മലയാള സിനിമയിലെ സകലകലാ വല്ലഭന്മാരിലൊരാളാണ് രണ്‍ജി പണിക്കര്‍. തിരക്കഥാകൃത്തായി സിനിമയിലെത്തിയ രണ്‍ജി പിന്നീട് സംവിധായകനും നിര്‍മാതാവുമായി.
ഇപ്പോള്‍ മലയാള സിനിമയിലെ തിരക്കുള്ള നടന്‍ കൂടിയാണ് അദ്ദേഹം.സൂപ്പര്‍ഹിറ്റ് സിനിമകള്‍ രചിച്ചിട്ടുള്ള രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.
ഒരുകാലത്തെ ഹിറ്റ് കോംബോകള്‍ ആയിരുന്നു രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ടും രണ്‍ജി പണിക്കര്‍ -ജോഷി കൂട്ടുകെട്ടും. മലയാളത്തിലെ ഒട്ടമിക്ക മാസ്സ് മസാല പടങ്ങളും രചിച്ചിരിക്കുന്നതും രണ്‍ജി പണിക്കര്‍ ആയിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ചെയ്ത സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് അദ്ദേഹം.
രണ്‍ജി പണിക്കരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ സക്കീര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു പ്രജ.
ഈ സിനിമയ്ക്കുവേണ്ടി താന്‍ എഴുതിയ ഡയലോഗുകള്‍ ചിത്രീകരണ സമയത്ത് മോഹന്‍ലാലിന് പറഞ്ഞുകൊടുത്തപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞതായിട്ടാണ് രണ്‍ജി പണിക്കര്‍ വെളിപ്പെടുത്തുന്നത്.
രണ്‍ജി പണിക്കരുടെ വാക്കുകള്‍ ഇങ്ങനെ…
അണ്ണാ എനിക്ക് ഡയലോഗുകള്‍ വായിച്ച് തരരുതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എനിക്ക് നിങ്ങളുടെ മീറ്ററില്‍ പറയാന്‍ കഴിയില്ല, എനിക്ക് എന്റെ മീറ്ററിലേ പറയാന്‍ കഴിയൂ എന്നും.
എന്നാല്‍ ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഡയലോഗിന്റെ പങ്‌ച്ച്വേഷന്‍ മാറിപ്പോവുമെന്ന് ഞാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ തമ്മിലുണ്ടായ ആദ്യത്തെ തിരുത്തല്‍.
പ്രജയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചിത്രീകരണ സമയത്താണ് ലാലിന് ഡയലോഗുകള്‍ പറഞ്ഞുകൊടുത്തത്. അണ്ണന്‍ ഇങ്ങനെ വായിച്ചാല്‍ ഞാന്‍ കുഴങ്ങിപ്പോവുമെന്നും ഡയലോഗ് പറയാന്‍ തനിക്ക് സാധിക്കില്ലെന്നും ലാല്‍ പറയുകയായിരുന്നു.
മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ആ ഡയലോഗിന്റെ മീറ്ററില്‍ പറയാന്‍ കഴിയുമായിരിക്കും. എന്നാല്‍ മോഹന്‍ലാലിന്റെ മീറ്റര്‍ അതല്ല.
മോഹന്‍ലാല്‍ എന്ന നടന് ഏറ്റവും ഭംഗിയായി പറയാന്‍ കഴിയുന്ന ഡയലോഗുകള്‍ രഞ്ജിത്ത് എഴുതുന്നതാണ് എന്നാണ് എന്റെ തോന്നലെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
അതേ സമയം ഡയലോഗിന്റെ കാര്യത്തില്‍ മമ്മൂട്ടിയുമായുള്ള അനുഭവവും രണ്‍ജി പണിക്കര്‍ പങ്കുവെച്ചു. പല കഥാപാത്രങ്ങള്‍ക്കും വേണ്ടി നീളന്‍ ഡയലോഗുകള്‍ എഴുതി ചെല്ലുമ്പോള്‍ അത് കടിച്ചാ പൊട്ടാത്തതാണെന്നും നീളം കൂടുതലാണെന്നും പറഞ്ഞാണ് മമ്മൂട്ടി വഴക്കിടാറുള്ളതെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു.
ചിലപ്പോള്‍ ഡബ്ബിംഗ് തിയേറ്ററില്‍ ഇരിക്കുമ്പോള്‍, എന്നാല്‍ നിങ്ങള്‍ വന്നങ്ങ് ഡബ്ബ് ചെയ്യ് എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയി ഡബ്ബ് ചെയ്തിട്ടുമുണ്ട്. എനിക്കങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് അപ്പോള്‍ മമ്മൂട്ടി പറയുമെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.