ന്യൂഡൽഹി: മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തിയ സംഭവത്തിനു ശേഷം വീണ്ടും സുപ്രീം കോടതിയിൽ അസാധാരണ സംഭവവികാസങ്ങൾ. അവധി മാറ്റിവച്ച് അടിയന്തര സിറ്റിംഗ് നടത്തുകയാണെന്ന് സുപ്രീം കോടതിയുടെ അറിയിപ്പ്. പൊതുതാൽപര്യമുള്ള പ്രധാന വിഷയം പരിഗണിക്കുന്നതായി സുപ്രീം കോടതി നോട്ടീസിൽ അറിയിച്ചു.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സിറ്റിംഗ് നടത്തുന്നത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റിംഗ് നടത്തുന്നതെന്നും അറിയിപ്പിൽ പറയുന്നു.
എന്നാൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗീക ആരോപണ പരാതിയിലാണ് അടിയന്തര സിറ്റിംഗ് നടക്കുന്നതെന്നാണ് സ്ഥിതീകരിക്കാത്ത വിവരം. സുപ്രീം കോടതിയിലെ ജീവനക്കാരിയാണ് ചീഫ് ജസ്റ്റീസിനെതിരെ ആരോപണം ഉന്നയിച്ചത്. ചീഫ് ജസ്റ്റീസിന്റെ വസതിയിൽവച്ച് അദ്ദേഹം തന്നോട് മോശമായി പെരുമാറിയെന്നാണ് ജീവനക്കാരിയുടെ പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെ മുഴുവൻ ജഡ്ജിമാർക്കും അവർ തെളിവ് സഹിതം സത്യവാങ്മൂലം നൽകിയിരുന്നു. ഓൺലൈൻ മാധ്യമം വാർത്ത റിപ്പോർട്ട് ചെയ്തതോടെയാണ് പുറലോകം ഇക്കാര്യം അറിയുന്നത്. പരാതിക്കാരിയായ ജീവനക്കാരിയെ ജോലിയിൽനിന്നും പിരിച്ചുവിട്ടതായും ഈ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.