സ്വന്തം ലേഖകൻ
കോഴിക്കോട്: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ഇടതുപക്ഷത്തിനായി രംഗത്തിറങ്ങുമോ? സിനിമാതാരം ധർമജൻ ബോൾഗാട്ടി കോഴിക്കോട് ബാലുശേരിയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത പുറത്തുവന്നതിനു പിറകെയാണ് ഇടതുപക്ഷം നഗരത്തിൽ പ്രമുഖനെ മത്സരിപ്പിക്കുന്നുവെന്ന സൂചന പുറത്തുവന്നത്.
കോഴിക്കോട്ടെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിത്യസാന്നിധ്യമായ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ മത്സരരംഗത്തിറങ്ങുമെന്ന കണക്കുക്കൂട്ടലിലാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ. കഴിഞ്ഞ മൂന്ന് തവണ സിപിഎമ്മിലെ എ.പ്രദീപ് കുമാർ പ്രതിനിധീകരിച്ച കോഴിക്കോട് നോർത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്.
മൂന്ന് തവണ മത്സരിച്ചവർ മത്സരത്തിൽനിന്ന് മാറിനിൽക്കണമെന്ന സിപിഎം നിർദേശം എ.പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കുകയാണെങ്കിൽ ശക്തനായ പിൻഗാമിയെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരൻകൂടിയായ രഞ്ജിത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നത്.
2011-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ സിനിമാനിർമാതാവ് പി.വി.ഗംഗാധരനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥിയായി എ.പ്രദീപ്കുമാറിനെ നേരിട്ടത്. സിനിമാരംഗത്തുനിന്നുള്ള പിന്തുണയ്ക്കായി പലരെയും മണ്ഡലത്തിലെത്തിക്കാൻ പി.വി.ഗംഗാധരൻ ശ്രമിച്ചപ്പോൾ പ്രദീപ്കുമാറിനായി രഞ്ജിത്ത് നേരിട്ട് രംഗത്തിറങ്ങിയിരുന്നു.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കോഴിക്കോട് കോർപറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയത് രഞ്ജിത്തായിരുന്നു. കോവിഡ് കാലത്ത് ഇടതുപക്ഷം നടപ്പിലാക്കിയ ഭക്ഷ്യധാന്യകിറ്റ് വിതരണത്തെ പ്രകീർത്തിച്ച് രഞ്ജിത്ത് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായും രഞ്ജിത്തിന് അടുത്തബന്ധമാണുള്ളത്. കോഴിക്കോടുവച്ച് നടന്ന പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്.
മുൻ ദേവസ്വംബോർഡ് പ്രസിഡന്റും കോഴിക്കോട് മേയറുമായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ, മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റും നാടക നടനുമായ ബാബു പറശേരി തുടങ്ങിയവരുടെ പേരുകളും കോഴിക്കോട് നോർത്തിൽ പരിഗണിക്കുന്നുണ്ട്.