഉണ്ടായില്ല. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ മൂന്നു ദിവസം മുതൽ ഷൂട്ടിംഗ് കഴിഞ്ഞ് അടുത്ത ഒരു ദിവസംവരെ ആ സെറ്റിൽ ബിജുമേനോൻ ഉണ്ടായിരുന്നു. അദ്ദേഹം വളരെ ആഘോഷിച്ചു സന്തോഷത്തോടെയാണ് ഈ സിനിമ ചെയ്തത്. കാരണം ആദ്യം ഞാൻ പറഞ്ഞപ്പോൾത്തന്നെ ആ കാരക്ടർ അദ്ദേത്തിന് അത്രകണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഈ സിനിമയ്ക്കു പരിപൂർണ പിന്തുണ നല്കി എനിക്കൊപ്പം നിന്നു. കാരണം ബിജുവിന് അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നു ഈ സിനിമയിൽ.
ഈ സിനിമയിൽ എല്ലാത്തരം സീനുകളുമുണ്ട്…ഇമോഷണൽ സീനുണ്ട്, കോമഡി സീനുണ്ട്. ബിജുമേനോൻ സുഹൃത്തായി, ഭർത്താവായി…അങ്ങനെ പല ഡയമെൻഷൻസുണ്ട് ഈ കഥാപാത്രത്തിന്. പല ഭാവങ്ങളുണ്ട്. എല്ലാ ഭാവങ്ങളിലും പൂർണമായ തികവോടെയാണു ബിജുമേനോൻ അഭിനയിച്ചിരിക്കുന്നത്. ഫൈനലായി വന്നിരിക്കുന്ന സിനിമയിൽ ബിജുമേനോന് ഒരു കറക്ഷൻ പറയാൻ എനിക്കു തോന്നുന്നില്ല.
അജുവർഗീസിന്റെ കരിയറിൽ വളരെ ഗുണകരമായ ഒരു സിനിമയാണിത്. അജുവർഗീസിന്റെ പ്രതികരണം എന്തായിരുന്നു…?
അജുവർഗീസ് ആദ്യം കരുതിയിരുന്നത് എല്ലാ സിനിമകളിലുമുള്ളതുപോലെ കോമഡി കളിക്കുന്ന ഒരു കാരക്ടർ ആയിരിക്കും എന്നാണ്. കാരണം അജുവർഗീസ് സീനുകളൊന്നും വായിച്ചിട്ടുണ്ടായിരുന്നില്ല. അജുവിനു ഞാൻ പറഞ്ഞുകൊടുത്ത കഥയും കഥാപാത്രവും മാത്രമേ അറിയുമായിരുന്നുള്ളൂ. വളരെയധികം ഇഷ്ടപ്പെട്ടാണ് അദ്ദേഹം സെറ്റിലേക്കു വന്നത്. സെറ്റിൽ വന്നപ്പോഴാണ് ഈ സെറ്റിന്റെ വ്യത്യാസങ്ങൾ അജുവിനു മനസിലാകുന്നത്. സിങ്ക് സൗണ്ട് വേണ്ട, ഡബ്ബിംഗ് വേണം എന്നതായിരുന്നു അജുവിന്റെ നിലപാട്. ഞാൻ അതു തത്വത്തിൽ അംഗീകരിച്ചു. കാരണം, എന്തായാലും അജു വർഗീസ് ആ റോൾ ചെയ്യണമെന്ന് ഞങ്ങളുടെ ക്രൂവിൽ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു.
അജു ഡബ്ബ് ചെയ്തോട്ടെ, മറ്റുള്ള ആളുകളുടെ സിങ്കസൗണ്ട് ഉപയോഗിക്കാം എന്നാണു കരുതിയത്. എന്നാലും മൈക്ക് വച്ച് സിങ്ക്സൗണ്ട് നാച്വറലി എല്ലാവരും ചെയ്തപ്പോൾ അജുവും ചെയ്തു. പക്ഷേ, ഈ ശബ്ദങ്ങളൊന്നും ഉപയോഗിക്കാനാകുമെന്നു സിങ്ക്സൗണ്ട് ചെയ്യുന്പോൾ യാതൊരുവിധ ആത്മവിശ്വാസവും അജുവിന് ഇല്ലായിരുന്നു. കാരണം ഇതിൽ വളരെ ലോ ലെവലിൽ പറയുന്ന കാര്യങ്ങൾ സിങ്ക്സൗണ്ട് ആകുന്പോൾ പ്രശ്നമാകുമെന്നും അതു ഡബ്ബിംഗിൽ കറക്ട് ചെയ്യണമെന്നുമൊക്കെയായിരുന്നു അജു വിചാരിച്ചിരുന്നത്. പക്ഷേ, ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് കഴിഞ്ഞു ഡബ്ബിംഗിനുവേണ്ടി അജുവിനെ വിളിച്ചപ്പോൾ ഒരു ഫുൾ ഡേ വേണ്ടിവരുമെന്നാണ് അജു വിചാരിച്ചത്. പക്ഷേ, രണ്ടു മണിക്കൂർ കൊണ്ടു പണി തീർത്തു പോകാനാകുന്ന ഡബ്ബിംഗേ അതിൽ ഉണ്ടായിരുന്നുള്ളൂ. ചെറിയ പാച്ച് ഡബ്ബിംഗ്, ചെറിയ തിരുത്തലുകൾ..വ്യക്തതയില്ലാത്ത ഭാഗം ക്ലിയറാക്കൽ തുടങ്ങിയ ചെറിയ കാര്യങ്ങൾ മാത്രമേ അജുവിനു ചെയ്യാനുണ്ടായിരുന്നുള്ളൂ.
ഷൂട്ടിംഗിനിടെ അജുവിനു സിങ്ക്സൗണ്ടിൽ ഭയം ഉണ്ടായിരുന്നു. പക്ഷേ, ഡബ്ബിംഗിനുശേഷം അജു എനിക്കു ഹസ്തദാനം ചെയ്തു പറഞ്ഞു- എനിക്ക് ഇത് ഒരു ഐ ഓപ്പണറാണ്. എന്റെ കണ്ണുതുറപ്പിച്ചിരിക്കുന്നു. സിങ്ക് സൗണ്ട് എന്നത് അത്രവലിയ പ്രശ്നമൊന്നുമല്ല. ഇനി സിങ്ക്സൗണ്ട് എന്നു കേട്ടാൽ എനിക്കു പേടിയൊന്നുമില്ല. സിനിമയിൽ വളരെ ഹാപ്പിയാണെന്നു പറഞ്ഞ് സിനിമ കണ്ടു കഴിഞ്ഞ് അജു വിളിച്ചിരുന്നു.
ഹാസ്യത്തിനപ്പുറം കാര്യഗൗരവമുള്ള ഒരു സിനിമ…
ആളുകളെ ചിരിപ്പിക്കാൻവേണ്ടി് ഈ സിനിമയിൽ ഒരു പ്രയത്നവും നടത്തിയിട്ടില്ല. ഇതിൽ ചെയ്ത കാര്യങ്ങൾക്ക് പ്രേക്ഷകർ അറിയാതെ ചിരിച്ചുപോവുകയാണ്. അനായാസമായാണ് ഈ സിനിമ ചെയ്തതും എല്ലാവരും അഭിനയിച്ചിരിക്കുന്നതും. എല്ലാ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളുടെ മനസിനോടു പൂർണമായും നീതിപുലർത്തി ആ കഥാപാത്രങ്ങളായി ജീവിക്കുകയാണു ചെയ്തത്. ആരും അഭിനയിക്കാൻ ശ്രമിച്ചിട്ടിട്ടില്ല, ആരും ചിരിപ്പിക്കാനും ശ്രമിച്ചിട്ടില്ല. ചിരി അതിൽ സ്വാഭാവികമായി ഉണ്ടായതാണ്.
നമ്മുടെയൊക്കെ ജീവിതത്തെ അടർത്തിയെടുത്തു വച്ചിരിക്കുകയാണ് ഈ സിനിമയിൽ. ഇതൊരു സാധാരണ കഥപറച്ചിൽ രീതിയല്ല. സിനിമാ വിദ്യാർഥികൾക്കു തിരക്കഥയെക്കുറിച്ചു പഠിക്കാനുള്ള ഒരു മോഡലായി ഇതിന്റെ തിരക്കഥ മാറുകയാണ്…
നമ്മൾ കണ്ടുപരിചയിച്ച എല്ലാ സിനിമകളുടെയും കഥ ഒരു പ്രോബ്ളവും അതിനുള്ള ഒരു സൊല്യൂഷനുമായിരിക്കും. ഒന്നുകിൽ നായകന് ആന്തരികമായ ഒരു പ്രശ്നം ഉണ്ടാവണം. അപ്പോൾ ആർട്ട് പടം പോലെ ഒരു സിനിമയുണ്ടാവും. അല്ലെങ്കിൽ ബാഹ്യമായ ഒരു പ്രശ്നമുണ്ടാവും. അപ്പോൾ ഒരു കൊമേഴ്സ്യൽ പടമുണ്ടാവും. ഈ സിനിമയിലെ നായകന് ആന്തരികമായോ ബാഹ്യമായോ ഒരു പ്രശ്നവുമില്ല. ഈ സിനിമയിൽ എവിടെയും ഒരു പ്രോബ്ളവുമില്ല. പ്രോബ്ളത്തിനുള്ള സോല്യൂഷനുമില്ല. പ്രോബ്ളം – സോല്യൂഷൻ എന്ന പാറ്റേണിൽ നിന്നു മാറിക്കൊണ്ടുള്ള ഒരു തിരക്കഥയാണ് ഈ സിനിമയുടേത്. അതായിരുന്നു ഈ സിനിമയ്ക്കുണ്ടായിരുന്ന ഏറ്റവും വലിയ ചലഞ്ച്. സിനിമ എന്നത് ഒരു കഥ കാണുക എന്നതിനപ്പുറം ഒരു ചലച്ചിത്രാനുഭവമാകണമെന്നാണു ഞാൻ വിചാരിക്കുന്നത്. ദൃശ്യങ്ങളും അതിന്റെ ശബ്ദങ്ങളും ചേർന്നുള്ള ഒരു ചലച്ചിത്രാനുഭവം. ഒരു കഥ പറയുക എന്നതിനപ്പുറം ആ ഒരു പ്രദേശത്തെയും അവിടത്തെ കാര്യങ്ങളെയും അനുഭവിപ്പിക്കാനാണ് ഞങ്ങളെല്ലാവരും ശ്രമിച്ചിട്ടുള്ളത്.
ദീപക് പറന്പോൾ ഈ സിനിമയുടെ ഭാഗമായത്…
ഷൂട്ടിംഗ് തുടങ്ങുന്പോൾ എല്ലാ കാസ്റ്റിംഗും പൂർത്തിയായിരുന്നില്ല. ജനാർദനൻ ചേട്ടൻ, ഇന്ദ്രൻസ് ചേട്ടൻ, അലൻസിയർ എന്നിവരുടെയൊക്കെ കാസ്റ്റിംഗ് ഷൂട്ടിംഗ് തുടങ്ങുന്നതിനോട് അനുബന്ധിച്ചാണു നടന്നിട്ടുള്ളത്. ദീപക്കിന്റെ കാസ്റ്റിംഗ് ആദ്യമേ നടന്നിരുന്നു. ആ വേഷത്തിനു ദീപക് വളരെ ഇണക്കമായിരിക്കുമെന്നു കണ്ടാണ് കാസ്റ്റ് ചെയ്തത്. ധാരാളം സീനുകളിൽ ദീപക് വളരെ സ്വാഭാവികമായി അഭിനയിച്ചിട്ടുണ്ട്. ഒരു പ്രത്യേകരീതിയിലുള്ള പ്രണയകഥയിലൂടെയാണു ദീപക്കിന്റെ കഥാപാത്രം കടന്നുപോകുന്നത്. പതിവായി നാം കാണാറുള്ള പ്രണയരംഗങ്ങളൊന്നും അതിൽ കാണാനാകില്ല. വളരെ സർട്ടിലായി പെർഫോം ചെയ്യേണ്ട രംഗങ്ങളാണ് അതിലുള്ളത്.ദീപക് അതു വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു.
ഡാർവിന്റെ പരിണാമത്തിൽ അഭിനയിച്ച മോഡൽ ആയ ഹന്ന റെജിയെ നായികാവേഷത്തിലേക്കു പരിഗണിച്ചതിനു പിന്നിൽ…
സിനിമാനടി എന്ന തോന്നലുണ്ടാക്കുന്ന ഒരാൾ ആവരുത് ആ റോൾ ചെയ്യുന്നത് എന്നു നിർബന്ധമുണ്ടായിരുന്നു. അതേസമയം, സാധാരണ നാട്ടിൻപുറങ്ങളിലും സാധാരണ ജീവിതത്തിലുമൊക്കെ കാണുന്നതും എല്ലാവർക്കും ഇഷ്ടം തോന്നിക്കുന്നതുമായ ഒരു മുഖം വേണമെന്നുണ്ടായിരുന്നു. എന്നാൽ അതൊരു സിനിമാനടിയുടെ മുഖംപോലെ തോന്നരുതെന്നും നിർബന്ധമുണ്ടായിരുന്നു. അറിയപ്പെടുന്ന ചില നടിമാരെ മുന്പ് ഈ റോളിലേക്കു പരിഗണിച്ചുവെങ്കിലും അതിലൊന്നും തൃപ്തിവരാതെയാണു പുതിയയാളെ തിരഞ്ഞത്. പുതിയ ഏറെപ്പേരിൽ നിന്നാണ് അവസാനം ഞങ്ങൾ ഹന്നയിൽ എത്തുന്നത്. കോസ്റ്റ്യൂം ടെസ്റ്റും മേക്കപ്പ് ടെസ്റ്റും എടുത്തുനോക്കിയപ്പോൾ ഹന്ന അജിത എന്ന നായികകഥാപാത്രത്തിനു വളരെ അനുയോജ്യയാണെന്നു ബോധ്യമായി.
ഹന്ന വളരെ പോസിറ്റീവായ ഒരു പെണ്കുട്ടിയാണ്. എപ്പോഴും ചിരിച്ചും വളരെ പ്ലസന്റായും നിൽക്കുന്ന ഒരു പെണ്കുട്ടി. എന്തെങ്കിലും കടുപ്പിച്ചു പറഞ്ഞാൽപോലും ചിരിച്ചുമാത്രമേ അവൾ നമ്മളോടു സംസാരിക്കുകയുള്ളൂ. ഹന്നയുടെ ഇത്തരം സ്വഭാവസവിശേഷതകൾ- ഹന്നയുടെ മനസിന്റെ ന· – ഈ കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിനും ഇത്ര മനോഹരമായി അഭിനയിക്കുന്നതിനും ഹന്നയെ സഹായിച്ചിട്ടുണ്ട്.
അജുവർഗീസിന്റെ നായികയായി കൃഷ്ണ പത്മകുമാർ…
ഞങ്ങളുടെ സിനിമാട്ടോഗ്രഫറായ പ്രശാന്ത് രവീന്ദ്രൻ ഒരു ഫിലിം ഫെസ്റ്റിവലിൽ കാമുകി എന്ന ഷോർട്ട് ഫിലിം കണ്ടിരുന്നു. അതിൽ അഭിനയിച്ച കൃഷ്ണ എന്ന പെണ്കുട്ടിയെ ഈ സിനിമയിലേക്കു നിർദേശിച്ചതു പ്രശാന്താണ്. അങ്ങനെ കൃഷ്ണയെ വിളിച്ചു സംസാരിച്ചപ്പോൾ കഥാപാത്രത്തിനു വളരെ അനുയോജ്യയാണെന്നു തോന്നി. കൃഷ്ണ പെർഫോമൻസിലൂടെ ഞങ്ങളെയെല്ലാം ഞെട്ടിച്ചു. വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. ശ്രീകല എന്ന കഥാപാത്രത്തിന് ഏറെ ആന്തരികസൗന്ദര്യമുണ്ട്. കാരണം നിരാശയില്ലാത്ത പ്രതീക്ഷയാണ് ആ കാരക്ടർ. ആ കാരക്ടറിന്റെ ആന്തരികസൗന്ദര്യം ശ്രീകല എന്ന കഥാപാത്രത്തിനു മിഴിവു നല്കിയിട്ടുണ്ട്.
നല്ല റൈറ്റർ സപ്പോർട്ടുള്ള കാരക്ടറാണു ശ്രീകല. കൃഷ്ണയെ പുതുമുഖമെന്നു പറയാനാവില്ല. ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. മുന്പ് ജാനകി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. ചെറുപ്പംമുതലേ അഭിനയിച്ചു പരിചയമുള്ള കുട്ടിതന്നെയാണു കൃഷ്ണ. അതുകൊണ്ടുതന്നെ അവൾക്ക് എങ്ങനെ ഫ്രെയിമിൽ നിൽക്കണം എന്നതിനെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നു. നല്ല താളബോധമുള്ള കുട്ടിയാണു കൃഷ്ണ. ഹ്യൂമറിന്റെയും അഭിനയത്തിന്റെ ഏറ്റവും വലിയ ഘടകമെന്നത് ആ താളബോധമാണ്. അതു ജന്മസിദ്ധമാണ്. അതു വേണ്ടുവോളം അവളിൽ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്.
ഏറെ സ്വാതന്ത്ര്യത്തോടെയാണു രക്ഷാധികാരിയിലെ പാട്ടുകളെഴുതിയതെന്നു ഹരിനാരായണൻ പറഞ്ഞിരുന്നു. കഥ പറയുന്ന പലതരം പാട്ടുകൾ…
വെറും പാട്ടു കൊടുക്കുക എന്നതിനപ്പുറം എല്ലാ പാട്ടുകൾക്കകത്തും നല്ല നർമ മുഹൂർത്തങ്ങളുണ്ട്. നല്ല വൈകാരിക മുഹൂർത്തങ്ങളുണ്ട്. പാട്ട് ഒരൊറ്റ സ്വഭാവത്തിലല്ല പോകുന്നത്. ആ സിനിമയുമായി ബന്ധപ്പെട്ട ഒരുപാടു കാര്യങ്ങൾ ഓരോ പാട്ടിനകത്തും പറയുന്നുണ്ട്. തിരക്കഥയ്ക്കൊപ്പമാണു പാട്ടുകളും. ഒരു സിനിമ കാണുന്ന പോലെ ഒരു തോന്നൽ പ്രേക്ഷകരിൽ ഉണ്ടാകരുതെന്നും ഒരു അനുഭവമാണെന്നു തോന്നണമെന്നുമാണ് സിനിമ ചെയ്യുന്പോൾ ഞാൻ ആഗ്രഹിച്ചത്. യഥാർഥത്തിൽ ഷൂട്ടിംഗിനു മുന്പ രണ്ടു പാട്ടുകൾ മാത്രമേ ചെയ്തിരുന്നുള്ളൂ. ബാക്കിയുള്ള പാട്ടുകളൊക്കെ എഡിറ്റിംഗ് കഴിഞ്ഞതിനുശേഷമാണു ചെയ്തത്.
ബാക്ക്ഗ്രൗണ്ട സ്കോർ ചെയ്ത സമയത്താണു ബാക്കിയുള്ള പാട്ടുകൾ ചെയ്തത്. ഷൂട്ട് ചെയ്യുന്ന സമയത്തു റഫറൻസ് പാട്ടുകൾ വച്ചാണു ഷൂട്ട് ചെയ്തത്. അതുകഴിഞ്ഞ് എഡിറ്റ് കാണിച്ചുകൊടുത്തതിനുശേഷമാണ് പാട്ടുകൾ എഴുതിയത് എന്നുള്ളതിനാൽ എനിക്കു ഹരിയോടു കൂടുതലൊന്നും പറയേണ്ടിയിരുന്നില്ല. കാരണം അദ്ദേഹം സിനിമയും എഡിറ്റും പാട്ടിനുള്ള വിഷ്വലൈസേഷനും കണ്ടിട്ടുണ്ട്. അവിടെ എന്തെഴുതണമെന്നു ഹരിയോടു പ്രത്യേകിച്ചു പറയേണ്ടതില്ല. മാത്രമല്ല ഹരിക്കു എന്തു തിരുത്തൽ പറഞ്ഞാലും യാതൊരു വിഷമവും കൂടാതെ അതിനേക്കാൾ മികച്ച വാക്ക് അവിടേയ്ക്കു കൊണ്ടുവരാൻ ഹരിക്കു നിമിഷങ്ങൾ പോലും വേണ്ട. അത്തരത്തിൽ സിനിമയുടെ മനസറിഞ്ഞ ഒരു കവിതാരചനയാണ് അതിലുണ്ടായിരുന്നത്.
ഞാൻ കവിതാരചന എന്നു പറയാനാണ് ഇഷ്ടപ്പെടുന്നത്. കാരണം ഓരോ പാട്ടിലും പൂർണതയുള്ള ഒരു കവിതയുണ്ട്. അതിൽ ഒരു ലളിതഗാനവും ഉണ്ട്. നെല്ലൈ ജയന്തയാണു തമിഴ് പാട്ട് എഴുതിയത്. ബിജിപാലിന്റെ സുഹൃത്താണ്. അങ്ങനെയാണ് നെല്ലൈ ജയന്ത ഈ സിനിമയിലെത്തിയത്.
ബിജുമേനോന്റെ മകളുടെ വേഷം ചെയ്ത കുട്ടിയെ കണ്ടെത്തിയത്…
നക്ഷത്രയാണു ബിജുമേനോന്റെ മകളായി അഭിനയിച്ചത്. കഥാപാത്രത്തിന്റെ പേരു ബബിത. ഷൂട്ടിംഗ് ലൊക്കേഷനായ പയ്യോളിയിലെ ഒരു സ്കൂളിൽ നിന്നു സ്ക്രീൻ ടെസ്റ്റ് നടത്തിയാണ് ആ കുട്ടിയെ സെലക്ട് ചെയ്തത്. അത്തരം സ്ക്രീൻ ടെസ്റ്റുകൾ ചെയ്യുന്നതിനും പുതിയ ആളുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയും ഒരു ടീം തന്നെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. മെർലിനും യൂനൂസും അവർക്കൊപ്പം അഞ്ചെട്ടുപേരുമുള്ള ഒരു സംഘമാണ് ചെറിയ കഥാപാത്രങ്ങളിലേക്ക് ആളുകളെ തെരഞ്ഞെടുത്തത്. ഓരോ കഥാപാത്രത്തിനും മൂന്നാലു സജഷൻസ് അവർ തന്നു. അതിൽ നിന്നാണ് സെലക്ഷൻ നടത്തി കാസ്റ്റ് ചെയ്തിരിക്കുന്നത്.
സിനിമയിൽ ഗ്രാമത്തിന്റെ സൗന്ദര്യം നിറച്ചതിൽ ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രനും എഡിറ്റർ സംജിത് മുഹമ്മദിനും കാര്യമായ പങ്ക് ഉണ്ടാകുമല്ലോ…
വളരെ റിയലിസ്റ്റിക്കായ ഒരു സിനിമ ചെയ്യുന്പോൾ അതിൽ ഭംഗിയുണ്ടാക്കാൻ വേണ്ടി സാധാരണ ശ്രമിക്കാറില്ല. കാരണം അതു റിയലിസ്റ്റിക്ക് ആക്കാനാണു ശ്രമിക്കുന്നത്. ഈ സിനിമയുടെ ട്രീറ്റ്മെന്റിൽ ഞാൻ ഉപയോഗിച്ച പദം റിയലിസമെന്നല്ല, ഓർഗാനിക് എന്നാണ്. സ്വാഭാവിക നാടൻവിത്തിനങ്ങളിൽ നിന്നു മുളച്ചുണ്ടാകുന്നതാണ് ഓർഗാനിക്. ഷോട്ടുകൾ ലൈറ്റിംഗിലൂടെയും കോസ്റ്റ്യൂമുകൾ കൊണ്ടും ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ ആത്മാവറിഞ്ഞുകൊണ്ട് എന്റെ മനസറിഞ്ഞുകൊണ്ട് കാമറാമാൻ പ്രശാന്ത് പ്രവർത്തിച്ചിട്ടുണ്ട്. എന്റെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്ന് രണ്ടു മൂന്നു ദിവസത്തെ വർക്കിലൂടെ തിരച്ചറിഞ്ഞു ഞങ്ങൾ നല്ല സിങ്കിലെത്തി.
ഏറെ പ്രഷറുള്ള സിനിമയായിരുന്നു. ഓരോ ഫ്രയിമിലും ഒരുപാട് ആർട്ടിസ്റ്റുകൾ നിൽക്കുന്നു. സിങ്ക് സൗണ്ടാണ്. വളരെ സൂക്ഷ്മതയോടെ സാങ്കേതികത്തികവോടെ എല്ലാവരും വളരെ അച്ചടക്കത്തോടെ ചെയ്താൽ മാത്രമേ ഇത്തരത്തിൽ ഒരു റിസൾട്ട് സാധ്യമാവുകയുള്ളൂ. കാരണം അത്രയും സങ്കീർണമാണ് ഇതിന്റെ ടെക്നിക്കൽ വർക്ക്. സിങ്ക് സൗണ്ട് കൂടി വരുന്നതോടെ ടെക്നിക്കലി ഹെവി ആയ ഒരു സിനിമയാണിത്. ഒരിക്കലും കാമറയുടെയും എഡിറ്റിംഗിന്റെയും സാന്നിധ്യമറിയരുതെന്നു നിർബന്ധമുണ്ടാകുന്ന സമയത്ത് ഈ രണ്ടു കാര്യങ്ങളും തങ്ങളുടെ സാന്നിധ്യമറിയിക്കാതെ ചെയ്യുക എന്നുള്ളതു വളരെ ചലഞ്ചിംഗ് ആയ കാര്യമായിരുന്നു. ഈ സിനിമയിൽ എഡിറ്റിംഗോ സിനിമാട്ടോഗ്രഫിയോ പാട്ടുകളോ ഉള്ളതായി ആർക്കും ഫീൽ ചെയ്തില്ല. അതൊക്കെ സിനിമയുടെ ആത്മാവിനോടു ചേർന്നുപോയി. അതുതന്നെയാണു സംജിത്തിനും പ്രശാന്ത് രവീന്ദ്രനും ബിജിബാലിനും അഭിമാനിക്കാവുന്ന കാര്യം.
താങ്കളുടെ ഒന്പതാമത്തെ സ്ക്രിപ്റ്റും സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയുമാണല്ലോ രക്ഷാധികാരി ബൈജു. മറ്റൊരാൾക്കുവേണ്ടി എഴുതുന്പൊഴും താങ്കൾക്കു സംവിധാനം ചെയ്യാനായി എഴുതുന്പൊഴും എഴുത്തിൽ സ്വീകരിക്കുന്ന നിലപാട് എന്താണ്…?
ഞാൻ തന്നെ ചെയ്യുന്ന സിനിമകൾ, മറ്റൊരാൾക്കു വേണ്ടി എഴുതുന്ന സിനിമകൾ..അങ്ങനെയുള്ള വേർതിരിവുകളൊന്നുമില്ല. ചിലപ്പോൾ ചില നല്ല കൂട്ടുകാരെപ്പോലെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു സംവിധായകൻ കൂടെ വരുന്പോൾ നമ്മുടെ ജോലിഭാരം ലഘൂകരിക്കപ്പെടും. അതു മാത്രമല്ല രണ്ടുപേർ തമ്മിൽ ചർച്ചചെയ്യുന്നതു സിനിമയ്ക്കു ഗുണപരമായിരിക്കും. ഞാൻ മറ്റുള്ളവർക്കുവേണ്ടി എഴുതുന്നതായാലും ഞാൻ സംവിധാനം ചെയ്യുന്നതായാലും സിനിമയുടെ പൂർണതയ്ക്കുവേണ്ടി എല്ലാവരും കൈകോർത്തുനിന്നു ശ്രമിക്കുക എന്നുള്ളതാണ്.
ഞാൻ എഴുതുന്ന സിനിമകളിൽ എന്റേതായ അഭിപ്രായങ്ങൾ പറയാറുണ്ട്. ഞാൻ പറയുന്നതിൽ സംവിധായകർക്കു സ്വീകാര്യമായവ അവർ എടുക്കാറുണ്ട്. അതുപോലെ ഞാൻ സംവിധാനം ചെയ്യുന്ന സിനിമകളിൽ നമ്മുടെ സുഹൃത്തുക്കളായ ടെക്നീഷന്മാർ പലതരത്തിൽ അഭിപ്രായങ്ങൾ പറയും. പക്ഷേ, അന്തിമമായി അതു മതി. ഇതെടുക്കാം എന്നു തീരുമാനിക്കുന്നയാളാണു സംവിധായകൻ. ചിലതൊക്കെ എടുത്തിട്ടുണ്ട്. കൂട്ടായ പ്രയത്നമാണു സിനിമയ്ക്കുവേണ്ടത്.
രക്ഷാധികാരി ബൈജുവിൽ സിങ്ക് സൗണ്ട് വേണം എന്ന തീരുമാനത്തിനു പിന്നിൽ…
ഈ സിനിമയിൽ ധാരാളംകഥാപാത്രങ്ങളുണ്ട്. അപ്പോൾ സംഭാഷണമുള്ള കഥാപാത്രങ്ങൾക്കെല്ലാം ഓരോ മൈക്ക് വേണം. ഒരു മൈക്കിന്റെ വാടക ഒരു കോൾഷീറ്റിന് 1500-2000 രൂപ വരെ വരും. ഒരു ഫ്രയിമനകത്തു 10 പേർ നിൽക്കുകയാണെങ്കിൽ അത്തരം 10 മൈക്ക് വേണം. 10 മൈക്ക് റിക്കാർഡ് ചെയ്യുന്നതിനു 10 ചാനലുകൾ വേണം. സാധാരണ 3-4 കഥാപാത്രങ്ങളുള്ള ഒരു ചെറിയ സിനിമയ്ക്കു സിങ്ക് സൗണ്ട് ചെയ്യുന്നതിനേക്കാൾ വലിയ ബുദ്ധിമുട്ടാണ് ഇത്തരമൊരു വലിയ കച്ചവട സിനിമയ്ക്കുണ്ടാകുന്നത്. ഡയലോഗ് എടുക്കുന്പോൾ ഡയലോഗ് മാത്രമെടുക്കണം. എഫക്ട് എടുക്കുന്പോൾ അതുമാത്രവും. അപ്പോൾ മറ്റു ശബ്ദങ്ങൾ ഉണ്ടാകാൻ പാടില്ല.
രണ്ടു കിലോമീറ്റർ ചുറ്റളവിൽ നിന്നു വാഹനങ്ങൾപോകുന്ന ശബ്ദം, ഹോണടിക്കുന്ന ശബ്ദം എന്നിവയെല്ലാം മൈക്ക് ബൂമും ആർ്ട്ടിസ്റ്റുകളുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ മൈക്കും പിടിച്ചെടുക്കും. സെൻസിറ്റിവിറ്റി വളരെ കൂടിയതരം മൈക്കുകളാണവ. ഏറ്റവും വലിയ പ്രശ്നം കാക്കകളാണ്. കാക്ക വരാതിരിക്കണമെങ്കിൽ ഭക്ഷണം കഴിക്കുന്നതു ഷൂട്ടിംഗ് സ്ഥലത്തുനിന്നു കുറേ ദൂരത്തായിരിക്കണം. അവിടെനിന്നു ചപ്പുചവറുകൾ ആദ്യംതന്നെ നീക്കണം. അല്ലെങ്കിൽ അവിടേക്കു കാക്ക വരും. അതൊക്കെ ഒഴിവാക്കുന്നതു ശ്രമകരമായിരുന്നു. പിന്നെ ട്രാഫിക്കിന്റെ ഒച്ച. ഡയലോഗിനു മുകളിലേക്കു ട്രാഫിക്കിന്റെ ഒച്ചയും ഹോണുമൊക്കെ കയറിയാൽ ഡയലോഗ് അവ്യക്തമാവും. ഏതാണ് രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾ ഓഫാക്കിയിടണം എന്നു പറയുന്നതു പ്രായോഗികമല്ലല്ലോ. എന്നാലും പയ്യോളിയിലെ നാട്ടുകാർ വളരെ നന്നായി അതിനോടു സഹകരിച്ചു. അന്പലത്തിലെ പാട്ടുകൾ നിർത്തിത്തന്നു. വാഹനങ്ങൾ ഹോണടിക്കാതെ പോയി. ചെങ്കല്ലുവെട്ടുന്ന സ്ഥലങ്ങളിൽ പണിയൊക്കെ നിർത്തിത്തന്നു. ഈ സിനിമ മനോഹരമായ ഒരു സിനിമയാകുമെന്നു മുന്നേകൂട്ടി അറിയാവുന്നതുപോലെ ഈ സിനിമയോട് അവിടത്തെ നാട്ടുകൾ പൂർണമായും സഹകരിച്ചു. അതാണു സിങ്ക്സൗണ്ട് സാധ്യമാക്കിയത്. സിങ്ക് സൗണ്ടിന്റെ ആവശ്യക്ത ഈ സിനിമയ്ക്ക് എത്രത്തോളമായിരുന്നു എന്നതു സിനിമ കാണുന്പോൾ ബോധ്യമാകും. ഈ സിനിമയ്ക്ക് ലൈഫ് ഉണ്ടാകുവാൻ 30 ശതമാനം വരെ സഹായിച്ചതു സിങ്ക് സൗണ്ട് ആണെന്നു പറയാം.
രക്ഷാധികാരി ബൈജു എന്ന പേരിനു പിന്നിൽ..
വളരെ കോമണ് ആയ ഒരു പേര്, കൂടുതൽ ആളുകൾക്കുള്ള ഒരു പേര് – അതായിരിക്കണം വേണ്ടത് എന്നു ബോധ്യമുണ്ടായിരുന്നു. ഇതിലെ കഥാപാത്രത്തെ പോലെ നല്ല മനസുള്ള ചില ബൈജുമാരെ എനിക്കു പരിചയമുണ്ട്. അതുകൊണ്ടായിരിക്കണം അറിയാതെ ബൈജു എന്ന പേരുവന്നത്. ബിജു എന്ന പേരും ബൈജു എന്ന പേരും ഒരുപോലെയിരിക്കുന്നതായും രണ്ടിലും ബ, ജ എന്നീ അക്ഷരങ്ങൾ ഉണ്ടെന്നും പ്രമോഷൻ സമയത്ത് രക്ഷാധികാരി ബിജു എന്ന് കുറേയാളുകൾ എഴുതുമെന്നും അതു കണ്ഫ്യൂഷന് ഇടയാക്കുമെന്നുമൊക്കെ ബിജുമേനോൻ എന്നോട് ആദ്യം പറഞ്ഞിരുന്നു. അതിനാൽ ബൈജു എന്ന പേരു വേണ്ട എന്നായിരുന്നു ആദ്യം ബിജുമേനോൻ പറഞ്ഞിരുന്നത്. മാറ്റാം എന്നു ഞാൻ വാക്കും കൊടുത്തു. പക്ഷേ, ഷൂട്ട് തീരാറായപ്പോഴേക്കും ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ പേര് ബൈജു എന്നു തന്നെയാണെന്ന് ബിജുമേനോനു ബോധ്യമായി.
ബാലകൃഷ്ണനും ജാനകിക്കുമുണ്ടായ മകനാണു ബൈജു. ബൈജുവിനും അജിതയ്ക്കുമുണ്ടായ മകളാണ് ബബിത. ബാലകൃഷ്ണന്റെയും ജാനകിയുടെയും മകനായ ബൈജുവിന്റെ സഹോദരിക്കു പേര് ബിജില എന്നാണ്. അച്ഛന്റെയും അമ്മയുടെയും പേരിലെ അക്ഷരങ്ങളെടുത്തു പേരിടുന്ന രീതിയാണ് ആ വീട്ടിൽ. ആ വീട്ടിലെ സ്നേഹത്തിന്റെയും കണ്ണികോർക്കലിന്റെയും അടയാളമാണ് അങ്ങനെയുള്ള പേരിടൽ. ഒരു പ്രത്യേകമായ സ്നേഹത്തിന്റെ അന്തരീക്ഷമുണ്ട് ആ വീട്ടിനകത്ത്. എന്നാൽ വഴക്കുകൂടലും അങ്ങോട്ടുമിങ്ങോട്ടും പണികൊടുക്കലുമൊക്കെയുണ്ട്. എന്നാൽ അവരുടെയിടയിൽ അവരുടെയുള്ളിൽ സ്നേഹത്തിന്റെ ഒരു നൂൽ കിടക്കുന്നുണ്ട്.
സത്യൻ അന്തിക്കാടു സിനിമകളോടു ചേർത്ത് ഗ്രാമീണഭംഗി, കുടുംബ ബന്ധങ്ങളുടെ തീവ്രത, ഇഴയടുപ്പം എന്നൊക്കെ പറയാറുണ്ട്. അത്തരം വിശേഷണങ്ങൾ ഇപ്പോൾ താങ്കളുടെ പേരിനോടും കൂട്ടിച്ചേർക്കുന്ന നിമിഷമാണിത്. ഈ സിനിമ താങ്കൾ തന്നെ സംവിധാനം ചെയ്യും എന്ന വാശിയുണ്ടായിരുന്നോ…?
അഭിപ്രായത്തിനു നന്ദി. അങ്ങനെ വാശിയൊന്നുമില്ല. എന്റെ മനസിൽ കുറേ സിനിമകളുണ്ട്. ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് മുന്പേ ആഗ്രഹിച്ചിരുന്നു. അതിന് ഒരു വലിയ ബജറ്റ് ആവശ്യമുണ്ട്. അങ്ങനെയൊരു സിനിമ നിർമിക്കാൻ ആരും തയാറാവില്ല. കാരണം ഞാൻ അത്തരത്തിൽ ഒരു വലിയ സിനിമ ചെയ്തു തെളിയിച്ചിട്ടില്ലാത്തതുകൊണ്ടും ഈ സിനിമയ്ക്കുമുന്പു പുതുമുഖങ്ങളെ വച്ചു ചെയ്ത ഒരു സിനിമ ബോക്സോഫീസിൽ വേണ്ടത്ര ശ്രദ്ധ നേടാത്തതിനാലും കോടികൾ മുടക്കി ഒരു ആക്ഷൻപടത്തിന് ആരും വരാനിടയില്ലായിരുന്നു. അതിനാൽ എനിക്കു സാധ്യമാകുന്ന ബജറ്റിനകത്തു നിന്ന് സാധ്യമായ ആർട്ടിസ്റ്റുകളെവച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ബിജുമേനോൻ പുത്രൻ എന്ന സിനിമ കഴിഞ്ഞ് നിൽക്കുന്ന സമയം മുതൽ തുടങ്ങിയതാണു ഞങ്ങൾ തമ്മിലുള്ള ബന്ധം. ഒരു നടൻ എന്നതിനപ്പുറം ബിജുമേനോൻ എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അതാണ് ഈ സിനിമയെ മികവുറ്റതാക്കാൻ സഹായിച്ചത്.
അടുത്ത സിനിമയെക്കുറിച്ച് ആലോചന തുടങ്ങിയോ…?
ഏതാണ്ട് ഒന്നൊന്നര വർഷത്തെ അധ്വാനത്തിന്റെ ഫലമായാണ് ഈ സിനിമ ഇപ്പോൾ തിയറ്ററുകളിലെത്തിയത്. ഇനി ചെറിയ ബ്രേക്ക് എടുത്താലോ എന്ന ചിന്ത വന്നിരുന്നു. എന്നാൽ, ഫൈനൽ സ്ക്രിപ്റ്റ് എഴുതി ഷൂട്ടിലേക്കു കടക്കാം എന്ന രീതിയിൽ, ഒരു ആർട്ടിസ്റ്റിനോടു പറയാവുന്ന രീതിയിൽ ഒരു സിനിമയുടെ രൂപരേഖ ആയിട്ടുണ്ട്. അത് ഒരു ആക്ഷൻ സിനിമയാണ്. 50 കോടി മുതൽമുടക്ക് വേണ്ടിവരുന്ന സിനിമയാണ്. അതിനനുസരിച്ച് അതിൽ വലിയൊരു താരത്തിന്റെ സാന്നിധ്യം ആവശ്യമുണ്ട്. അത്രയും വലിയ ബജറ്റിൽ മലയാളത്തിൽ എനിക്ക് ഒരു സിനിമ ചെയ്യാനാകുമോ എന്നറിയില്ല.
ആ സ്ക്രിപ്റ്റിനുവേണ്ടി അജിത്തിനെ ബന്ധപ്പെടാൻ ഈ സിനിമ തുടങ്ങുന്നതിനു മുന്പു ശ്രമിച്ചിരുന്നു. രക്ഷാധികാരി ബൈജുവിന്റെ സ്ക്രിപ്റ്റിനു മുന്പേ ഞാനെഴുതിയ സ്ക്രിപ്റ്റാണത്. വാലി ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലത്ത് രണ്ടാംഭാവം എന്ന സിനിമ കഴിയുന്നതുവരെയുള്ള ഒരു കാലത്ത് ഞാനും അജിത്തുമായി നല്ല സൗഹൃദമുണ്ടായിരുന്നു. എന്റെ ആദ്യത്തെ തമിഴ് സിനിമ അജിത്തിനെ നായകനാക്കി ചെയ്യാനാണ് ഞാൻ ആലോചിച്ചിരുന്നത്. അതായിരുന്നിരിക്കണമായിരുന്നു എന്റെ ആദ്യത്തെ സിനിമ. പക്ഷേ, സിനിമാ ഇൻഡസ്ട്രിയിലുണ്ടായ സ്ട്രൈക്കും അതുമായി ബന്ധപ്പെട്ടു നിർമാതാവും അജിത്തും തമ്മിലുണ്ടായ ചില വഴക്കിന്റെയും പേരിലാണ് ആ സിനിമ അന്നു നടക്കാതെ പോയത്. പക്ഷേ അജിത്തുമായി കുറേ കാലമായി ബന്ധപ്പെടാറില്ലായിരുന്നു. ഇപ്പോൾ ഞാൻ ഒരു കഥ പറയാൻവേണ്ടി അജിത്തിനെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ എനിക്കു ചുറ്റുമതിലുകൾ കടന്ന് അന്തപ്പുരത്തിലെത്താൻ കഴിഞ്ഞില്ല.
എനിക്ക് ഒരു ആക്ഷൻപടം ചെയ്യണമെന്ന് ആദ്യംമുതലേ ആഗ്രഹമുണ്ട്. അതു കുറേക്കാലംകൊണ്ടുള്ള ആഗ്രഹമാണ്. പക്ഷേ മലയാളത്തിന്റെ ബജറ്റിൽ നിന്നുകൊണ്ട് മലയാളത്തിന്റെ ടേസ്റ്റിൽ നിന്നുകൊണ്ട് ഒരു ആക്ഷൻപടം ചെയ്യാൻ എനിക്കു വളരെ പ്രയാസമുണ്ടായിരുന്നു. നാട്ടിൻപുറത്തിന്റെ ഒരു കുഞ്ഞു കഥ ചെയ്യാനാണെങ്കിൽ ഒരുപാടുപേർ അതു നിർമിക്കാൻ മുന്നോട്ടുവരും. പക്ഷേ ഒരു ആക്ഷൻ പടം ചെയ്യാൻ മുന്നോട്ടുവന്നാൽ നിങ്ങൾ മലയാളിക്കു നല്ല കോമഡി പടം ചെയ്യുന്ന ആളല്ലേ, നിങ്ങളെന്തിനാണ് ആക്ഷൻപടം ചെയ്യുന്നതെന്നു ചോദിക്കുന്ന ഒരവസ്ഥയുണ്ടാവും. എപ്പോഴും നമ്മൾ മുന്പേ ചെയ്ത കാര്യം തന്നെ ചെയ്യാൻ ആളുകൾ നിർബന്ധിച്ചുകൊണ്ടേയിരിക്കും. പുതിയ കാര്യങ്ങൾ ചെയ്യാൻ നോക്കുന്പോൾ ആളുകൾ വിശ്വാസം പ്രകടിപ്പിക്കില്ല. ഇനിയും ഇതുപോലെയുള്ള നല്ല രസകരായ കോമഡി ചിത്രങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നാണ് ഒരു ടെലിവിഷൻ അഭിമുഖത്തിനൊടുവിൽ എനിക്കു കിട്ടിയ ആശംസ.
ഞാൻ ഒരു മീശമാധവൻ ചെയ്തതോടെ നിങ്ങൾ തുടർന്നും അങ്ങനെതന്നെ ചെയ്താൽ മതി എന്ന അവസ്ഥയായിരുന്നു. ഇയാൾ എന്തിനാണു സീരിയസ് സിനിമ ചെയ്യുന്നത് എന്നാണു ഫോട്ടോഗ്രഫർ ചെയ്തപ്പോൾ അളുകൾ ചോദിച്ചത്. വീണ്ടും കോമഡി ചെയ്യുന്ന സമയത്ത് ആളുകളെല്ലാം കൂടി കയ്യടിക്കുകയാണ്. ആക്ഷൻ സിനിമ ചെയ്യാൻ നല്ല പ്രൊഡ്യൂസറും നല്ല ബജറ്റും അതിനു തയാറായി ഒരു ആർട്ടിസ്റ്റും- വലിയ സ്റ്റാർ തന്നെ വേണം. അത് അത്ര എളുപ്പമല്ല. ഒരുപക്ഷേ ഇപ്പോൾ രക്ഷാധികാരി ഹിറ്റ് ആയതിനാൽ ചിലപ്പോൾ ഏതെങ്കിലും ഒരു ആർട്ടിസ്റ്റ് അതിനു തയാറായി വന്നാൽ ചിലപ്പോൾ അതു സാധ്യമായെന്നും വരാം.
ടി.ജി.ബൈജുനാഥ്