ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത്.
സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിൽ ആളുകൾ എങ്ങനെ വിശ്വസിക്കുമെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. രാജ്യസഭാംഗമാകാനുള്ള ക്ഷണം ഗൊഗോയി നിരസിക്കുമെന്നാണ് കരുതുന്നത്.
ക്ഷണം സ്വീകരിച്ചാൽ നീതിന്യായ വ്യവസ്ഥയുടെ സൽപേരിന് കളങ്കമുണ്ടാകുമെന്നും വിമത ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ പറഞ്ഞു.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാലയും ആം ആദ്മി നേതാവ് രാഘവ് ചദ്ദയും ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെതിരേ രൂക്ഷ വിമർശമാണ് നടത്തിയത്.
നിലവിലുള്ള രാജ്യസഭാംഗങ്ങളിൽ ഒരാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗോഗോയിയെ രാഷ്ട്രപതി നാമനിർദേശം ചെയ്തിരിക്കുന്നത്.
സാമൂഹിക പ്രവർത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മണ്ഡലങ്ങളിൽ മികച്ച സംഭാവന നടത്തിയവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം.
ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരെ വാർത്താസമ്മേളനം വിളിച്ച നാല് ജഡ്ജിമാരിൽ ഒരാളായിരുന്ന ഗൊഗോയ്.
ചീഫ് ജസ്റ്റിസ് ആകുന്നതിന് മുൻപ് പല കേസുകളിലും കേന്ദ്രത്തിനെതിരെ കർശന നിലപാട് എടുത്തിരുന്ന ഗൊഗൊയ്, ചീഫ് ജസ്റ്റിസ് ആയതോടെ കേന്ദ്രത്തിന് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന ആരോപണമുയർന്നു.
റഫേൽ കേസിലും അയോധ്യ കേസിലും വിധി പറഞ്ഞതും ഇദേഹമായിരുന്നു.
കേന്ദ്രം എതിർകക്ഷിയായിട്ടുള്ള കേസുകളിൽ മുദ്രവച്ച കവറിൽ രേഖകൾ സ്വീകരിക്കുന്നത് പതിവാക്കി. ലൈംഗിക ആരോപണം നേരിട്ട ആദ്യ ചീഫ് ജസ്റ്റിസാണ് ഗൊഗോയ്.
ആഭ്യന്തര അച്ചടക്ക സമിതി ഗൊഗോയിക്ക് ക്ലീൻ ചിറ്റ് നൽകിയെങ്കിലും ജീവനക്കാരിയുടെ പരാതി നിലനിൽക്കുകയാണ്. ഗൊഗോയ് വിരമിച്ചതിനു പിന്നാലെ ഇവരെ ജോലിയിൽ തിരിച്ചെടുത്തിരുന്നു.
സുപ്രീംകോടതി കൊളീജിയത്തിന്റെ പല ജുഡീഷ്യൽ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും വിവാദമായി.
അയോധ്യാ കേസിൽ മാരത്തണ്‍ വാദം നടത്തി 134 വർഷത്തെ നിയമയുദ്ധത്തിൽ അന്തിമതീർപ്പ് കൽപ്പിച്ചു. ചീഫ് ജസ്റ്റിസ് ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ ചരിത്രവിധിയും പുറപ്പെടുവിച്ചു.
ഒടുവിൽ ശബരിമല കേസിലും ഉത്തരവ് പറഞ്ഞതിന് ശേഷമാണ് രഞ്ജൻ ഗൊഗൊയ് പദവി ഒഴിഞ്ഞത്.