ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതി രാജ്യത്തെ ഒരു ഉന്നത കോർപ്പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്ന് ജസ്റ്റീസ് എ.കെ പട്നായിക് സമിതി കണ്ടെത്തിയതായി റിപ്പോർട്ട്.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സ്ഥാപനത്തിന്റെ ചില കേസുകളിൽ അനുകൂലമായ വിധി നേടിയെടുക്കാൻ കെട്ടിച്ചമച്ചതാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള പീഡന പരാതിയെന്ന് ഇക്കാര്യം അന്വേഷിച്ച ജസ്റ്റീസ് പട്നായിക് സമിതി കണ്ടെത്തിയതായിട്ടാണ് വിവരം.
സുപ്രീംകോടതിയാണ് ചീഫ് ജസ്റ്റീസിനെതിരെ വിവാദമായ ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ ജസ്റ്റീസ് എ.കെ. പട്നായിക്ക് സമിതിയെ നിയോഗിച്ചത്. ചീഫ് ജസ്റ്റീസിനെതിരെ ഗൂഢാലോചന നടന്നുവെന്നതിനുള്ള തെളിവുകൾ ജസ്റ്റീസ് എ.കെ. പട്നായിക്കിന് ലഭിച്ചെന്നാണു വിവരം. ജസ്റ്റീസ് എ.കെ. പട്നായിക്ക് തന്റെ റിപ്പോർട്ട് അടുത്ത മാസം സുപ്രീംകോടതിയിൽ സമർപ്പിക്കും.
ഗൂഢാലോചനയെ പറ്റി വിശദമായ അന്വേഷണം നടത്താൻ സിബിഐ, ഐബി, പോലീസ് എന്നീ ഏജൻസികളെ ചുമതലപ്പെടുത്തണമെന്ന് ജസ്റ്റീസ് എ.കെ. പട്നായിക്ക് ശിപാർശ ചെയ്തേക്കും.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗിക പരാതി നേരത്തെ ജസ്റ്റീസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. പരാതിയിൽ കഴന്പില്ലെന്ന് സമിതി കണ്ടെത്തുകയും ചെയ്തു. തെളിവെടുപ്പിനായി രണ്ടു തവണയാണ് പരാതിക്കാരിയായ യുവതി ഹാജരായത്. ആഭ്യന്തരസമിതിയുടെ പ്രവർത്തനം സുതാര്യമല്ലെന്ന് ആരോപിച്ച് തുടർന്നുള്ള സിറ്റിംഗിൽ നിന്ന് യുവതി വിട്ടുനിൽക്കുകയായിരുന്നു.