കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായി തുടരുന്ന നടന് ദിലീപിനെ സിനിമാസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിനിമാക്കാരും അല്ലാത്തവരുമായ നിരവധിയാളുകള്‍ അമ്മയുടെ നടപടിയെ ചോദ്യം ചെയ്തും ദിലീപിനെ വിമര്ശിച്ചുമൊക്കെ രംഗത്തെത്തിയിരുന്നു. നടി രഞ്ജിനിയും അമ്മയുടെ തീരുമാനത്തെ പരിഹസിച്ച് പ്രസ്താവനകള്‍ നടത്തിയിരുന്നു.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവുമായി ചേര്‍ന്നായിരുന്നു രഞ്ജിനിയുടെ പ്രതിഷേധ പ്രകടനം. മലയാള സിനിമയില്‍ ആണ്മേധാവിത്വമാണ് നടന്നു വരുന്നതെന്നും രഞ്ജിനി ആരോപിച്ചിരുന്നു.
രഞ്ജിനിയുടെ പ്രസ്താവന വിവാദമായതോടെ, താനങ്ങനെ ശക്തമായ രീതിയില്‍ ദിലീപിനെയും സംഘടനയെയും വിമര്‍ശിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിനി.
തന്റെ പ്രതിഷേധങ്ങളൊന്നും ദിലീപ് എന്ന വ്യക്തിക്ക് എതിരല്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രഞ്ജിനി പറയുന്നത്. നിരപരാധിത്വം തെളിയിക്കാതെ താന്‍ ഒരു സംഘടനയിലേക്കും തിരികെ വരില്ലെന്ന ദിലീപിന്റെ നിലപാടിനെയും രഞ്ജിനി പ്രശംസിച്ചു.
താന്‍ ഒരിക്കലും ദിലീപിന് എതിരല്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. ‘പ്രിയ സുഹൃത്തേ ഞാന്‍ താങ്കള്‍ക്ക് എതിരല്ല, പക്ഷേ വിധി വരുന്നതുവരെ നമുക്ക് കാത്തിരിക്കാം’. ഇതായിരുന്നു രഞ്ജിനിയുടെ വാക്കുകള്‍.
നിരപരാധിത്വം തെളിയാതെ സംഘടനയിലേക്ക് വരില്ലെന്ന് വ്യക്തമാക്കി ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്ന കോടതി വിധിക്കായി നമുക്ക് കാത്തിരിക്കാം.
എ.എം.എം.എയുടെ നിലപാടില്‍ എനിക്ക് നിരാശയുണ്ട്. രഞ്ജിനി വ്യക്തമാക്കി. 2014 ല്‍ പുറത്തിറങ്ങിയ ‘റിങ് മാസ്റ്റര്‍’ എന്ന സിനിമയില്‍ ദിലീപിനൊപ്പം രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവയ്ച്ചായിരുന്നു രഞ്ജിനിയുടെ കുറിപ്പ്.