വൈക്കം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ മുഖ്യപ്രതിയായ യുവതിയും യുവതിയുടെ കൂട്ടാളിയും പോലീസ് പിടിയിലായി.
കാസർകോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിനി രഞ്ജിനി (28), ഇവരുടെ കൂട്ടാളി എരുമേലി സ്വദേശി സുബിൻ (35) എന്നിവരാണ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം വൈപ്പിൻ പുതുവൈപ്പ് തോണി പാലത്തിനു സമീപം താമസിക്കുന്ന തുറക്കൽ ജസ്ലിൻ ജോസിയെ കഴിഞ്ഞ ദിവസം വൈക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാസർകോഡ് സ്വദേശിനിയായ 28കാരി വൈക്കം വല്ലകം സ്വദേശിയായ 57 കാരനായ ഗൃഹനാഥനെ ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തല ഒറ്റപ്പുന്നയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി. പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി ഇതുപയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി.
50 ലക്ഷം രൂപ ചോദിച്ചാണ് വില പേശൽ തുടങ്ങിയതെങ്കിലും പിന്നീട് 20 ലക്ഷം രൂപ നൽകാമെന്ന് ധാരണയായതായി പോലീസ് പറഞ്ഞു. ഇതിന്റെ ആദ്യ ഗഡുവായി 1,35000 രൂപ യുവതിയും കൂട്ടരുംകൈക്കലാക്കി.
വൈക്കത്ത് വർക്ക് ഷോപ്പ് നടത്തുന്ന ഗൃഹനാഥനോട് യുവതിയുടെ കൂട്ടാളികൾ വൈക്കം ബോട്ടുജെട്ടിക്കു സമീപത്തുവച്ചു പണത്തെചൊല്ലി കലഹിച്ചതോടെയാണ് പ്രശ്നം വഷളായത്.
പിന്നീട് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഗൃഹനാഥനെ കുടുക്കിയ യുവതിക്ക് വൈക്കത്തെ ചില പ്രമുഖരായ വ്യാപാരികളടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന സൂചന പോലീസിനു ലഭിച്ചിരുന്നു.