നടി രഞ്ജിനിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള ഒരു ട്രോള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അധിക്ഷേപിക്കുന്നതായി തോന്നിയതുകൊണ്ട് തന്നെ അതിനുള്ള മറുപടിയും രഞ്ജിനി നല്‍കിയിരുന്നു. മോഹല്‍ലാലിന്റെയും തന്റെയും ഫോട്ടോ ഉപയോഗിച്ചുള്ള ട്രോളായിരുന്നതിനാല് അതേ നാണയത്തിലായിരുന്നു രഞ്ജിനിയുടെ മറുപടിയും. ഇപ്പോഴിതാ ആ വിഷയത്തില്‍ രഞ്ജിനി കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു.
സൂപ്പര്‍ സ്റ്റാറുകളുടെ മറവില്‍ നിന്നുകൊണ്ട് നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനും താരങ്ങള്‍ ശ്രമിക്കണമെന്നാണ് ഒരു മാധ്യമത്തോട് സംസാരിക്കവെ രഞ്ജിനി പറഞ്ഞത്. രഞ്ജിനിയുടെ വാക്കുകളിങ്ങനെ…
‘ലാലേട്ടനെ വ്യക്തിപരമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം വളരെ ആരാധ്യനായ വ്യക്തി തന്നെയാണ്. എനിക്കെതിരെയുള്ള ആ ട്രോള്‍ തന്നെ അയാളെ വച്ചാണ് വന്നത്. അതുകൊണ്ടാണ് എനിക്ക് അതേപോലെ പ്രതികരിക്കേണ്ടി വന്നത്. പക്ഷേ ഇത് അവസാനിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ലാലേട്ടന് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടനാണ്. നടന് മാത്രമല്ല എന്റെ സഹതാരവുമാണ്. അദ്ദേഹത്തോട് ഒരുപാട് ബഹുമാനമൊക്കെയുണ്ട്.
പദ്മഭൂഷണൊക്കെ കിട്ടിയത് നല്ല കാര്യമാണ്. എന്നാലും പുള്ളിക്കാരന് ഒരു ഡ്യൂട്ടിയുണ്ട്. ഒരു ആക്ടര്‍ മാത്രമല്ല ലഫ്റ്റനന്റ് കേണല്‍ ആണ് അങ്ങേര്. ലേഡീസിനെ കുറിച്ച് ഇത്തരം ട്രോളുകള്‍ വരുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ല. ഒരു ഉത്തരവാദിത്വമുണ്ട്. നടന് എന്നതിലുപരി വളരെ ഉത്തരവാദിത്വമുള്ള ഒരു പൗരനാണ് അദ്ദേഹം. ഇങ്ങനെ സ്ത്രീകളെ തരംതാഴ്ത്തിക്കെട്ടുമ്പോള്‍ വെറുതെ ലെഫ്റ്റനന്റ് കേണല്‍ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല’.
ചിത്രം എന്ന സിനിമയില്‍ നിന്നും മോഹന്‍ലാലിന്റെയും രഞ്ജിനിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച ട്രോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രഞ്ജിനി രംഗത്തെത്തുകയായിരുന്നു.