കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യത്തിന് രഞ്ജിത്ത് ഹർജി നൽകി. താൻ അസുഖബാധിതനായി ചികിത്സയിലാണ്. പോലീസ് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലഭിനയിക്കാൻ കൊച്ചിയിലെത്തിയ ബംഗാളി നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാൾ സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.
എന്നാൽ സിനിമയിൽ അവസരം നൽകാത്തതിന്റെ നിരാശയിലാണ് തനിക്കെതിരേ പരാതിയുമായി യുവതി രംഗത്തെത്തിയതെന്ന് ഹർജിയിൽ രഞ്ജിത്ത് പറഞ്ഞു. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരും തന്നോടൊപ്പമുണ്ടായിരുന്നു എന്നും ഇയാൾ വ്യക്തമാക്കി.